ADVERTISEMENT

സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുന്നവരെ സ്വാര്‍ത്ഥരെന്നു വിളിക്കാറുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ക്കു വേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുകയും കൂടി ചെയ്താൽ അവരെ നീചരെന്നും മുദ്രകുത്താറുണ്ട്. ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേണ്ടി മാത്രം രൂപകൽപന ചെയ്ത ഒരു ശരീരമുള്ളതു കൊണ്ടാണ് സ്റ്റാര്‍ഗേസര്‍ എന്ന ആഴക്കടല്‍ മത്സ്യത്തെ ഗവേഷകര്‍ നീചമത്സ്യം എന്ന മറ്റൊരു പേര് നല്‍കി വിളിക്കുന്നതും. 

Stargazer

സ്റ്റാര്‍ഗേസര്‍ ഫിഷ്

ആഴക്കടലില്‍ മിക്കവാറും മണ്ണിനടിയില്‍ മാത്രം കാണപ്പെടുന്നവയാണ് സ്റ്റാര്‍ഗേസറുകള്‍. ഭയപ്പെടുത്തുന്നതോ വിചിത്രമോ ആയ രൂപമാണ് ഇവയുടേത്. മുകളിലേക്കു തള്ളി നില്‍ക്കുന്ന കണ്ണുകളും മുന്നോട്ടു തള്ളി നില്‍ക്കുന്ന കീഴ്ത്താടിയും അതിൽ വരിവരിയായി കൂര്‍ത്തു നില്‍ക്കുന്ന പല്ലുകളുമെല്ലാമാണ് ഇവയ്ക്ക് ഭീകരത്വം നല്‍കുന്നത്. തുറിച്ച കണ്ണുകളും തള്ളിനില്‍ക്കുന്ന കീഴ്ത്താടിയുമെല്ലാം ഇവയുടെ കാഴ്ചയിലെ പ്രത്യേകതകളാണെങ്കിലും ഇവയ്ക്കു നീച മത്സ്യങ്ങള്‍ എന്ന പേരു വീഴാനുള്ള കാരണങ്ങള്‍ മറ്റുചിലതാണ്.

അതിലൊന്ന് എവിടെയും മറഞ്ഞു കിടക്കാന്‍ അവയെ സഹായിക്കുന്ന അവയുടെ ശരീരത്തിന്‍റെ നിറമാണ്.  കടലിനടിയില്‍ കാണപ്പെടുന്ന ചാരവും കറുപ്പും കലര്‍ന്ന പാറക്കല്ലുകളുടെ നിറമാണിവയ്ക്ക്. അതുകൊണ്ട് തന്നെ ഇവ മണ്ണില്‍ പൂണ്ടു കിടന്നാല്‍ മറ്റൊരു പാറക്കല്ലാണെന്നേ ആര്‍ക്കും തോന്നൂ. ഇതുപയോഗിച്ച് മണ്ണില്‍ മറഞ്ഞു കിടക്കുന്ന ഇവയുടെ അടുത്തേക്ക് സംശയം കൂടാതെ തന്നെ ഇരകളായ മത്സ്യങ്ങളും ഞണ്ടുകളുമൊക്കെയെത്തും. ഒപ്പം ശത്രുക്കളില്‍ നിന്നു രക്ഷനേടാനും ഇവയെ ഈ നിറം സഹായിക്കും. പക്ഷേ ഇതേവരെ സ്റ്റാര്‍ഗേസറുകള്‍ക്കു ഏതെങ്കിലും ശത്രുക്കളുള്ളതായി തിരിച്ചറിഞ്ഞിട്ടില്ല.

ചൂണ്ടയിട്ടുള്ള ഇരപിടുത്തം. 

ശരീരത്തിന്‍റെ നിറം ഇവയെ മറഞ്ഞിരിക്കാന്‍ സഹായിക്കുമ്പോള്‍ ഇരകളെ സമീപത്തേക്കാകര്‍ഷിക്കുന്ന മറ്റൊരു ശരീരഭാഗം ഇവയ്ക്കുണ്ട്. വായില്‍ നിന്നു പുറത്തേക്കു നീട്ടാന്‍ കഴിയുന്ന വിരയുടെ രൂപമുള്ള ഒരു അവയവമാണിത്. ഏതെങ്കിലും ചെറിയ പുഴു മണലിനടയില്‍ നിന്നു തലപൊക്കുന്നതാണെന്നു കരുതി മത്സ്യങ്ങള്‍ ഈ സ്റ്റാര്‍ഗേസുകളുടെ സമീപത്തേക്കു വരും. ഇത് സ്റ്റാര്‍ഗേസറുകള്‍ക്ക് മേലനങ്ങാതെ തന്നെ വേട്ടയാടാനുള്ള വഴിയൊരുക്കുന്നു. 

ഇങ്ങനെ അടുത്തെത്തുന്ന ഇരയെ വയറ്റിലേക്കെത്തിക്കാനും ഇവയ്ക്ക് അധികം ശരീരം അനക്കേണ്ടതില്ല.വായിലുള്ള ശക്തിയായ വാക്വം സംവിധാനമാണ് ഇരയെ വയറ്റിലെത്തിക്കുന്നത്. ഇവ വാ തുറന്നാലുടന്‍ തന്നെ ഇരയെ പെട്ടെന്ന് അകത്തേക്കു വലിക്കാനുള്ള ശക്തി ഈ വാക്വം പോലെ പ്രവര്‍ത്തിക്കുന്ന വായിലുള്ള മാംസളമായ പേശികള്‍ക്കുണ്ട്. ഇരയെ കടിക്കുകയോ ചവയ്ക്കുകയോ ചെയ്യുന്ന പതിവും ഇവയ്ക്കില്ല. വയറ്റിലേക്കു നേരിട്ടു വിഴുങ്ങുകയാണ് സ്റ്റാര്‍ഗേസറുകള്‍ ചെയ്യുന്നത്.

Stargazer

മണലിനെ തടയുന്ന കൂര്‍ത്ത പല്ലുകള്‍

സ്റ്റാര്‍ഗേസറുകളെ കാഴ്ചയില്‍ ഭയപ്പെടുത്തുന്നവയാക്കുന്ന പ്രത്യേകതകളില്‍ ഒന്ന് ഇവയുടെ കൂര്‍ത്ത പല്ലുകളാണ്. പക്ഷേ കാഴ്ചയില്‍ മാത്രമാണ് ഇവ പല്ലുകളായി തോന്നുന്നത്‍. യഥാർഥത്തില്‍ അരിപ്പ പോലെ പ്രവര്‍ത്തിക്കുന്ന ഒരു ശരീരഭാഗം മാത്രമാണിത്. മണ്ണില്‍ പൂഴ്ന്നു കിടക്കുമ്പോള്‍ മണല്‍ വായ്ക്കകത്തേക്കു കയറാതിരിക്കാനുള്ള മാംസളമായ ഭാഗമാണ് പല്ലുകളായി തോന്നിക്കുന്നത്.യഥാർഥത്തില്‍ ഇവയുടെ പല്ലുകള്‍ തീരെ ചെറുതും വായ്ക്ക് ഉള്‍വശത്തുമാണ്. പക്ഷെ ഇരയെ വിഴുങ്ങുന്നതിനാല്‍ ഇവയ്ക്ക് പല്ലുകള്‍ കാര്യമായി ഉപയോഗിക്കേണ്ടി വരാറില്ലെന്നു മാത്രം. 

ഇലക്ട്രിക് ഷോക്ക്

ഈല്‍ പോലുള്ള മത്സ്യങ്ങള്‍ക്കുള്ളതുപോലെ സമാനമായ ഇലക്ട്രിക് പ്രവാഹവും സ്റ്റാര്‍ഗേസറുകളിലുണ്ട്. കണ്ണിനു പിന്നിലുള്ള അവയവമാണ് ഇത്തരത്തില്‍ ഇലക്ട്രിക് ഷോക്കുകള്‍ പുറപ്പെടുവിക്കുന്നത്. ശരാശരി വലുപ്പമുള്ള ഏതൊരു മത്സ്യത്തെയും അല്‍പ്പനേരത്തേക്കു തരിപ്പിച്ചു നിര്‍ത്താന്‍ ഇവ പുറപ്പെടുവിക്കുന്ന ഇലക്ട്രിക് തരംഗങ്ങള്‍ക്കു കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. 50 വോള്‍ട്ട് വരെ ഇലക്ട്രിക് ഊര്‍ജം ഇവ പുറപ്പെടുവിക്കാറുണ്ട്. പക്ഷെ ഇവയുടെ വജ്രായുധം ഈ ഇലക്ട്രിക് ഷോക്കുമല്ല. മനുഷ്യര്‍ക്കു പോലും അപകടകാരിയായ ഒരു അവയവം കൂടി ഇവയ്ക്കുണ്ട്.

വിഷം കുത്തി വയ്ക്കുന്ന സ്റ്റാര്‍ഗേസർ

ഇവയുടെ ശരീരത്തിന് പുറകിലായുള്ള അവയവമാണ് വിഷം കുത്തി വയ്ക്കാന്‍ ശേഷിയുള്ളത്. ശത്രുക്കളായ ജീവികളെ മുതല്‍ അറിയാതെ കാല്‍ വയ്ക്കുന്ന മനുഷ്യരെ വരെ ഇവ ഇത്തരത്തില്‍ ആക്രമിക്കാറുണ്ട്. കടുത്ത നീറ്റലും വേദനയും ദിവസങ്ങളോളം സൃഷ്ടിക്കാന്‍ കഴിയുന്നവയാണ് സ്റ്റാര്‍ ഗേസറിന്‍റെ വിഷം. ഈ വിഷം കുത്തി വയ്ക്കുന്ന അവയവത്തിന്‍റെയും ഇലക്ട്രിക് ഷോക്കിന്‍റെയും സാന്നിധ്യമാണ് ഇയ്ക്ക് കടലില്‍ ശത്രുക്കളുണ്ടെന്ന നിഗമനത്തിലേക്കു ഗവേഷകരെയെത്തിച്ചത്. പക്ഷെ ഈ ശത്രുക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നു മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com