ADVERTISEMENT

ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഉള്ള നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈയും. ജനുവരി 29 മുതൽ ഫെബ്രുവരി എട്ട് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ സ്വിസ് എയർ ട്രാക്കിങ് ഇൻ‍ഡക്സ് പുറത്തുവിട്ട ലിസ്റ്റിലാണ് ഏറ്റവും മലിനീകരണമുള്ള നഗരങ്ങളുടെ ഗണത്തിൽ മുംബൈ രണ്ടാംസ്ഥാനത്താണെന്ന വിവരമുളളത്. മോശം വായുനിലവാരം ഉള്ള നഗരങ്ങളുടെ ഗണത്തിൽ രാജ്യാന്തരതലത്തിൽ  പാകിസ്ഥാനിലെ ലഹോറാണ് ഒന്നാംസ്ഥാനത്ത്.

വായുമലിനീകരണത്തിൽ ഡൽഹിയെയും മറികടന്ന് മുംബൈ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണെന്നതും ആശങ്ക സൃഷ്ടിക്കുന്നു. മഹാനഗരത്തിൽ വലിയതോതിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളാണ് മലിനീകരണം രൂക്ഷമാകാൻ പ്രധാനകാരണം. തണുപ്പുകാലം നീളുകയും മഞ്ഞിന് കട്ടികൂടുകയും ചെയ്തതോടെ കാറ്റിന്റെ ശക്തി കുറഞ്ഞു. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്. ഇപ്പോൾ ചൂടുകാലം തുടങ്ങിയിട്ടും രാത്രി തണുപ്പു തുടരുന്നതും വായുനിലവാരം മോശമായി തുടരാൻ ഒരു കാരണമാണ്.

എല്ലാ മേഖലകളിലും മെട്രോ നിർമാണം പുരോഗമിക്കുന്നു. ട്രാൻസ് ഹാർബ് ലിങ്ക്, തീരദേശ റോഡ് എന്നിവയുമായി ബന്ധപ്പെട്ട് തീരമേഖലകളിലും പൊടിപടലങ്ങളാണ്. പലയിടങ്ങളിലും മേൽപാലങ്ങളും റോഡ് കോൺക്രീറ്റിങ്ങുമുണ്ട്. നവിമുംബൈ വിമാനത്താവളനിർമാണവുമായി ബന്ധപ്പെട്ട് മല ഇടിച്ചുനിരത്തൽ തുടരുന്നതിനാൽ മേഖലയിലൊന്നാകെ പൊടിപടലങ്ങളാണ്. വായുമലിനീകരണം അനുദിനം മോശമായതോടെ മുംബൈയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

മോശം വായുനിലവാരത്തിന്റെ കാര്യത്തിൽ ജനുവരി 29നാണ് മുംബൈ ലോകത്ത് ആദ്യപത്തിലെത്തുന്നത്. പിന്നീട് ഓരോ ദിവസവും എയർ ക്വാളിറ്റി ഇൻഡക്സിൽ മോശം ഗണമായ 200നും 300നും ഇടയിൽ വായുനിലവാരം തുടരുകയായിരുന്നു. ഫെബ്രുവരി 2 ന് ആണ് മുംബൈ ആദ്യമായി രണ്ടാം സ്ഥാനത്ത് എത്തുന്നത്. പിന്നീട് ഏതാനും ദിവസങ്ങളിലും  ഈ സ്ഥാനത്ത്  തുടരുകയായിരുന്നു. ഇന്നലെയും മോശം ഗണത്തിൽ വരുന്ന 200 ആണ് മുംബൈ നഗരത്തിലെ വായുനിലവാരം. സബേർബൻ മേഖലകളിൽ 336 ആണ് വായുനിലവാരം. ഏറ്റവും മോശം എന്ന ഗണത്തിലാണ് ഇത് വരുന്നത്.

പ്രഖ്യാപനങ്ങൾ കാറ്റിൽ

വായുമലിനീകരണം നിയന്ത്രിക്കാൻ ബിഎംസി ബജറ്റിൽ എയർക്വാളിറ്റി പ്യൂരിഫയർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരത്തിൽ  നടക്കുന്ന അനിയന്ത്രിതമായ നിർമാണ പ്രവർത്തനങ്ങളാണ് സ്ഥിതി മോശമാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. നിർമാണപ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ടു വരാതെ മലിനീകരണ തോത് കുറയ്ക്കാൻ സാധിക്കില്ലെന്നാണ് നഗരവാസികൾ പറയുന്നത്.

മോശം നഗരങ്ങൾ

∙  ലഹോർ

∙  മുംബൈ

∙  കാബൂൾ

English Summary: Mumbai second-most polluted in weekly world ranking, Delhi not among worst 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com