ADVERTISEMENT

1952 ഡിസംബർ 5. തെളിഞ്ഞ ആകാശവുമായാണ് ലണ്ടൻ നഗരം അന്ന് ഉറക്കമുണർന്നത്. ഡിസംബറിന്റെ നല്ല തണുപ്പ് അന്തരീക്ഷത്തിൽ നിലനിന്നിരുന്നു. തണുപ്പിനെ അകറ്റാൻ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ കൽക്കരി നെരിപ്പോടുകൾ പുകഞ്ഞു. ദിവസം കുറച്ചു പിന്നിട്ടതോടെ നഗരത്തിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞു പരക്കാൻ തുടങ്ങി. ബിഗ് ബെൻ, ലണ്ടൻ ബ്രിജ് തുടങ്ങിയടത്തെല്ലാം ഇതു പരന്നു. ആളുകൾക്ക് അത്ര അസ്വാഭാവികതയൊന്നും തോന്നിയില്ല. ലണ്ടനിൽ മൂടൽമഞ്ഞൊക്കെ സാധാരണമാണ്, പ്രത്യേകിച്ചും ഡിസംബർ മാസത്തിൽ.

 

താമസിയാതെ മഞ്ഞിന്റെ നിറംമാറിത്തുടങ്ങി. മഞ്ഞകലർന്ന ബ്രൗൺ നിറം അതിനു കൈവന്നു. ഫാക്ടറികളിൽ നിന്നുള്ള പുകയും കരിയും ഇതിൽ കലർന്നതോടെയാണ് ഇത്. വായുവിന് രൂക്ഷമായ ഗന്ധവും ഉടലെടുത്തു തുടങ്ങി. ചീമുട്ടയുടെ മാതിരി ഗന്ധം. വായുവിൽ കലർന്ന സൾഫർ കണികകളായിരുന്നു ഇതിനു കാരണം. കാലാവസ്ഥാപരമായ ചില സവിശേഷതകൾ കാരണം ഈ പുകമഞ്ഞ് മുകളിലേക്ക് ഉയർന്നു പൊങ്ങിയില്ല. കാറ്റ് അടിക്കാത്തതിനാൽ അതു പോകാനും കൂട്ടാക്കിയില്ല. താമസിയാതെ കടുത്ത പുകമഞ്ഞ് ഉടലെടുത്തു. പുകമഞ്ഞ് ലണ്ടനിൽ പുതിയ കാര്യമല്ലെങ്കിലും ഇത് രൂക്ഷമായിരുന്നു. ലണ്ടനിലെ ഭൂഗർഭ മെട്രോ ഒഴിച്ചുള്ള ഗതാഗത സംവിധാനങ്ങളെയെല്ലാം ഇതു സ്തംഭിപ്പിച്ചു. പുകമഞ്ഞു മൂലം റോഡ് കാണാൻ സാധിക്കാതെയായതോടെ ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കാൻ വിഷമിച്ചു. വിമാനങ്ങൾ പറത്തിയില്ല. ട്രെയിനുകൾ റദ്ദാക്കപ്പെട്ടു. വെളിയിലിറങ്ങി നടന്നവരിൽ പലർക്കും ശ്വാസംമുട്ടലും വലിവും സംഭവിച്ചു. 

 

തിരിച്ചുവീട്ടിലെത്തിയവർ കൽക്കരിഖനികളിലെ ജോലിക്കാരെ പോലെ  കരിയും പുകയുമേറ്റിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് അവധി നൽകി. മോഷണവും പിടിച്ചുപറിയുമൊക്കെ വർധിച്ചു. കലാ കായിക മത്സരങ്ങളും റദ്ദ് ചെയ്യുകയും മറ്റും ചെയ്തു. നാലായിരത്തിലധികം പേർ ഈ പുകമഞ്ഞുമായി ബന്ധപ്പെട്ടുള്ള ശ്വാസകോശപ്രശ്നങ്ങൾ കാരണം മരിച്ചെന്നാണ് കണക്ക്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടായിരുന്നു പ്രശ്നം. പല പക്ഷികളും കെട്ടിടങ്ങളുടെ ഭിത്തിയിൽ ഇടിച്ചുതാഴെവീണു. ദി ഗ്രേറ്റ് സ്മോഗ് ഓഫ് 1952 എന്ന പേരിലാണ് ഈ പുകമഞ്ഞുദുരന്തം അറിയപ്പെടുന്നത്. ദി ക്രൗൺ എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ഈ സംഭവം പ്രതിപാദിക്കുന്നുണ്ട്. വിസിബിലിറ്റി, ദ ടാൾ സ്ട്രേഞ്ചർ തുടങ്ങിയ നോവലുകളും ഇതിനെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ്.

 

English Summary:  In 1952 London, 4000 people died from smog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com