sections
MORE

ജീവനറ്റ കുഞ്ഞിനെയും കൊണ്ടു നീന്തുന്ന അമ്മ ഡോള്‍ഫിന്‍; നൊമ്പരപ്പെടുത്തുന്ന കാഴ്ച!

Dolphin Seen Carrying the Body of her Dead Calf
SHARE

ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് തന്റെ ജീവനറ്റ കുഞ്ഞിനെയും കൊണ്ട് മൂന്ന് ആഴ്ചയോളം നീന്തിയ ഓര്‍ക്ക തിമിംഗലം ലോകത്തിനു നൊമ്പരമായത്. ഇപ്പോള്‍ സമാനമായ കാഴ്ചയ്ക്കു സാക്ഷ്യം വഹിക്കുകയാണ് പസിഫിക് വീണ്ടും. ന്യൂസീലന്‍ഡ് തീരത്തിനു സമീപമാണ് ഈ ഡോള്‍ഫിന്‍ അമ്മയേയും കുഞ്ഞിനേയും കണ്ടെത്തിയത്. തിമിംഗലങ്ങളും ഡോള്‍ഫിനുകളും ഉള്‍പ്പടുന്ന സമുദ്രത്തിലെ സസ്തനി സമൂഹം കുട്ടികള്‍ക്ക് ജീവൻ നഷ്ടമായാൽ ചെയ്യുന്ന പൊതു രീതിയാണോ ഇത് എന്ന സംശയത്തിലേക്കു പോലും ഗവേഷക സമൂഹം ഇതിനകം എത്തിച്ചേര്‍ന്നിട്ടുണ്ട്.

കണ്ടു നില്‍ക്കുന്ന ആരുടെയും മനസ്സില്‍ സങ്കടം നിറയ്കക്കുന്നതാണ് ഡോള്‍ഫിന്‍റെ ചെയ്തികള്‍. ചുമന്നു കൊണ്ടു നീന്തുന്ന തന്‍റെ കുട്ടിയെ ഇടക്കിടെ ഡോള്‍ഫിന്‍ വെള്ളത്തിലേക്ക‌ിടും. തുടര്‍ന്ന് അതിനെ നീന്താന്‍ പ്രോത്സാഹിപ്പിക്കുകയും, നീന്താന്‍ ആവശ്യപ്പെട്ട് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും. തുടര്‍ന്ന് കുഞ്ഞിനെ ഒന്നു വലം വച്ചശേഷം വീണ്ടും മുകളിലേറ്റി നീന്താന്‍ തുടങ്ങും. ഇങ്ങനെ കുഞ്ഞിനെ വെള്ളത്തിലേക്കിടുന്ന സമയത്ത് മറ്റ് ഡോള്‍ഫിനുകള്‍പോലും  അമ്മ ഡോള്‍ഫിന് ആവശ്യമായ സമയവും സ്വാതന്ത്ര്യവും നല്‍കി കൂട്ടത്തില്‍ നിന്നു മാറിപ്പോകും. തുടര്‍ന്ന് നീന്തല്‍ പുനരാരംഭിക്കുമ്പോള്‍ തിരിച്ചെത്തി നിശ്ചിത അകലത്തില്‍ അമ്മയ്ക്കൊപ്പം നീന്തും. 

പഠനം പിന്നെ, ആദ്യം ഡോള്‍ഫിന് സമാധാനം നല്‍കും

സമുദ്രത്തിലെ സസ്തനികളുടെ കുട്ടികള്‍ക്ക് ജീവൻ നഷ്ടപ്പെടുമ്പോഴുള്ള പെരുമാറ്റത്തെക്കുറിച്ചു പഠനം നടത്തണമെന്ന ആശയം ഉയര്‍ന്നെങ്കിലും ഉടനെ ആരും ഇറങ്ങി പുറപ്പെടില്ല. കുട്ടി മരിച്ച ഡോള്‍ഫിനെ പഠനത്തിന്‍റെ പേരില്‍ ശല്യപ്പെടുത്തേണ്ട എന്നാണ് ന്യൂസീലൻഡ് പരിസ്ഥിതി വകുപ്പിന്‍റെ തീരുമാനം. തീരത്തോടു ചേര്‍ന്നാണ് ഡോള്‍ഫിന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ വേനല്‍ക്കാല അവധി മൂലമുള്ള ബീച്ചുകളിലെ തിരക്ക് അമ്മ ഡോള്‍ഫിനു ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാമെന്ന് ഇവര്‍ സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ ഡോള്‍ഫിനെ കാണപ്പെടുന്ന പ്രദേശത്തു സന്ദര്‍ശകരെ നിയന്ത്രിക്കാനും പരിസ്ഥിതി വകുപ്പു തീരുമാനിച്ചിട്ടുണ്ട്.

അമ്മ അഗാധമായ ദു:ഖത്തിലാണ്, അതിന് ഇപ്പോഴത്തെ അവസ്ഥ മറികടക്കാന്‍ തന്‍റേതായ സ്ഥലവും സമയവും ആവശ്യമാണ്. തീരത്തോടു ചേര്‍ന്നു നീന്തുന്നതിനാല്‍ അധികം ശല്യങ്ങളില്ലാതെ ഡോള്‍ഫിനെ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടത് നമ്മുടെ കടമയാണെന്നും പരിസ്ഥിതി വിഭാഗം സീനിയര്‍ റേഞ്ചര്‍ കാതറിന്‍ പീറ്റേഴ്സ് പൊതുജനങ്ങള്‍ക്കുള്ള പ്രസ്താവനയില്‍ പറയുന്നു. 

സമുദ്ര സസ്തനികളുടെ രീതികള്‍

മരിച്ച കുട്ടിയോട് ചൂളം വിളിച്ചും മറ്റു ശബ്ദങ്ങളുണ്ടാക്കിയും ഈ അമ്മ ഡോള്‍ഫിന്‍ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ തന്‍റെ മുതുകിലും മുന്‍വശത്തും കുട്ടിയെ ഇടയ്ക്കിടെ മാറി ചുമക്കുകയും ചെയ്യുന്നു. ഇതെല്ലാം സമുദ്രത്തിലെ സസ്തനി വിഭാഗത്തില്‍ പെട്ട ജീവികളുടെ ജീവൻ നഷ്ടപ്പെട്ടവരോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. ആദ്യം പറഞ്ഞ ഓര്‍ക്ക തിമിംഗലത്തെയും ഡോള്‍ഫിന്‍ അമ്മയേയും കൂടാതെ മുന്‍പും പല തിമിംഗലങ്ങളിലും സമാനമായ പ്രവൃത്തി നിരീക്ഷിച്ചിട്ടുണ്ട്. 2015 ല്‍ പോര്‍ച്ചുഗല്‍ തീരത്തും 2017 ല്‍ ഗ്രീസ് തീരത്തും സമാനമായ സംഭവങ്ങള്‍ കണ്ടതായി റിപ്പോർട്ടുകളുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA