sections
MORE

പാമ്പിന്റെ ശരീരവും മനുഷ്യന്റെ പല്ലുകളുമുള്ള വിചിത്ര ജീവി!

HIGHLIGHTS
  • വിചിത്ര ജീവി അമേരിക്കൻ ലങ്ഫിഷ് എന്നു വിദഗ്ധർ
  • കരയിലും വെള്ളത്തിലും ജീവിക്കാനുള്ള കഴിവ് ഈ മത്സ്യങ്ങൾക്കുണ്ട്
Women finds the terrifying corpse of a rare creature in Argentina
SHARE

അർജന്റീനയിലെ കൃഷിയിടത്തിലാണ് പാമ്പിന്റെ ശരീരവും മനുഷ്യന്റെ പല്ലുകളുമുള്ള വിചിത്ര ജീവിയെ കണ്ടെത്തിയത്. വടക്കു കിഴക്കൻ അർജന്റീനയിലെ സാന്റാ പ്രവിശ്യയിയുള്ള നെൽ പാടങ്ങളിൽ ജോലിചെയ്തുകൊണ്ടിരുന്ന മരിയ ജൂലിയ എന്ന യുവതിയാണ് അദ്ഭുത ജീവിയെ ആദ്യം കണ്ടത്. നീളമുള്ള ഈൽ മത്സ്യത്തിന്റേതിനു സമാനമായ ശരീരമായിരുന്നു ജീവിയുടേത്. ജീവനറ്റ നിലയിലാണ് വിചിത്രജീവിയെ യുവതി കണ്ടെത്തിയത്. നീണ്ട ശരീരത്തിൽ വളയങ്ങളും വായിൽ മനുഷ്യന്റേതിനു സമാനമായ പല്ലുകളും ഉണ്ടായിരുന്നു.

മരിയ ജൂലിയ വിചിത്ര ജീവിയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം ചർച്ചയായി. ചിത്രത്തിൽ കാണുന്ന ജീവി അമേരിക്കൻ ലങ്ഫിഷ് ആണെന്ന് വിദഗ്ധർ വെളിപ്പെടുത്തി. എപ്പിഡോസിരെൻ പാരാഡോക്സ എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഇവ സാധാരണയായി കാണപ്പെടുന്നത് ചതുപ്പു നിറഞ്ഞ പ്രദേശങ്ങളിലും ഒഴുക്കു കുറഞ്ഞ വെള്ളത്തിലുമാണ്. അമേരിക്കൻ മഡ് ഫിഷ് എന്നും ഇവ അറിയപ്പെടാറുണ്ട്.

കരയിലും വെള്ളത്തിലും ജീവിക്കാനുള്ള കഴിവ് ഈ മത്സ്യങ്ങൾക്കുണ്ട്. വേനൽക്കാലത്ത് വെള്ളം വറ്റുമ്പോൾ കരയിലേക്കു കയറി മണ്ണിയടിയിൽ ചെറിയ മാളങ്ങളുണ്ടാക്കി കൊക്കൂൺ അവസ്ഥയിലാണ് ഇവയുടെ ജീവിതം. രണ്ട് മൂന്നു വർഷം വരെ മണ്ണിനടിയിൽ ഇങ്ങനെ ജീവിക്കാൻ ഇവയ്ക്കു കഴിയും. അനുകൂലമായ കാലാവസ്ഥ വരുമ്പോൾ മാത്രമേ ഈ പുറന്തോട് ഭേദിച്ച് ഇവ പുറത്തുവരൂ. ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഇവയുടെ കട്ടിയേറിയ പുറന്തോടുകൾ കടിച്ചു പൊട്ടിക്കാനാണ് മനുഷ്യന്റേതിനു സമാനമായ വലിയ പല്ലുകൾ. ഏകദേശം 1.25 മീറ്റർ നീളം ഇവയ്ക്കുണ്ടാകും.

മണ്ണിനടിയിലെ ജീവിതം

കുറച്ചു കാലം വെള്ളത്തിലും പിന്നെ കാലങ്ങളോളം കരയിലുമായാണ് ലങ്ഫിഷുകളുടെ ജീവിതം. കുറേനാള്‍ ഇവ നദിയില്‍ ജീവിച്ചാല്‍ പിന്നീടു കാലങ്ങളോളം ഇവ കരയിലായിരിക്കും. കൃത്യമായ കണക്കില്ലെങ്കിലും പകുതി നദിയിലും പകുതി കരയിലും എന്നതല്ല ഇവയുടെ രീതി. നദിയില്‍ ഏതാനും മാസങ്ങള്‍ ചിലവഴിച്ചാല്‍ പിന്നെ വര്‍ഷങ്ങളോളം ഇവയ്ക്കു കരയില്‍ കഴിയേണ്ടി വരാറുണ്ട്.

ഉഷ്ണരാജ്യങ്ങളിലാണു ലങ്ഫിഷ് എന്നറിയപ്പെടുന്ന ഇത്തരം മത്സ്യങ്ങളെ കാണാനാകുക. ഇവിടങ്ങളില്‍ മഴയെത്തി നദി നിറയുന്നത് വല്ലപ്പോഴുമായതിനാലാണ് ലങ്ഫിഷുകളില്‍ ഈ അപൂർവ അതിജീവന പ്രതിഭാസം കാണാനാകുന്നത്. ഏകദേശം നാലു വർഷത്തോളമൊക്കെ ചിലപ്പോൾ ഇവയ്ക്ക് മണ്ണിനടിയിൽ കഴിയേണ്ടിവരാറുണ്ട്. നദിയിലെ ജലം വറ്റിയാല്‍ ഇവ നനവു മാറും മുന്‍പേ മണ്ണിലേക്കാഴ്ന്നിറങ്ങും. അതിനുശേഷം വർഷങ്ങളോളം ഇവ പ്യൂപ്പകളെ പോലെ സമാധിയിലായിരിക്കും . ഈ സമയത്ത് കരയില്‍ നിന്ന് വായു സ്വീകരിക്കാന്‍ പാകത്തില്‍ ഇവയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും.

മഴ പെയ്യുവോളം ഇവ ഈ സന്യാസ ജീവിതം തുടരും. മഴ പെയ്താല്‍ പിന്നെ വീണ്ടും നദിയിലെ ജീവിതത്തിലേക്കു തിരികെയെത്തും. എന്നാല്‍ മഴ പെയ്ത് നദിയില്‍ വെള്ളമെത്താന്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം താമസിച്ചേക്കാം. ഇങ്ങനെയുള്ള ഘട്ടത്തില്‍ ചിലപ്പോള്‍ വെള്ളത്തില്‍ നിന്നു ശ്വസിക്കാനുള്ള ഇവയുടെ സ്വാഭാവികമായ കഴിവ് നഷ്ടപ്പെടും. ഇത്തരം മീനുകള്‍ വെള്ളത്തില്‍ നിന്നു കരയിലെത്തി ശ്വസിച്ച ശേഷമാണ് പിന്ന നദിയിലേക്കു മടങ്ങുക.

കൊക്കൂണായി മാറി ഏറെനാളിരിക്കുമ്പോള്‍ ഇവയ്ക്കു ചുറ്റും എന്തു സംഭവിച്ചാലും ലങ്ഫിഷുകൾ അറിയാറില്ല. ചിലപ്പോള്‍ നദിയിലെ മണ്ണെടുത്തു കൊണ്ടുപോയി വീടു നിര്‍മ്മിക്കുമ്പോള്‍ ഇവ വീടിന്‍റ ഭിത്തിയുടെ ഭാഗമായി പോലും മാറാറുണ്ട്. എന്നാൽ ഇതൊന്നും ഇവയെ ബാധിക്കാറില്ല. മഴ പെയ്ത് വെള്ളം തട്ടിയാല്‍ ഇവ ഈ ഭിത്തി പൊളിച്ചു വെളിയില്‍ വരും. എന്നിട്ട് മഴവെള്ളത്തിലൂടെ നീന്തി നദിയിലെത്തും. എന്നാൽ മണ്ണിന്റെ ആഴങ്ങളിൽ പതുങ്ങിയിരിക്കുന്ന ഇവയെ കണ്ടെത്തിയും മനുഷ്യർ ആഹാരമാക്കാറുണ്ട്. അതാണ് ലങ്ഫിഷുകൾ നേരിടുന്ന പ്രധാന പ്രശ്നവും.

ആമസോൺ, പരഗ്വേ, ലോവർ പരാന നദിതീരങ്ങൾ എന്നിവിടങ്ങളിലാണ് സൗത്ത് അമേരിക്കൻ ലങ് ഫിഷുകൾ സാധാരണ കാണപ്പെടാറുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA