ADVERTISEMENT

ചില സംഭവങ്ങള്‍ അങ്ങനെയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും അവയുടെ സത്യം കണ്ടെത്തുക അത്ര എളുപ്പമാകില്ല. ഇത്തരത്തിലുള്ള ഒരു പിടിതരാത്ത രഹസ്യമാണ് കാനഡയിലെ ആൽബെർട്ടയില്‍ നടക്കുന്ന പൂച്ചക്കൊലകള്‍. ആല്‍ബെര്‍ട്ടയിലെ രണ്ട് പ്രധാന നഗരങ്ങളിലായി കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കൊല്ലപ്പെട്ടത് ആയിരക്കണക്കിനു പൂച്ചകളാണ്. പൂച്ചകളുടെ ഈ കൂട്ടക്കൊലയ്ക്കു പിന്നില്‍ ചെന്നായ്ക്കളാണോ അതോ ഏതെങ്കിലും ദുര്‍മന്ത്രവാദികളാണോ എന്നു കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.

കളിക്കളങ്ങളിലും റോഡിലും തെരുവിലും ഇടുങ്ങിയ ചേരികളിലും വരെ പൂച്ചകളെ ചത്തു കിടക്കുന്ന നിലയില്‍ കണ്ടെത്താറുണ്ട്. അതും ശരീരം മുഴുവന്‍ ചിതറിയ നിലയിലോ, തലയും ഉടലും വേര്‍പെട്ട നിലയിലോ ഒക്കെയാണ് മിക്കവാറും പൂച്ചകളെ കാണാനാകുക. ചിലപ്പോള്‍ രാവിലെ എഴുന്നേറ്റു വാതില്‍ തുറക്കുമ്പോള്‍ മുറ്റത്തെ പുല്‍ത്തകിടയില്‍ പലരും കാണുന്നത് തല വേര്‍പെട്ടു ചിതറിക്കിടക്കുന്ന പൂച്ചകളെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പാരംഭിച്ച ഈ നിഗൂഢ പ്രതിഭാസം ഇന്ന് ഏറെക്കുറെ ഒരു അജ്ഞാത ജീവിയെക്കുറിച്ചുള്ള കെട്ടുകഥയുടെ വ്യാപനത്തിനു വരെ കാരണമായിട്ടുണ്ട്.

കൊല്ലുന്നത് ചെന്നായ്ക്കളെന്ന് ഗവേഷകര്‍

Coyote

ആല്‍ബെര്‍ട്ടയിലെ എഡ്മണ്ടൺ‍, സെന്‍റ് ആല്‍ബര്‍ട്ട് എന്നീ നഗരങ്ങളിലെ പൂച്ചകളാണ് ഏതോ ജീവികളുടെ ആക്രമണത്തില്‍  ദാരുണമായി കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത് 53 പൂച്ചകളാണ്. ചെന്നായ്ക്കളാണ് പൂച്ചകളെ കൊന്നു തിന്നുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. പക്ഷേ ഇക്കാര്യം സ്ഥിതീകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഗവേഷകര്‍ക്കിതു വരെ ലഭിച്ചിട്ടില്ല. അതേസമയം മുഴുവന്‍ പൂച്ചകളും ചത്തത് ചെന്നായ്ക്കളുടെ ആക്രമണത്തിലല്ലെന്ന് ഒരു സംഘം ഗവേഷകര്‍ പറയുന്നു. 68 ശതമാനം മാത്രമാണ് ചെന്നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചത്. ബാക്കി പൂച്ചകള്‍ വാഹനങ്ങള്‍ ഇടിച്ചു കൊല്ലപ്പെട്ടതാണെന്നാണ് ഇവരുടെ വിശദീകരണം.

പൂച്ചകളെ കൊല്ലുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ചെന്നായ്ക്കളാണെന്ന നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്കു മറ്റൊരു കാരണം കൂടിയുണ്ട്. പൂച്ചകള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്നത് വേനല്‍ക്കാലത്തിന്‍റെ അവസാനഘട്ടത്തിലാണ്. അതായത് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍. ഈ സമയത്താണ്  പ്രായപൂര്‍ത്തിയായ ചെന്നായ്ക്കള്‍ ആദ്യമായി സ്വതന്ത്രമായി വേട്ടയാടാന്‍ ആരംഭിക്കുന്നത്. ഇവയുടെ പരിശീലനത്തിനുള്ള ഇരയായി പൂച്ചകള്‍ മാറുന്നതാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

ദുര്‍മന്ത്രവാദ ഭയത്തിനു പിന്നില്‍

cat

കേള്‍ക്കുമ്പോള്‍ കൗതുകമായി തോന്നുമെങ്കിലും ആല്‍ബെര്‍ട്ടയിലെ ദുര്‍മന്ത്രവാദ ഭയത്തിനു പിന്നിലും ഒരു ചരിത്രമുണ്ട്. 1980 കളില്‍ നടന്ന ചില സംഭവങ്ങളാണ് ഈ ഭീതി പടരാന്‍ കാരണം. സമാനമായ രീതിയില്‍ ആല്‍ബെര്‍ട്ടയില്‍ പൂച്ചകള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ചില ദുര്‍മന്ത്രവാദികളാണെന്നാണ് അന്ന് കരുതപ്പെട്ടിരുന്നത്. ഇത് സൂചിപ്പിക്കുന്ന ചില തെളിവുകളും അന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവാദികളെ കണ്ടെത്തുകയോ ശിക്ഷിക്കുകയോ അന്നു ചെയ്തിരുന്നില്ല.

കലിഫോര്‍ണിയയിലും ലണ്ടനിലും സമാനമായ സംഭവം

cat

കലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടി, ഫ്ലോറിഡ, ബ്രിട്ടന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം സമാനമായ രീതിയിലുള്ള പൂച്ചകളുടെ കൂട്ടക്കൊലകള്‍ പലപ്പോഴായി നടന്നിട്ടുണ്ട്. സൗത്ത് ലണ്ടനില്‍ മാത്രം സമാനമായ സംഭവത്തില്‍ നാനൂറിലധിക പൂച്ചകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ വസിക്കുന്ന ലണ്ടനിലെ കുപ്രസിദ്ധരായ കുറുക്കന്‍മാരാണ് ഇവിടത്തെ പൂച്ചക്കൊലകള്‍ക്കു പിന്നിലെന്നാണ് വിശ്വസിക്കുന്നത്. കലിഫോര്‍ണിയിലെ നഗരപ്രദേശത്തു കാണപ്പെടുന്ന ചെന്നായ്ക്കളുടെ ഇരകളില്‍ 20 ശതമാനവും പൂച്ചകളും മറ്റു വളര്‍ത്തു മൃഗങ്ങളുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com