ADVERTISEMENT

കേരളത്തിലെ ആനത്തറവാട്ടിലെ പ്രധാന തലയെടുപ്പുകളിലൊന്നായ മംഗലാംകുന്ന് ഗണപതി ചെരിഞ്ഞു. 80 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് 15 ദിവസമായി അവശനിലയിലായിരുന്നു. ഇന്നലെ വൈകിട്ട് 5.20ന് മംഗലാംകുന്നിലാണ് അന്ത്യം. സംസ്കാരം ഇന്നു രാവിലെ 8.30ന് വാളയാർ വനത്തിൽ.പാദരോഗമുണ്ടായിരുന്ന ഗണപതി തൃശൂരിലെ ഡോ.ഗിരിദാസിന്റെയും പാലക്കാട്ടെ ഡോ. പൊന്നുമണിയുടെയും ചികിത്സയിലായിരുന്നു. 

നാട്ടാനയുടെ സൗന്ദര്യവും ഗജലക്ഷണങ്ങളുമൊത്ത ഈ ഗജവീരൻ 1990ലാണ് മംഗലാംകുന്ന് ആനത്തറവാട്ടിലെത്തിയത്.അന്നപൂർണ ഗ്രൂപ്പ്, പോപ് സൺ ഗ്രൂപ്പ്, നടൻ ബാബു നമ്പൂതിരി എന്നിവരുടെ ഉടമസ്ഥതയിലായിരുന്നു മുൻപ് ഈ ആന. തൃശൂർപൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെല്ലാം തിടമ്പാനയായിരുന്ന ഗണപതിയെ കഴിഞ്ഞ 13ന് നടന്ന തൂതപ്പൂരത്തിനാണ് അവസാനമായി എഴുന്നള്ളിച്ചത്. 1990, 1992, 1993, 1995, 1997, 1999 വർഷങ്ങളിൽ തൃശൂർ പൂരത്തിനു പാറമേക്കാവിന്റെ രാത്രി എഴുന്നള്ളിപ്പിനു കോലമേന്തിയ ആനയാണ്. 1984ലാണ് ആദ്യമായി തെക്കോട്ടിറക്കത്തിൽ പൂരത്തിന് എഴുന്നള്ളിച്ചത് ആനകൾക്കു ബാധിക്കാറുള്ള സറ എന്ന രോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചരിത്രമുണ്ട് സൗമ്യശീലനായ ഗണപതിക്ക്. 

ആനച്ചന്തം, വാത്സല്യം, നാട്ടാമ്മൈ തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലും ഏതാനും പരസ്യചിത്രങ്ങളിലും താരമായി. ഗജ സൗന്ദര്യ മത്സരങ്ങളിലും സമ്മാനം നേടിയ ഗണപതിക്ക് ഗജകേസരി, ഗജരത്നം, ഗജരാജൻ പട്ടങ്ങൾ ലഭിച്ചു. ഗജരാജന് ആദരാഞ്ജലികളർപ്പിക്കാൻ നൂറുകണക്കിന് ആനപ്രേമികളാണ് മംഗലാംകുന്ന് ആനത്തറവാട്ടിൽ എത്തിയത്.

മംഗലാംകുന്ന് ആനത്തറവാടിന്റെ തിടമ്പായ ഗണപതി ഇനിയില്ലെന്നു വിശ്വസിക്കാൻ ആരാധകർക്കു കഴിയുന്നില്ല. പഴയ തലമുറയും പുതിയ തലമുറയുമെല്ലാം നെഞ്ചേറ്റിയ ഈ ഗജശ്രേഷ്ഠൻ ഇന്നലെയാണു ചരിഞ്ഞത്.ഉത്സവ എഴുന്നള്ളിപ്പുകളിൽ ഗണപതി നിറസാന്നിധ്യമായിരുന്നു. സൗമ്യഭാവവും നല്ല ശീലവും ആയിരുന്നു. ഏതെങ്കിലും ഒരു ഉത്സപ്പറമ്പിൽ പ്രശ്നമുണ്ടാക്കിയ ചരിത്രം അവനില്ല. ഒട്ടേറെ ഫാൻസ് അസോസിയേഷനുകളും ഉണ്ടായിരുന്നു. ലക്ഷണമൊത്ത നാടൻ ആനയാണ് ഗണപതി. തെച്ചിക്കോട് രാമചന്ദ്രൻ, ഗുരുവായൂർ പത്മനാഭൻ ഉൾപ്പടെയുള്ള ഗജവീരൻമാരുടെ പട്ടികയിൽ ആനപ്രേമികൾ ഗണപതിക്കും സ്ഥാനം നൽകി. അനുസരണയും സ്നേഹവുമുള്ള ഗണപതിയെ കൊണ്ടുനടക്കാൻ  പ്രയാസമുണ്ടായിരുന്നില്ലെന്ന് ഏറെക്കാലം പാപ്പാനായിരുന്ന ശങ്കരനാരായണൻ ഓർക്കുന്നു.

നടൻ ബാബു നമ്പൂതിരിയുടെ കുടുംബം വർഷങ്ങൾക്കു മുൻപു മോഹവില കൊടുത്തു വാങ്ങിയ ഗണേശൻ പിന്നീട് മംഗലാംകുന്ന് ആനത്തറവാട്ടിൽ എത്തുകയായിരുന്നു. പ്രൗഢിയുടെ ഉയരങ്ങളെല്ലാം താണ്ടിയത് ഇവിടെ നിന്നാണ്. നടൻ ജയറാം ഉൾപ്പെടെ പലരും ഗണേശനെ ചോദിച്ചെങ്കിലും തറവാടിന്റെ ഐശ്വര്യമായി മംഗലാംകുന്നുകാർ ഇവനെ നിലനിർത്തി. ഗജവീരൻ ചരിഞ്ഞതറിഞ്ഞ് വിവരങ്ങളറിയാനായി വിദൂരങ്ങളിൽ നിന്നു പോലും ആനപ്രേമികളുടെ നിലയ്ക്കാത്ത ഫോൺവിളികളായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com