കൂറ്റൻ ചീങ്കണ്ണിയെ കണ്ടെത്തി; ഭാരം 317 കിലോ, നീളം 13 അടി, അമ്പരന്ന് പ്രദേശവാസികൾ!

HIGHLIGHTS
  • ജോര്‍ജിയയിലെ ബ്ലാക്ക് ഷിയര്‍ തടാകത്തിനു സമീപത്തു നിന്നാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്
  • കണ്ടെത്തിയ ചീങ്കണ്ണികളില്‍ ഏറ്റവും പ്രായമേറിയ ചീങ്കണ്ണികളില്‍ ഒന്നുകൂടിയാണിത്
Alligator Was Recently Found In Georgia
Image Credit: Georgia Department of Natural Resources
SHARE

അമേരിക്കയിലെ ജോര്‍ജിയയിലാണ് ഏകദേശം 320 കിലോ ഭാരവും 13 അടിയോളം നീളവുമുള്ള കൂറ്റന്‍ ചീങ്കണ്ണിയെ കണ്ടെത്തിയത്. ജോര്‍ജിയയിലെ ബ്ലാക്ക് ഷിയര്‍ തടാകത്തിനു സമീപത്തു നിന്നാണ് കൂറ്റൻ ചീങ്കണ്ണിയെ പിടികൂടിയത്. തടാകത്തിനു സമീപം ജലസേചനത്തിനായി നിര്‍മിച്ച കനാലില്‍ കുടുങ്ങിയ നിലയിലായിരുന്നു ചീങ്കണ്ണി.

ജോര്‍ജിയയിൽ നിന്നു കണ്ടെത്തിയ ഏറ്റവു വലിയ ചീങ്കണ്ണി ഇതാണെന്നു ജോര്‍ജിയ വന്യജീവി വിഭാഗവും വ്യക്തമാക്കി. പലപ്പോഴായി ചീങ്കണ്ണികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലുപ്പമുള്ള ഒന്നിനെ ലഭിക്കുന്നത് ആദ്യമായാണെന്നു ചീങ്കണ്ണിയെ പിടികൂടി കരയ്ക്കെത്തിച്ച സംഘത്തിലുള്ള ബെന്‍റ് ഹോസെ പറയുന്നു. തടാകത്തിനു സമീപമുള്ള കര്‍ഷകനാണ് ചീങ്കണ്ണിയെ ആദ്യം കണ്ടെത്തിയതും ഇക്കാര്യം വന്യജീവി വകുപ്പിനെ അറിയിച്ചതും.

ചീങ്കണ്ണിയെ ദയാവധത്തിനു വിധേയനാക്കും

അമേരിക്കയില്‍ വനമേഖലയില്‍ കണ്ടെത്തിയ ചീങ്കണ്ണികളില്‍ ഏറ്റവും പ്രായമേറിയ ചീങ്കണ്ണികളില്‍ ഒന്നുകൂടിയാണിത്. രണ്ടു തവണ വെടിയേറ്റ പാടും ചീങ്കണ്ണിയുടെ ശരീരത്തിലുണ്ട്. ഇതു മുൻപ് എപ്പോഴെങ്കിലും വേട്ടക്കാരില്‍ നിന്നേറ്റതാകാം എന്നാണു കരുതുന്നത്. ഏതായാലും ചീങ്കണ്ണി വനപാലകര്‍ കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു. കനാലില്‍ കുടുങ്ങിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമവും അപ്പോഴേറ്റ മുറിവുമാണ് അവശതയുടെ കാരണം.

ചീങ്കണ്ണിയുടെ പ്രായാധിക്യം മൂലം അതിനെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെയാണ് ചീങ്കണ്ണിയെ ദയാവധത്തിനു വിധേയനാക്കാന്‍ തീരുമാനിച്ചത്. ചീങ്കണ്ണി ഇപ്പോഴനുഭവിക്കുന്ന വേദനകള്‍ കൂടി കണക്കിലെടുത്താണ് വനപാലകരുടെ ഈ തീരുമാനം. മനുഷ്യര്‍ നിര്‍മിച്ച കനാല്‍ തന്നെയാണ് ചീങ്കണ്ണിക്കു വിനയായതെന്നു വനപാലകര്‍ പറയുന്നു. മനുഷ്യരുടെ സാന്നിധ്യം പരമാവധി ഒഴിവാക്കുക എന്നതാണ് കൂടുതല്‍ കാലം ജീവിക്കാൻ ചീങ്കണ്ണികള്‍ ചെയ്യേണ്ടതെന്ന സത്യം ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ് ഈ ചീങ്കണ്ണിയുടെ അവസ്ഥയെന്നും ബെന്റ് ഹോസെ ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലെ ചീങ്കണ്ണികള്‍

ജോര്‍ജിയ ഉള്‍പ്പടെയുള്ള അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഒരു കാലത്ത് ധാരാളമായി കണ്ടു വന്നിരുന്നവയാണ് ചീങ്കണ്ണികള്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ സംഭവിച്ച വ്യാപകമായ വേട്ടയില്‍ ഇവയുടെ നിലനില്‍പു തന്നെ ഭീഷണിയിലായി. പിന്നീട് 1980 മുതലാണ് ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമായത്. ഇപ്പോള്‍ ആരോഗ്യകരമായ അംഗസംഖ്യ യുഎസിലെ ചീങ്കണ്ണികള്‍ക്കുണ്ട്. തദ്ദേശിയരായ ചീങ്കണ്ണികളെ കൂടാതെ തെക്കു കിഴക്കനേഷ്യയില്‍ നിന്നെത്തിയ അധിനവേശ ജീവികളായ ഇന്തോനീഷ്യന്‍ മുതലകളും ഇപ്പോള്‍ ഇവിടെ വ്യാപകമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA