ADVERTISEMENT

ക്രിസ്മസ് എത്തുമ്പോള്‍ മാത്രമാണ് ഒരു പക്ഷേ ലോകം റെയിന്‍ഡിയറുകളെക്കുറിച്ച് ഓര്‍ക്കുന്നത്. സാന്താക്ലോസിന്‍റെ വാഹനം വലിക്കുന്ന ജീവികളായി മാത്രമാണ് അവയെ മിക്കവര്‍ക്കും പരിചയവും. എന്നാല്‍  മാന്‍വര്‍ഗത്തില്‍ പെടുന്ന ഈ ജീവി ഭൂമിയുടെ വടക്കേ അറ്റത്തുള്ള ഏതാനും പ്രദേശങ്ങളില്‍ അതിജീവനത്തിനായി കനത്ത വെല്ലുവിളി നേരിടുകയാണെന്നതാണ് സത്യം. 

ഇരുന്നൂറിലധികം റെയിന്‍ഡിയറുകളെയാണ് കൂട്ടത്തോടെ ചത്ത നിലയില്‍ നോര്‍വീജിയന്‍ ദ്വീപായ സ്വാല്‍ബാര്‍ഡില്‍ കണ്ടെത്തിയത്.1978 ല്‍ റെയിന്‍ഡിയറുകളുടെ സെന്‍സസ് എടുക്കാന്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. റെയിന്‍ഡിയറുകളിലെ തന്നെ സ്വാല്‍ബാര്‍ഡ് ഇനത്തില്‍ പെടുന്നവയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ 232 ജീവികളും. ശൈത്യകാലത്തിന്‍റെ ദൈര്‍ഘ്യം ഇക്കുറി കുറവായതിനാല്‍ റെയിന്‍ഡിയറുകള്‍ പട്ടിണി കിടന്നു മരിച്ചതാണെന്ന നിഗമനത്തിലാണ് നോര്‍വീജിയന്‍ പോളാർ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ നിഗമനം. കാരണം പട്ടിണി മരണത്തെ അതിജീവിച്ച മറ്റ് റെയിന്‍ഡിയറുകളുടെ തൂക്കത്തിലും ഗണ്യമായ കുറവാണ് ഗവേഷകര്‍ കണ്ടെത്തിയത്.

റെയിന്‍ഡിയറുകളുടെ ഈ കൂട്ടമരണം ഭയപ്പെടുത്തുന്നതാണെന്ന് ഗവേഷകനായ ഓന്‍വിക് പെഡേഴ്സണ്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ഭൂമിയിലെ ജീവിവര്‍ഗങ്ങള്‍ എത്ര യാതന സഹിക്കേണ്ടി വരും എന്നതിന് ഉദാഹരണമാണ് റെയിന്‍ഡിയറുകള്‍ക്കു സംഭവിച്ചതെന്ന് പെഡേഴ്സണ്‍ പറയുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ തുടക്കത്തിലെ ഒരു വര്‍ഷത്തില്‍ സംഭവിച്ച കാര്യമാണ്. അതുകൊണ്ട് തന്നെ മുന്നോട്ടുള്ള കാലത്ത് എത്ര ജീവിവര്‍ഗങ്ങള്‍ക്ക് ഈ തീക്ഷ്ണമായ മാറ്റങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്നു പോലും ഉറപ്പില്ലെന്ന് പെഡേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. 

റെയിന്‍ഡിയറുകളുടെ മരണത്തിന് കാരണം?

reindeer

ശൈത്യകാലത്തിന്‍റെ ദൈര്‍ഘ്യത്തിലെ കുറവ് എങ്ങനെ റെയിന്‍ഡിയറുകളുടെ കൂട്ടമരണത്തിനു കാരണമായി എന്ന് ഗവേഷകര്‍ വിശദീകരിയ്ക്കുന്നത് ഇങ്ങനെയാണ്. ശൈത്യകാലം വൈകിയാണ് ഇക്കുറി ആര്‍ട്ടിക് മേഖലയിലേക്കെത്തിയത്. ഇതുവരെ താരതമ്യേന ഉയര്‍ന്ന ചൂടുള്ള കാലാവസ്ഥയാണ് നിലനിന്നത്. ഇതുമൂലം സാധാരണയിലും കനത്ത മഴയാണ് ആര്‍ട്ടിക്കില്‍ പെയ്ത്. കനത്ത മഴയ്ക്ക് തൊട്ടുപിന്നാലെ ശൈത്യകാലമെത്തിയപ്പോള്‍ പതിവിലും കൂടുതല്‍ മഞ്ഞ് രൂപപ്പെടാന്‍ ഇത് കാരണമായി. 

സാധാരണ ഗതിയില്‍ മഞ്ഞ് പാളികള്‍ക്കിടയിലൂടെ കുഴിയുണ്ടാക്കി അടിയിലെ പുല്ല് തിന്നാണ് റെയിന്‍ഡിയറുകള്‍ ശൈത്യകാലത്തെ അതിജീവിക്കാറുള്ളത്. എന്നാല്‍ മഴവെള്ളം കൂടി ഇക്കുറി മഞ്ഞുപാളിയായി മാറിയതോടെ മഞ്ഞുപാളികളുടെ കനം ഏതാനും അടി വർധിച്ചു. ഇതോടൊപ്പം മഞ്ഞ് പെയ്ത് രൂപപ്പെടുന്ന മഞ്ഞുപാളിയേക്കാള്‍ വെള്ളം കട്ടിയായി രൂപപ്പെട്ട മഞ്ഞുപാളി കൂടുതല്‍ ബലമേറിയതായിരുന്നു. ഇതോടെ ഈ മഞ്ഞുപാളി തുരന്ന് അടിയിലെ പച്ചപ്പ് കണ്ടെത്തുകയെന്നത് റെയിന്‍ ഡിയറുകള്‍ക്ക് അസാധ്യമായി മാറി ഇതോടെ റെയിന്‍ ഡിയറുകളില്‍ വലിയൊരു വിഭാഗവും ഏതാണ്ട് പൂര്‍ണമായും പട്ടിണിയിലാകുകയും മരണപ്പെടുകയും ചെയ്തു. 

റെയിന്‍ ഡിയറുകളുടെ മരണത്തിന്‍റെ പ്രത്യാഘാതം.

പ്രദേശത്തെ ജൈവവ്യവസ്ഥയിലാകെ റെയിന്‍ഡിയറുകളുടെ മരണം ആഘാതമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. റെയിന്‍ഡിയറുകളുടെ ശരീരാവശിഷ്ടം ഭക്ഷിച്ചു ജീവിക്കുന്ന കുറുക്കന്‍മാര്‍ മുതല്‍ റെയിന്‍ഡിയറുകളുമായി ഭക്ഷണത്തില്‍ മത്സരിക്കുന്ന വിവിധയിനം പക്ഷികള്‍ക്ക് വരെ തല്‍ക്കാലത്തേക്ക് ഇവയുടെ മരണം ഗുണകരമാണ്. എന്നാല്‍ വൈകാതെ ഇത് പ്രതിസന്ധിയായി മാറുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പല ഘട്ടങ്ങളിലായി ഈ റെയിന്‍ഡിയറുകള്‍ ചാകുന്നത് വര്‍ഷം മുഴുവന്‍ കുറുക്കന്‍മാര്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഒന്നായിരുന്നു. എന്നാല്‍ കൂട്ടത്തോടെ ഇരുന്നൂറിലധികം റെയിന്‍ ഡിയറുകള്‍ ചത്തത് ഇനിയങ്ങോട്ട് ചുരുങ്ങിയത് 3 വര്‍ഷത്തേക്കെങ്കിലും കുറുക്കന്‍മാര്‍ക്കും ഭക്ഷ്യക്ഷാമത്തിന് ഇടയാക്കിയേക്കും.

ഭക്ഷണക്കാര്യത്തില്‍ മത്സരിയ്ക്കുമെങ്കിലും റെയിന്‍ഡിയറുകളുടെ സാന്നിധ്യം പല പക്ഷിയിനങ്ങള്‍ക്കും അതിജീവനത്തിന് അനിവാര്യമാണ്. കാരണം റെയിന്‍ഡിയറുകള്‍ ശൈത്യകാലത്ത് തുരന്നു കണ്ടെത്തുന്ന സസ്യങ്ങളാണ് പക്ഷിവര്‍ഗങ്ങള്‍ക്കും ശൈത്യകാലത്തെ അതിജീവിക്കാന്‍ സഹായകമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com