ADVERTISEMENT

ഇന്ന് ലോക സമുദ്രദിനം. ഓരോ സമുദ്രദിനവും കടന്നുപോകുന്നത് ഭൂമിയിൽ ഏറ്റവും കൂടുതൽ വ്യാപിച്ചുകിടക്കുന്ന സമുദ്രമേഖലയുടെ പരിസ്ഥിതി ആരോഗ്യം സംരക്ഷിക്കാനുള്ള ഓർമപ്പെടുത്തൽ സന്ദേശം നൽകിയാണ്. സമുദ്രമലിനീകരണം പലതരത്തിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ മലിനീകരണം പ്ലാസ്റ്റിക് (Plastic) മൂലമാണ്. സമുദ്രങ്ങളി‍ൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് അടിഞ്ഞുകിടക്കുന്ന 5 മേഖലകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് (Great Pacific garbage patch). 16 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ളതാണ് ഇത്. 

ഫ്രാൻസിന്റെ (France) മൂന്നു മടങ്ങ് വിസ്തീർണമുണ്ട് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ചിന്. കലിഫോർണിയ, ഹവായ് തീരങ്ങളുടെ മധ്യത്തിലായാണു ഇതു സ്ഥിതി ചെയ്യുന്നത്. ഈസ്റ്റേൺ ഗാർബേജ് പാച്ച്, വെസ്റ്റേൺ ഗാർബേജ് പാച്ച് എന്നിങ്ങനെ രണ്ട് ഭാഗങ്ങൾ ഈ മേഖലയ്ക്കുണ്ട്. ചൈന, ഇന്തൊനീഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഈ പാച്ചിലേക്ക് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം വരുന്നതെന്ന് ഗവേഷകർ പറയുന്നു.

സമുദ്രത്തിലെ ചാക്രിക രീതിയിൽ ചലിക്കുന്ന ഒഴുക്കുകളായ ഗൈറുകളാണ് (gyre) ഇത്തരം ഗാർബേജ് പാച്ചുകളുണ്ടാകുന്നതിനു കാരണമാകുന്നത്. ഗൈറുകൾ പ്ലാസ്റ്റിക്കുകൾ ഓരോ മേഖലയിൽ അടിയുന്നതിനു കാരണമാകും. സമുദ്രത്തിലേക്കു പ്രതിവർ‌ഷം 11.5 ലക്ഷം മുതൽ 24.1 ലക്ഷം ടൺ പ്ലാസ്റ്റിക് എത്തുന്നുണ്ടെന്നാണു കണക്ക്. ഇതിൽ പകുതിയിലേറെ പ്ലാസ്റ്റിക് പൊങ്ങിക്കിടക്കും.

twitter-pacefic
(Photo: Twitter/@RebeccaRHelm)

ഗാർബേജ് പാച്ച് എന്നു കേൾക്കുമ്പോൾ നാട്ടിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുന്ന സ്ഥലം പോലെ മനസ്സിൽ തോന്നുമെങ്കിലും ഇതല്ല സ്ഥിതി. ചിലയിടങ്ങളിൽ മാലിന്യങ്ങൾ കാണാനേ സാധിച്ചില്ലെന്നും വരും. മൈക്രോപ്ലാസ്റ്റിക്കുകൾ (Microplastic) കിടക്കുന്ന മേഖലകളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് പസിഫിക്കിലെ വിദൂരമേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇങ്ങോട്ടേക്ക് എത്താൻ വലിയ പാടാണ്. ഇതുമൂലം  മേഖലയെക്കുറിച്ചു പഠിക്കുന്നതിനു ഗവേഷകർക്കു ബുദ്ധിമുട്ടുണ്ട്.

കടലിലെ ജലജീവികൾക്ക് വലിയ പ്രശ്നങ്ങൾ ഗാർബേജ് പാച്ച് സൃഷ്ടിക്കുന്നുണ്ട്. ഇതിലെ പ്ലാസ്റ്റിക് ശേഖരത്തിൽ നല്ലൊരു പങ്കും മീൻപിടിത്ത വലകളാണ്. ഗോസ്റ്റ് നെറ്റ് എന്നറിയപ്പെടുന്ന ഈ മീൻപിടിത്ത വലകൾ മീനുകളെ പിടിച്ചുകൊണ്ടേയിരിക്കും.

ഉലയുന്നത് സമുദ്ര സന്തുലിതാവസ്ഥ

കരയിലെ മൃഗങ്ങളെക്കാൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന ജീവികളാണു സമുദ്രജീവികൾ. ഇക്കൂട്ടത്തിൽ തന്നെ തിമിംഗലങ്ങൾ (Whales) ഈ പ്രതിസന്ധിയാൽ വളരെയേറെ ബാധിക്കപ്പെട്ട ജീവികളാണ്. 2019ൽ വയറ്റിൽ 40 കിലോയിലധികം പ്ലാസ്റ്റിക്കുമായി ഒരു തിമിംഗലം ഫിലിപ്പൈൻസിലെ ഒരു കടപ്പുറത്തടിഞ്ഞതിന്റെ വാർത്ത വളരെയേറെ ശ്രദ്ധ നേടിയിരുന്നു. അതേവർഷം തന്നെ സ്കോട്‌ലൻഡിലെ തീരത്തടിഞ്ഞ ഒരു തിമിംഗലത്തിന്റെ വയറ്റിൽ നിന്നു കണ്ടെത്തിയത് 100 കിലോ പ്ലാസ്റ്റിക്കാണ്. തിമിംഗലങ്ങൾ ലോക പരിസ്ഥിതി രംഗത്തെ നിർണായകമായ കണ്ണികളാണ്. തിമിംഗലങ്ങളെ സംരക്ഷിച്ചാലേ സമുദ്ര ആരോഗ്യത്തിന്റെ സംരക്ഷണം സാധ്യമാകൂ എന്നു ഡോക്ടർമാർ പറയുന്നു. 

garbage-patch
(Photo: Twitter/@EarthOptimism)

തിമിംഗലങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നാലുതരത്തിലെ പ്ലാസ്റ്റിക് വസ്തുക്കളാണെന്ന് 2016ൽ ഒരു ഗവേഷണത്തിൽ ശാസ്ത്രജ്‍ഞർ കണ്ടെത്തിയിരുന്നു. മീൻവലകളാണ് ഇതിൽ പ്രധാനം. പ്ലാസ്റ്റിക് ബാഗുകൾ രണ്ടാംസ്ഥാനത്തുണ്ട്. ബലൂണുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ ഉൾപ്പെടും.

തിമിംഗലങ്ങൾ മാത്രമല്ല, ഏഴുന്നൂറിലധികം സമുദ്രജീവികൾ പ്ലാസ്റ്റിക്കിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നുണ്ടെന്നു വിദഗ്ധർ പറയുന്നു.

English Summary: What Is The Great Pacific Garbage Patch?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com