ADVERTISEMENT

ദക്ഷിണാഫ്രിക്കന്‍ തീരത്തെ സൊഡ്‌വാനാ മേഖലയില്‍ നിന്നാണ് സീലകാന്ത് ഇനത്തില്‍ പെട്ട മത്സ്യങ്ങളെ ഒരിക്കല്‍ കൂടി ഗവേഷകര്‍ കണ്ടെത്തിയത്. വംശനാശം സംഭവിച്ചുവെന്നു കരുതപ്പെട്ട ഈ പ്രാചീന മത്സ്യങ്ങളെ 1938 ല്‍ കണ്ടെത്തിയതോടെയാണ് ഇവ ഇപ്പോഴും നിലവിലുണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഇതുവരെ എട്ട് തവണ മാത്രമാണ് ഈ മത്സ്യങ്ങളെ ഗവേഷകര്‍ക്കു കണ്ടെത്താനായത്. ഇതില്‍ ഒടുവിലത്തേതാണ് കഴിഞ്ഞ മാസം പകുതിയോടെ ഗവേഷകര്‍ കണ്ടെത്തിയ സീലകാന്ത് മത്സ്യങ്ങള്‍. ഈ ഇനത്തില്‍ ഏതാണ്ട് 33 മത്സ്യങ്ങള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നതെന്നാണ് കരുതുന്നത്.

ഡൈനോഫിഷ്

ദിനോസറുകളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നതിനാലാണ് സീലകാന്ത് മത്സ്യങ്ങള്‍ക്ക് ഡൈനോ ഫിഷ് എന്ന പേര് ലഭിച്ചത്. ദിനോസറുകളെ ഇല്ലാതാക്കിയ കാലാവസ്ഥാ മാറ്റം ഈ ജീവികളെയും ഇല്ലാതാക്കിയിരിക്കാം എന്നായിരുന്നു ഏതാണ്ട് ഒരു നൂറ്റാണ്ട് മുന്‍പ് വരെ ഗവേഷകര്‍ കരുതിയിരുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് തന്നെ ലഭിച്ച ഫോസിലുകളിലൂടെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ് ഈ മത്സ്യങ്ങളെക്കുറിച്ച് ഗവേഷകര്‍ അറിയുന്നത്. ആ ഫോസിലുകള്‍ക്ക് ദശലക്ഷക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. 

ഭൂമിയില്‍ ഇന്ന് നിലവിലുള്ള ഏറ്റവും പ്രാചീന മത്സ്യങ്ങളിലൊന്നാണ് സീലകാന്ത്. അതുകൊണ്ട് തന്നെ 1938 ല്‍ ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തുമ്പോള്‍ ശാസ്ത്രലോകം ഒന്നാകെ അമ്പരന്നു. കാരണം മറ്റൊന്നുമല്ല, അന്ന് ശാസ്ത്രം വിശ്വസിച്ചിരുന്നത് ഈ മത്സ്യങ്ങള്‍ക്ക് ദിനോസറുകള്‍ക്കൊപ്പം 65 ദശലക്ഷം മുന്‍പ് വംശനാശം സംഭവിച്ചു എന്നായിരുന്നു. ഇത്രയും ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് വംശനാശം സംഭവിച്ചു എന്നു കരുതിയ മത്സ്യങ്ങള്‍ വീണ്ടും ജീവനോടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് ശാസ്ത്രലോകം ഇവയെ ജീവിക്കുന്ന ഫോസിലുകള്‍ എന്നു വിളിച്ചതും.

 coelacanth captured on camera off the South African coast

എറിക് 

ദക്ഷിണാഫ്രിക്കന്‍ തീരപ്രദേശത്തു തന്നെയുള്ള ഇസിമാംഗലിസോ സമുദ്രജീവി പാര്‍ക്കിലാണ് ഇവയെല്ലാം തന്നെയുള്ളത്. എറിക് എന്ന് വിളിക്കുന്ന ഒടുവില്‍ കണ്ടെത്തിയ മത്സ്യത്തിന്‍റെയും ദൃശ്യങ്ങള്‍ ലഭിച്ചത് ഈ മേഖലയില്‍ നിന്നാണ്. സമുദ്രനിരപ്പില്‍ നിന്ന് 125 മീറ്റര്‍ ആഴത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് എറികിനെ കണ്ടത്. 2009 ലാണ് എറികിനെ ആദ്യമായി കണ്ടെത്തുന്നത്. 2013 ല്‍ വീണ്ടും എറിക് ഗവേഷകര്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

സീലകാന്ത് മത്സ്യങ്ങള്‍ക്കിടയില്‍ സാറ്റ്‌ലെറ്റ് ടാഗ് നല്‍കിയിരിക്കുന്ന ഏക മത്സ്യവും എറികാണ്. 2000 ത്തിന് ശേഷം നാല് തവണയാണ് സീലകാന്ത് മത്സ്യങ്ങളെ കണ്ടെത്തിയത്. ഇതില്‍ മൂന്ന് തവണയും ഗവേഷകര്‍ക്ക് മുന്നിലെത്തിയത് എറികാണ്. ആദ്യം കണ്ടെത്തി 10 വര്‍ഷം പിന്നിട്ട ശേഷവും എറിക് ആരോഗ്യത്തോടെയിരിക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പഠനം നടത്തുന്ന വെയ്ൽ ഓഷ്യന്‍സ് മേധാവി ജീന്‍ ഹാരിസ് പറയുന്നു. 

എര്‍ത്ത് ടച്ച്- നാഷണല്‍ ജ്യോഗ്രഫിക് സംയുക്തമായി റിമോട്ട് ഓപ്പറേറ്റിങ് വെഹിക്കിള്‍ ഉപയോഗിച്ചാണ് ഈ മത്സ്യത്തെ നിരീക്ഷിച്ചത്. ഇത്തവണ എറിക് മത്സ്യത്തെ ഏതാണ്ട് 12 മിനിട്ടോളം നിരീക്ഷിക്കാന്‍ കഴിഞ്ഞതായാണ് ഗവേഷകര്‍ പറഞ്ഞു. സീലകാന്ത് മത്സ്യങ്ങളുടെ ജീവിതരീതിയും, ആവസമേഖലയും ഭക്ഷണ രീതിയുമെല്ലാം മനസ്സിലാക്കാന്‍ ഇത്തവണ ലഭിച്ച ദൃശ്യങ്ങള്‍ സഹായകരമാകുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 

അതേസമയം സീലകാന്ത് മത്സ്യങ്ങളെക്കുറിച്ചുള്ള നിരവധി വിവരങ്ങള്‍ ഇപ്പോഴും ശാസ്ത്രത്തിന് അജ്ഞാതമാണ്. ഇവയുടെ ആയുസ്സ് പോലുള്ള പല വിവരങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകരിപ്പോള്‍. ഇതിലൂടെ ഒരു പക്ഷേ ഇപ്പോള്‍ വളരെ കുറച്ചു മാത്രമുള്ള ഇവയുടെ അംഗസംഖ്യ വർധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തെളിയുമെന്നാണ് ഇവരുടെ വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com