ADVERTISEMENT

മുംബൈ നഗരത്തിലെ വായുനിലവാരം തീർത്തും മോശമായതോടെ പലരിലും ശ്വാസകോശ രോഗങ്ങൾ പിടിമുറുക്കുന്നു. ജലദോഷവും ചുമയുമാണു പൊതുവേ കാണുന്നത്. സുഖം പ്രാപിക്കാൻ രണ്ടാഴ്ചയിലേറെ സമയമെടുക്കുന്നതായാണു പലരുടെയും അനുഭവം. വൈറൽ അണുബാധയുടെ ലക്ഷണങ്ങളും പലർക്കുമുണ്ട്. ആസ്മ, സിഒപിഡി രോഗികൾ കൂടുതൽ പ്രയാസം അനുഭവിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ കഴിവതും മാസ്ക് ധരിക്കണമെന്നു ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്നു. പ്രായാധിക്യമോ രോഗാവസ്ഥയോ കാരണം പ്രതിരോധശേഷി കുറഞ്ഞവർ ആൾത്തിരക്ക് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. 

ശീതകാലം ആരംഭിച്ചതിനൊപ്പം വായുനിലവാരം മോശമായതാണു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിന് കാരണമായത്. പുകമഞ്ഞിനൊപ്പം പൊടിപടലങ്ങളും പെട്രോൾ, ഡീസൽ വാഹനങ്ങളുടെ പുകയും ചേർന്നതോടെ വായു ശ്വസിക്കാൻ യോഗ്യമല്ലാതായി. കോവിഡ് കാലത്തിന് ശേഷം കെട്ടിട നിർമാണമേഖല സജീവമായതും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ വർധിക്കാൻ കാരണമായി. 

വായുനിലവാരം ഏറ്റവും മോശം മസ്ഗാവിൽ

നഗരത്തിലെ വായുനിലവാരം ‘വളരെ മോശം’ എന്ന ഗണത്തിൽ. മഞ്ഞുകാലമെത്തിയതോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കെട്ടിക്കിടക്കുന്നതാണു സ്ഥിതി മോശമാകാൻ കാരണം. വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്ന എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്സ്) കഴിഞ്ഞ ദിവസം 309 ആണു രേഖപ്പെടുത്തിയത്. 200നു മുകളിലാണെങ്കിൽ ‘മോശം’ എന്ന ഗണത്തിലും, 300നു മുകളിലാണെങ്കിൽ ‘വളരെ മോശ’മായുമാണ് കണക്കാക്കുന്നത്. മസ്ഗാവ്, ചെമ്പൂർ എന്നിവിടങ്ങളിലാണു വായുനിലവാരം ഏറ്റവും മോശം സ്ഥിതിയിലുള്ളത്. മസ്ഗാവിൽ ഇത് 385 വരെ ഉയർന്നിരിക്കുകയാണ്. ചെമ്പൂരിൽ 347, ബികെസി 328 എന്നിങ്ങനെയാണു നില.

വായുനിലവാരം മോശമായതു നഗരത്തിൽ ഹെലികോപ്റ്ററുകളുടെ യാത്ര മുടക്കുന്നു. മലിനീകരണത്തെ തുടർന്നുള്ള പുകപടലങ്ങൾ ദൂരക്കാഴ്ച ദുഷ്കരമാക്കിയതാണ് ഹെലികോപ്റ്ററുകളുടെ യാത്രയെ ബാധിക്കുന്നത്. ഡോ.അംബേദ്ക്കറുടെ സമാധിദിനത്തിൽ ദാദറിലെ ചൈത്യഭൂമിയിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തുക പതിവാണ്. എന്നാൽ, ചൊവ്വാഴ്ചത്തെ അന്തരീക്ഷ മലിനീകരണം മൂലം അതു നടന്നില്ല.

ജുഹു വിമാനത്താവളത്തിൽ നിന്ന് കടലിൽ ഒഎൻജിസിയുടെ എണ്ണഖനന മേഖലയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെയും മോശം കാലാവസ്ഥ ബാധിക്കുന്നുണ്ട്. പൈലറ്റുമാർ ഏറെ ജാഗ്രത പാലിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു. ജുഹു എയ്റോഡ്രോമിൽ നിന്ന് പ്രവർത്തിക്കുന്ന ബോംബെ ഫ്ലൈയിങ് ക്ലബ്ബിനും ഹെലികോപ്റ്റർ ഉപയോഗിക്കാനാവുന്നില്ല. പ്രതിദിനം 5-6 മണിക്കൂർ ഹെലികോപ്റ്റർ പറത്തുന്ന തങ്ങൾക്ക് കേവലം 2 മണിക്കൂർ മാത്രമേ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയുന്നുള്ളൂവെന്ന് അമൻ ഏവിയേഷൻ അധികൃതർ പറഞ്ഞു. മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും തുടരുന്ന റോഡ് പണികളും കെട്ടിട നിർമാണവും അന്തരീക്ഷത്തിൽ വൻ തോതിൽ പൊടിപടലം നിറയ്ക്കുകയാണെന്നു സന്നദ്ധസംഘടനകൾ ആരോപിക്കുന്നു.

English Summary: Mumbai’s Air Quality Slips to ‘Very Poor’ Category; Mazgaon, Chakala, Andheri and Mulund Worst-Hit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com