ADVERTISEMENT

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട ആനയെന്നും ഏറ്റവും ദുഃഖം അനുഭവിക്കുന്ന ആനയെന്നും വിശേഷിപ്പിക്കപ്പെട്ട ഫ്ലാവിയ എന്ന ആനയാണ് സ്പെയ്നിലെ മൃഗശാലയില്‍ ചെരിഞ്ഞത്. സ്പെയ്നിലെ കര്‍ഡോബ മൃഗശാലയിലെ അന്തേവാസിയായിരുന്ന ആനയ്ക്ക് 47 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ 43 വര്‍ഷമായി മറ്റൊരാനയെ പോലും കാണാതെ ഇതേ മൃഗശാലയിലായിരുന്നു ഫ്ലാവിയയുടെ ഏകാന്ത ജീവിതം.

മൂന്നാം വയസ്സില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ വനത്തില്‍ നിന്നു പിടികൂടപ്പെട്ട ഫ്ലാവിയ ഇടനിലക്കാര്‍ വഴിയാണ് സ്പെയ്നിലേക്കെത്തിയത്. തുടര്‍ന്നുള്ള ജീവിതകാലം മുഴുവന്‍ ഏകാന്ത തടവുകാരിയെ പോലെ മൃഗശാലയിലെ മതില്‍ക്കെട്ടിനുള്ളില്‍ കഴിയുകയായിരുന്നു. ഇങ്ങനെ പുറമേ നിന്നു ഒറ്റപ്പെട്ട ജീവിതമെന്നു വിലയിരുത്തുന്നതു കൊണ്ടു മാത്രമല്ല ഫ്ലാവിയയെ ദുഃഖപുത്രിയെന്നു വിശേഷിപ്പിക്കുന്നത്. മറിച്ച് ഡോക്ടര്‍മാരും ഫ്ലാവിയ കടുത്ത നിരാശയിലാണെന്നു കണ്ടെത്തിയിരുന്നു.

മാര്‍ച്ച് ഒന്നിനാണ് ഫ്ലാവിയ മരണത്തിനു കീഴടങ്ങിയത്. ഒറ്റപ്പെട്ടതു മൂലമുള്ള നിരാശയും ദുഃഖവും ഫ്ലാവിയയുടെ അകാലമരണത്തിനു കാരണമായെന്നാണു കരുതുന്നത്. ആനയുടെ മരണത്തെ തുടര്‍ന്ന് മൃഗശാല അധികൃതര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുമുള്ള വിഡിയോ യൂട്യൂബിലൂടെ പ്രസിദ്ധീകരിച്ചിരുന്നു. നാല്‍പ്പതു വര്‍ഷത്തോളം തങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗമായിരുന്ന ഫ്ലാവിയയെ കുറിച്ച് മൃഗശാലയിലെ സംരക്ഷകര്‍ തങ്ങളുടെ വാക്കുകളിലൂടെ വിവരിക്കുന്നതാണ് വിഡിയോ.

ആനയെ പോലെ സമൂഹമായി മാത്രം ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിയെ ഇത്ര നാളും ഏകാന്ത തടവിലിട്ടതിനു മൃഗശാല അധികൃതര്‍ കുറേ നാളായി കടുത്ത വിമര്‍ശനം നേരിടുന്നുണ്ട്. ആന അതീവ ബുദ്ധിശക്തിയും അതേ അളവില്‍ വികാരങ്ങളുമുള്ള ജീവിയാണ്. അതുകൊണ്ടു തന്നെ കൂട്ടമായി ജീവിക്കാന്‍ പാകത്തില്‍ പരുവപ്പെട്ട മനസ്സാണ് ആനയുടേത്. അങ്ങനെയിരിക്കെയാണ് നാലു പതിറ്റാണ്ട് സ്വന്തം വര്‍ഗത്തില്‍ പെട്ട ഒരു ജീവിയെ പോലും കാണാതെ ഫ്ലാവിയ ഒറ്റപ്പെട്ടു ജീവിച്ചത്.

വിമര്‍ശനങ്ങള്‍ക്കിടെ PACMA എന്ന മൃഗസംരക്ഷണ സംഘടനയുമായി ചേര്‍ന്ന് സ്പെയ്നില്‍ തന്നെയുള്ള കൂടുതല്‍ ആനകളുള്ള ഒരു പാര്‍ക്കിലേക്ക് ഫ്ലാവിയയെ മാറ്റാന്‍ കര്‍ഡോബ മൃഗശാല തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഒറ്റപ്പെട്ടലും നിരാശയും മൂലം ആനകളില്‍ ഉണ്ടാകുന്ന അമിത വണ്ണം ഉള്‍പ്പടെയുള്ള ശാരീരിക മാറ്റങ്ങള്‍ ഫ്ലാവിയയില്‍ ഏറെ നാളായുണ്ട്. സ്വന്തം ജീവി വര്‍ഗത്തോടൊപ്പമുള്ള ജീവിതം എങ്ങനെയെന്നു പോലും അറിയാതെയാണ് ഫ്ലാവിയ യാത്രയായത്. മറ്റൊരു ജീവിക്കും ഇതേ അനുഭവം ഉണ്ടാകരുതെന്നാണു പ്രാര്‍ത്ഥനയെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com