പൂച്ചകള്‍ക്ക് സ്വന്തം പേര് തിരിച്ചറിയാം; വിളി കേൾക്കുന്നില്ലെങ്കിൽ 'സൗകര്യമില്ലാത്തതുകൊണ്ടാണ്'

HIGHLIGHTS
  • ഭൂരിഭാഗം പൂച്ചകളും അവരുടെ ഉടമസ്ഥര്‍ പേര് വിളിക്കുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നത്
Grumpy-Cat
SHARE

മനുഷ്യര്‍ക്ക് പരിചയമുള്ളതില്‍ വച്ച് ഏറ്റവും അലസരും തന്നിഷ്ടക്കാരുമായ ജീവികളായിരിക്കും പൂച്ചകള്‍. വിളിച്ചാല്‍ പലപ്പോഴും കേട്ട ഭാവം പോലും നടിയ്ക്കാത്ത, അവയ്ക്ക് താല്‍പര്യമുള്ളപ്പോള്‍ മാത്രം വന്ന് സ്നേഹം കൂടുന്ന ജീവികളാണ് പൂച്ചകള്‍. അതുകൊണ്ട് തന്നെ പട്ടികളെ പോലെ പേര് വിളിച്ചാല്‍ ഉടനെ ഓടി വരുന്ന സ്വഭാവം ഒന്നും പൂച്ചകള്‍ക്കില്ല. ഇത് പേരുകള്‍ തിരിച്ചറിയാന്‍ പൂച്ചകള്‍ക്ക് കഴിവില്ലാത്തത് കൊണ്ടാണോ എന്ന സംശയം പലരിലും ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഈ സംശയം ഇനി വേണ്ടെന്നും സ്വന്തം പേര് തിരിച്ചറിയാന്‍ പൂച്ചകള്‍ക്ക് കഴിയും എന്നുമാണ് ഒരു സംഘം ജാപ്പനീസ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

പൂച്ചകളെന്നല്ല ഒട്ടു മിക്ക വളര്‍ത്തു മൃഗങ്ങളും മനുഷ്യരുടെ സംസാരഭാഷയില്‍ നിന്നു എന്തെങ്കിലും ഒന്നു കൃത്യമായി മനസ്സിലാക്കുന്നുണ്ടെങ്കില്‍ അത് സ്വന്തം പേരാണ് എന്നാണ് ജാപ്പനീസ് ഗവേഷകര്‍ പറയുന്നത്. സോഫിയാ സര്‍വകലാശലയില്‍ നിന്നുള്ള അട്സുകോ കെയ്റ്റോ എന്ന ഗവേഷകനും സംഘവും ഒരു പറ്റം പൂച്ചകളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഇക്കാര്യം തെളിഞ്ഞത്. മനുഷ്യര്‍ പറയുന്ന മറ്റ് വാക്കുകളില്‍ നിന്നും പൂച്ചകള്‍ക്ക് സ്വന്തം പേര് തിരിച്ചറിയാന്‍ കഴിയുമെന്നാണ് പഠനത്തില്‍ വ്യക്തമായത്.

cat

മറ്റ് ശബ്ദങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും വ്യത്യസ്തമായ പ്രതികരണമാണ് പൂച്ചകള്‍ക്ക് സ്വന്തം പേര് കേള്‍ക്കുമ്പോള്‍ ഉണ്ടാകുക എന്ന് കെയ്റ്റോ പറയുന്നു. തന്നെ വിളിക്കുന്ന പേരിനോട് ചെവി കൂര്‍പ്പിച്ചും തല പതിയെ അനക്കിയുമാണ് പൂച്ചകള്‍ പ്രതികരിച്ചത്. നേരിയ രീതിയില്‍ ശരീരത്തിലും ചലനങ്ങള്‍ ഉണ്ടാകുന്നു എന്നും ഗവേഷക സംഘം നിരീക്ഷിച്ചു. അതേസമയം പേടിപ്പെടുത്തുന്നത് ഒഴികെയുള്ള മനുഷ്യനുണ്ടാകുന്ന മറ്റ് ശബ്ദങ്ങളോടും പറയുന്ന മറ്റ് വാക്കുകളോടും യാതൊരു താല്‍പ്പര്യമോ പ്രതികരണമോ ഇല്ലാതെയാണ് പൂച്ചകള്‍ കിടന്നത്.

ഭൂരിഭാഗം പൂച്ചകളും അവരുടെ ഉടമസ്ഥര്‍ പേര് വിളിക്കുമ്പോള്‍ മാത്രമാണ് പ്രതികരിക്കുന്നതെന്നും പഠനത്തില്‍ വ്യക്തമായി. ചുരുക്കം ചില പൂച്ചകള്‍ മാത്രമാണ് സ്വന്തം പേര് ഉടമസ്ഥന്‍ ഒഴികയുള്ള മറ്റ് ചിലര്‍ വിളിക്കുമ്പോള്‍ അതിനോട് പ്രതികരിച്ചത്. അതേസമയം ഒറ്റയ്ക്ക് വളരുന്ന പൂച്ചകള്‍ക്കാണ് സ്വന്തം പേര് തിരിച്ചറിയാന്‍ കഴിയുന്നതെന്നും ഗവേഷകര്‍ പറയുന്നു. കൂട്ടത്തോടെ വളരുന്ന പൂച്ചകള്‍ കൂട്ടത്തില്‍ ആരുടെ പേര് വിളിച്ചാലും അതിനോട് പ്രതികരിക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.

പട്ടികളുമായുള്ള സാമ്യം

World’s Deadliest Cat

പട്ടികളും പൂച്ചകളുമാണ് മനുഷ്യര്‍ ഏറ്റവുമധികം ഓമനിച്ച് വളര്‍ത്തുന്ന മൃഗങ്ങള്‍. എന്നാല്‍ പട്ടികളുടെ പെരുമാറ്റങ്ങളെക്കുറിച്ച് നടന്ന പഠനങ്ങളുടെ അത്രയും പൂച്ചകളെകക്കുറിച്ച് നടന്നിട്ടില്ല. കാര്യമായി പ്രതികരിക്കാത്ത ഒന്നിലും താല്‍പ്പര്യമില്ലാത്ത സന്ന്യാസികളായതിനാലാകും ഇവയെ ഗവേഷകരും വെറുതെ വിട്ടതെന്ന് കെയ്റ്റോ പറയുന്നു. പട്ടികളില്‍ നിന്നുള്ള ഒരു പ്രധാന വ്യത്യാസമായി പൂച്ചകളുടെ സ്വഭാവത്തില്‍ കെയ്റ്റോ ചൂണ്ടിക്കാട്ടുന്നത് അവയുടെ മനുഷ്യരോടുള്ള സമീപനമാണ്. പട്ടികള്‍ അമിതമായി സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുമ്പോള്‍ പൂച്ചകള്‍ക്ക് ആ ശൈലി ഇല്ല.

ഇതിനാല്‍ തന്നെ പൂച്ചകളുടെ ഉടമകള്‍ മനുഷ്യരല്ല മറിച്ച് പൂച്ചകളെ സംബന്ധിച്ച് അവരാണ് മനുഷ്യരുടെ ഉടമകളെന്ന് കെയ്റ്റോ പറയുന്നു. അതുകൊണ്ട് തന്നെയാണ് പട്ടികളെ പോലെ പൂച്ചകള്‍ മനുഷ്യരുടെ ശബ്ദങ്ങളോടും വിളികളോടും മറ്റും കാര്യമായി പ്രതികരിക്കാത്തതും. ഇതിനര്‍ത്ഥം മനുഷ്യര്‍ക്ക് വേണ്ടി പൂച്ചകള്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല. ഏതാണ്ട് 10000 വര്‍ഷമായി പൂച്ചകള്‍ മനുഷ്യര്‍ക്കൊപ്പം കൂടിയിട്ട്. അന്നത്തെ പൂച്ചകളുടെ വനത്തില്‍ ജീവിക്കുന്ന ഒരു തലമുറ ഇന്നും ഭൂമിയിലുണ്ട്. ഇവയുടെ ശബ്ദവുമായി താരതമ്യം ചെയ്യുമ്പോള്‍വീട്ടില്‍ വളര്‍ത്തുന്ന പൂച്ചകളുടെ ശബ്ദം വളരെ മൃദുവാണ്. ഇത്രനാള്‍ ഒരുമിച്ച് ജീവിച്ചതിലൂടെ പൂച്ചകള്‍ക്കുണ്ടായ ജനിതകമാറ്റത്തിന്‍റെ ഉദാഹരണമായാണ് ഇതിനെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

പട്ടികളെ പോലെ മണം പേടിച്ച് മനുഷ്യരുടെ വസ്തുക്കളുടെ മറ്റും കണ്ടെത്തുന്നതിനുള്ള കഴിവുകളും പൂച്ചകള്‍ക്കുണ്ട്. പക്ഷേ നായ്ക്കളെ പോലെ ഈ കഴിവ് മനുഷ്യര്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ പൂച്ചകള്‍ തയ്യാറല്ല. അടുക്കളയില്‍ ഒളിച്ച് വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ കണ്ടെത്താന്‍ വേണ്ടി മാത്രമാണ് പൂച്ചകള്‍ ഈ കഴിവ് ഉപയോഗിക്കുന്നന്തെന്നും കെയ്റ്റോ വിശദീകരിക്കുന്നു. ഏതായാലും ഇനി എപ്പോഴെങ്കിലും നിങ്ങള്‍ വിളിക്കുമ്പോള്‍ വളര്‍ത്ത് പൂച്ച കേട്ട ഭാവം നടിക്കുന്നില്ല എങ്കില്‍ ഒരു കാര്യം ഉറപ്പിച്ചോളൂ, അത് അവ വിളി കേള്‍ക്കാത്തത് കൊണ്ടല്ല ഇപ്പോള്‍ പ്രതികരിക്കാന്‍ അവയ്ക്ക് സൗകര്യമില്ലാത്തത് കൊണ്ടാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
FROM ONMANORAMA