ADVERTISEMENT

കാട്ടാനകൾ പാലക്കാട് ജില്ലയെ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും ഇവയെ തുരത്താനുള്ള കുങ്കിയാനകളെ ‘കാണാനില്ല’. മലമ്പുഴ എംഎൽഎയും സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദൻ വിളിച്ചുചേർത്ത ഉന്നത വനം ഉദ്യോഗസ്ഥരുടെ യോഗത്തിലാണു കാട്ടാനശല്യം പ്രതിരോധിക്കാൻ ജില്ലയിലേക്കു 3 കുങ്കിയാനകളെ എത്തിക്കാൻ തീരുമാനിച്ചത്. യോഗം കൂടി ഒന്നരമാസം കഴിഞ്ഞിട്ടും കുങ്കികൾ ജില്ലയിലെത്തിയിട്ടില്ല. കാരണവും വ്യക്തമല്ല. കൃത്യമായ മറുപടിയും ഇല്ല. 

കുങ്കിയാനകളെ ആവശ്യത്തിനനുസരിച്ച് എത്തിക്കുമെന്നാണു വകുപ്പ് ഉന്നതരുടെ മറുപടി. നിലവിലെ കാട്ടാനശല്യം പോരാഞ്ഞിട്ടാണോ കുങ്കിയാനകളെ എത്തിക്കാത്തതെന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ശക്തമായ ഇടപെടലും ഉണ്ടാകുന്നില്ല. മഴ കുറവായതിനാലാണു കുങ്കിയാനകളെ എത്തിക്കാത്തതെന്നായിരുന്നു ഇതുവരെയുള്ള വിശദീകരണം. കുങ്കിയാനകൾ എത്തിയാലെങ്കിലും തങ്ങളുടെ അമിത ജോലി ഭാരം കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണു വനംവകുപ്പ് ജീവനക്കാർ. 

40 കാട്ടാനകൾ; ഓടിച്ചു മടുത്തു

ജില്ലയിൽ ജനവാസ മേഖലകളിൽ 40 കാട്ടാനകൾ ഉണ്ടെന്നാണു വനംവകുപ്പിന്റെ റിപ്പോർട്ട്. വെറും പടക്കം മാത്രം ഉപയോഗിച്ചാണു താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ ആനകളെ ഓടിക്കേണ്ടത്. ആനകളെ തുരത്താൻ അടുത്തിടെ ജില്ലയ്ക്കു 2 തോക്കു ലഭിച്ചെങ്കിലും പ്രയോഗിച്ചു തുടങ്ങിയിട്ടില്ല. കാട്ടാനകളുടെ കാടിറക്കം പതിവായതോടെ അവധി പോലും ലഭിക്കാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥർ. ആനകളെ തുരത്തി മടുത്തെന്ന അടക്കംപറച്ചിലുകളും വകുപ്പിൽ ശക്തമാണ്. 

പാപ്പാൻ ക്ഷാമമോ?

കുങ്കികളുടെ വരവു വൈകിപ്പിക്കുന്നതു പാപ്പാൻ ക്ഷാമമാണോ? വനംവകുപ്പിൽ പാപ്പാൻക്ഷാമം രൂക്ഷമാണ്. വയനാട്ടിലും മറ്റുമാണു പരിശീലനം ലഭിച്ച പാപ്പാ‍ൻമാർ ഉള്ളത്. ഇവരെ കൂടുതൽ ദിവസം ഇതര ജില്ലകളിലേക്കു നിയോഗിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളും വനംവകുപ്പിനെ അലട്ടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com