ഫ്ലോറിഡയെ വിറപ്പിച്ച് വിഷത്തവളകൾ; കുട്ടികളുടെയും വളര്‍ത്തുമൃഗങ്ങളുടെയും ജീവന് ഭീഷണി

HIGHLIGHTS
  • പൂന്തോട്ടങ്ങളും റോഡുകളും നടപ്പാതകളും വരെ തവളകള്‍ കൈയേറി
  • കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങൾക്കും ഭീഷണി
Cane Toads
SHARE

തെക്കന്‍ ഫ്ലോറിഡയിൽ ജനജീവിതം ദുസ്സഹമാക്കി വിഷത്തവളകള്‍ നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിനു തവളകള്‍ ചുറ്റുപാടും എത്തിയതോടെ കുട്ടികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവന്‍ തന്നെ അപകടത്തിലായിരിക്കുകയാണ്. കിഴക്കന്‍ മിയാമിക്ക് സമീപമുള്ള പാം ബീച്ച് ഗാര്‍ഡന്‍സിലാണ് ആഴ്ചകള്‍ക്കു മുന്‍പ് ഈ തവളകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഈ തവളകള്‍ തെക്കന്‍ ഫ്ലോറിഡയിലെ പല പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

സ്വിമ്മിങ് പൂള്‍ മുതല്‍ നടപ്പാതെ വരെ

പലയിടത്തും വീടുകളിലെ പൂന്തോട്ടങ്ങളും സ്വിമ്മിങ് പൂളുകളും റോഡുകളും നടപ്പാതകളും വരെ ഈ തവളകള്‍ കൂട്ടത്തോടെ കയ്യേറിയിരിക്കുകയാണ്. തവളകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നതും കുളത്തില്‍ നീന്തുന്നതും മറ്റുമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തവളകളെ ചവിട്ടാതെ പലയിടങ്ങളിലും നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് ഈ ദൃശ്യങ്ങളിലൂടെ വ്യക്തമാകും. അധികം വലുപ്പമില്ലാത്തവയാണ് ഈ തവളകളാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പക്ഷേ ഇവയുടെ വലുപ്പത്തില്‍ കാര്യമില്ലെന്നും ഇവയുടെ വിഷമാണ് പ്രതിസന്ധി സൃഷ്ടിക്കുകയെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ബഫോ എന്ന പേരിലറിയപ്പെടുന്ന വിഷമുള്ള ഗണത്തില്‍ പെട്ടവയാണ് ഈ തവളകള്‍. കെയ്ന്‍ റ്റോ‍ഡ്സ് എന്ന പേരിലും അറിയപ്പെടുന്ന ഇവ അമേരിക്കയിലെ പ്രാദേശിക ജീവികളല്ല. 1955ല്‍ തവളകളെ വളര്‍ത്തുന്നവര്‍ക്കായി വില്‍പനയ്ക്കു കൊണ്ടുവന്ന ഇടനിലക്കാരിലൊരാള്‍ അറിയാതെ നൂറോളം തവളകളെ ഫ്ലോറിഡയില്‍ സ്വതന്ത്രമാക്കിയിരുന്നു. അനുകൂല സാഹചര്യം ലഭിച്ചതോടെ ഫ്ലോറിഡയിലെ ചതുപ്പുകളില്‍ ഇവ പെറ്റുപെരുകുകയാണുണ്ടായതെന്ന് ഫ്ലോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും അപകടകരം

ഇവയുടെ തലയില്‍ നിന്നു പുറത്തേക്കു വരുന്ന ദ്രവരൂപത്തിലുള്ള വസ്തുവിലാണ് വിഷാംശമുള്ളത്. കയ്യിലെടുക്കുമ്പോഴോ അല്ലെങ്കില്‍ തങ്ങള്‍ക്കു ഭീഷണിയാണെന്നു തോന്നുന്ന സന്ദര്‍ഭത്തിലോ ആണ് ഇവ ഈ സ്രവം ഉൽപാദിപ്പിക്കുന്നത്. മുതിര്‍ന്ന മനുഷ്യരില്‍ ഇത് പൊള്ളലും കണ്ണിനു നീറ്റലുമുണ്ടാക്കും. അതേസമയം കുട്ടികള്‍ക്കും പൂച്ചകളെയും പട്ടികളെയും പോലുള്ള ചെറിയ വളര്‍ത്തു മൃഗങ്ങള്‍ക്കും ഈ വിഷം ജീവനു തന്നെ അപകടം സൃഷ്ടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. 

ഈ തവളകളെ എങ്ങനെ അകറ്റണമെന്ന കാര്യത്തില്‍ അധികൃതര്‍ക്കും കാര്യമായ ധാരണയില്ല. അതിനാല്‍ തന്നെ ഫ്ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് യൂണിറ്റും തവള പ്രതിസന്ധിയില്‍ ഇരുട്ടില്‍ തപ്പുകയാണ്. ആളുകളുടെ ചോദ്യങ്ങള്‍ക്കു പോലും കൃത്യമായ മറുപടി നല്‍കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. പ്രകൃതിയില്‍ തന്നെ കാര്യമായ എതിരാളികള്‍ ഇല്ലാത്തതാണ് ഈ തവളകള്‍ പെറ്റുപെരുകാന്‍ കാരണമായത്. ഫ്ലോറിഡയിലെ മറ്റൊരു അധിനിവേശ ജീവിയായ തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള പെരുമ്പാമ്പുകളെ അടുത്തിടെ അംഗസംഖ്യനിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വ്യാപകമായി കൊന്നൊടുക്കിയിരുന്നു. ഇവ ഒരു പക്ഷേ ഈ തവളകളെ ഭക്ഷിക്കുന്നുണ്ടായിരിക്കാമെന്നും പെരുമ്പാമ്പുകളുടെ എണ്ണത്തിലുണ്ടായ കുറവാകാം ഇത്തവണ തവളകള്‍ വ്യാപകമായി പെറ്റുപെരുകാന്‍ കാരണമായതെന്നും കരുതുന്നവരുണ്ട്. എന്നാല്‍ ഇത് ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA