sections
MORE

കൂറ്റൻ മുതലയെ തുരന്നു തിന്നത് ഭീമൻ ഐസോപോഡുകള്‍ ; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ!

HIGHLIGHTS
  • 24 മണിക്കൂറിനുള്ളിലാണ് ഇവ മുതലയെ തിന്നുതീർത്തത്
  • ഐസോപോഡുകള്‍ക്ക് 300 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടാകും
Deep-Sea Creatures Chow Down On An Alligator
SHARE

അറുപത്തഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂമിയില്‍ ഒരു കൂട്ടവംശനാശം സംഭവിച്ചു. സമുദ്രജീവികളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഈ വംശനാശത്തെ അതിജീവിച്ചത്. ഈ കാലയളവില്‍ വംശമറ്റു പോയവയാണ് അക്കാലത്ത് ജീവിച്ചിരുന്ന മുതലകളുടെ മുന്‍ഗാമികളും മറ്റും. കരയെ ആശ്രയിച്ചു ജീവിച്ചിരുന്ന മുതലകളുടെ പിന്തുടർച്ചക്കാര്‍ മാത്രമാണ് ഇപ്പോള്‍ നാം കാണുന്ന മുതലകളും ചീങ്കണ്ണികളും.

അതേസമയം മുതലകളുടെ കടലിലെ മുന്‍ഗാമികള്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ അവ കടലിലെ ഭക്ഷ്യ ശൃംഖലയില്‍ എങ്ങനെ ഭാഗമായേനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിരുന്നു ഒരു സംഘം ഗവേഷകരുടെ ശ്രമം. ഇതിന് ആദ്യപടിയെന്ന നിലയാണ് ചത്തു പോയ രണ്ട് മുതലകളുടെ ശരീരം കടലില്‍ രണ്ടായിരം മീറ്റര്‍ ആഴത്തിലേക്കെത്തിച്ചത്. മുതലയുടെ ശരീരത്തോട് ആഴക്കടല്‍ ജീവികള്‍ എങ്ങനെ പ്രതികരിക്കും എന്നറിയുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം.

ആഴക്കടലിലെത്തിയ മുതല

ലൂസിയാന സര്‍വകലാശാലയിലെ മറൈന്‍ കണ്‍സോര്‍ഷ്യം വിഭാഗം ഗവേഷകരാണ് ഈ പഠനത്തിനു തയാറായത്. വന്യജീവി വകുപ്പില്‍ നിന്ന് അനുമതി നേടിയ ശേഷം ചത്തുപോയ രണ്ട് മുതലകളെ സംഘടിപ്പിച്ച് ഇവയെ കടലിന്‍റെ അടിത്തട്ടിലേക്കെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അവിടെ സംഭവിച്ചത് ഗവേഷകരെ പോലും അമ്പരപ്പിച്ച കാര്യങ്ങളാണ്. ഈ കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ ദൃശ്യങ്ങള്‍ പിന്നീട് ഗവേഷകര്‍ പുറത്തു വിട്ടു. ചിലപ്പോള്‍ അറപ്പു തോന്നിയേക്കാമെങ്കിലും ആഴക്കടല്‍ ഗവേഷണത്തിലെ നിര്‍ണായക ചുവടു വയ്പ് എന്ന നിലയില്‍ അദ്ഭുതപ്പെടുത്തുന്നതു കൂടിയാണ് ഈ വിഡിയോ.

 ഭീമന്‍ ഐസോപോഡുകള്‍

മുതലയുടെ കട്ടിയേറിയ പുറന്തോടു പോലും വകവയ്ക്കാതെ ആ ജീവികളുടെ മൃതദേഹങ്ങളെ തുരന്നു തിന്നുന്ന ആഴക്കടല്‍ പ്രാണികളെയാണ് വിഡിയോയില്‍ കാണാനാകുക. ഭീമന്‍ ഐസോപോഡുകള്‍ എന്നറിയപ്പെടുന്ന ഈ പ്രാണികള്‍ക്ക് ഒരു ഫുട്ബോളിന്‍റെ വലുപ്പമാണുള്ളത്. ഇതുവരെ കാണാത്ത ഒരു ജീവിയെ ഐസോപോഡുകള്‍  തിന്നു തീര്‍ത്ത വേഗം അദ്ഭുതപ്പെടുത്തിയെന്ന് ഗവേഷകര്‍ പറയുന്നു. മുതലകളെ ആഴക്കടലിലേക്കിറക്കി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഇക്കാര്യം ഐസോപോഡുകള്‍ മണത്തറിഞ്ഞു. തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇവ മുതലയെ തിന്നുതീര്‍ക്കുകയും ചെയ്തു.

ജീവിയെ ആദ്യമായി കാണുകയാണെങ്കിലും അദ്ഭുതപ്പെടുത്തുന്ന മറ്റൊരു നീക്കം കൂടി ഈ ഐസോപോഡുകളുടെ ഭാഗത്തു നിന്നുണ്ടായി. ആഴകക്കടലിലേക്കിറക്കിയ രണ്ട് മുതലകളുടെയും ഹൃദയഭാഗമാണ് ഇവ ആദ്യം തുരന്നു തിന്നതെന്ന് ഗവേഷകര്‍ പറയുന്നു. പുരാതന കാലം മുതല്‍ ആഴക്കടലില്‍ ജീവിക്കുന്ന ഐസോപോഡുകള്‍ക്ക് 300 ദശലക്ഷം വര്‍ഷം വരെ പഴക്കമുണ്ടാകുമെന്നാണു വിശ്വസിക്കപ്പെടുന്നത്.

ആഴക്കടലില്‍ ജീവിക്കുന്ന വിചിത്രമായ രീതികളുള്ള ജീവികളില്‍ ഒന്നുകൂടിയാണ് ഭീമന്‍ ഐസോപോഡുകള്‍. മാസങ്ങളും വര്‍ഷങ്ങളും വരെ ഭക്ഷണം കൂടാതെ ജീവിക്കാന്‍ ഇവയ്ക്കു സാധിക്കും. ഭക്ഷണം കഴിക്കുന്ന സമയത്ത് ഒരുമിച്ചു കഴിക്കുകയാണ് ഇവയുടെ രീതി. അതിനാല്‍ തന്നെയാണ് മുതലകളെ ഇവ ഒറ്റയടിക്ക് വയറ്റിലാക്കിയതെന്നു ഗവേഷകര്‍ പറയുന്നു.

മുതലകള്‍ മാത്രമല്ല തിമിംഗലങ്ങള്‍ പോലുള്ള ജീവികളും ചത്ത് അടിത്തട്ടിലേക്കെത്തിയാല്‍ ഈ ജീവികള്‍ വൈകാതെ അറിയും. കടലിന്‍റെ അടിത്തട്ടില്‍ മണ്ണിനടിയിലായി വെളിച്ചത്തില്‍ നിന്ന് അകന്നാണ് ഇവയുടെ താമസം. വളരെ അപൂര്‍വമായി മാത്രമാകും മരുഭൂമിക്ക് സമാനമായി തരിശായി കിടക്കുന്ന കടലിന്‍റെ അടിത്തട്ടിലേക്ക് ഇവയ്ക്ക് ഭക്ഷണമെത്തുക. അതുകൊണ്ട് തന്നെ അടിത്തട്ടിലേക്കു ചത്തടിഞ്ഞ ജീവി ഏതായാലും ഭക്ഷണമാക്കാന്‍ ഇവയ്ക്കു മടിയില്ല.

Deep-Sea Creatures Chow Down On An Alligator

വളരെ അപൂര്‍വമായി മാത്രം കൊടുങ്കാറ്റിലോ വെള്ളപ്പൊക്കത്തിലോപ്പെട്ടാണ് മുതലകള്‍ മെക്സിക്കന്‍ ഉള്‍ക്കടലിലേക്കെത്തുക. ഇങ്ങനെയെത്തിയാല്‍ തന്നെ ഇവ കടലിന്‍റെ അടിത്തട്ടിലേക്കു താഴ്ന്നു പോകുമോ എന്നും വ്യക്തമല്ല. ഏതായാലും ഇനി മുതലകള്‍ അടിത്തട്ടിലേക്കെത്തിയാലും അവയുടെ ശരീരം പാഴായി പോകില്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണു പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ പ്രതികരിച്ചത്.

ഭീമന്‍ ഐസോപോഡുകള്‍ തിന്ന ശേഷം ബാക്കിയുള്ള അവശിഷ്ടങ്ങള്‍ ചെറു ജീവികള്‍ ആഹാരമാക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഐസോപോഡുകളുടെ സഹായമില്ലെങ്കില്‍ മുതലയെ ഭക്ഷണമാക്കാന്‍ ഈ ചെറുജീവികള്‍ക്കു ശരീരം അഴുകുന്നതുവരെ കാത്തിരിക്കേണ്ടി വന്നേനെ. ഐസോപ്പോഡുകള്‍ ഭക്ഷണമാക്കിയ ശേഷമുള്ള ശരീരഭാഗം അടുത്ത ഒരു മാസം കൊണ്ട് ചെറു ജീവികള്‍ ഭക്ഷിച്ചു തീര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവേഷകര്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA