ADVERTISEMENT

എറണാകുളം കോതമംഗലത്തിന് സമീപം  കുട്ടമ്പുഴയിൽ നാട്ടിലിറങ്ങിയ കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. കൃഷിയിടം നശിപ്പിക്കുന്നതിനിടെ പൊട്ടിയ വൈദ്യുതലൈന്‍ ആനയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടമ്പുഴ, ആനക്കയം ഭാഗത്ത് താമസിക്കുന്ന പാലക്കുന്നേൽ ലൈക്ക് ലക്ഷമണന്‍റെ പുരയിടത്തിലാണ് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ ആനയെ കണ്ടെത്തിയത്.  12 വയസ് പ്രായം തോന്നിക്കുന്ന മൊട്ടക്കൊമ്പനാണ് ചരിഞ്ഞത്. 

രാത്രി ഒരു മണിയോടെ പുഴ കടന്ന് പുരയിടത്തിലെത്തിയ ആന വാഴയും തെങ്ങും മറ്റ് കാർഷിക വിളകളും ചവിട്ടി മെതിച്ച് വൻ നാശമുണ്ടാക്കി. ഇതിനിടയിൽ ആന ചവിട്ടി ഒടിച്ച ഒരു തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു. ലൈനുകൾ ആനയുടെ ശരീരത്തിലേക്കാണ് പൊട്ടിവീണത്.  

സംഭവമറിഞ്ഞ് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിൽ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. ആനയിറങ്ങാതെ വേലി സ്ഥാപിക്കണമെന്നും, കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

സംസ്കരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയെ കൊണ്ടുപോകാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. വന്യമൃഗശല്യത്തിന് പരിഹാരവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ക്രെയിനിന്റെ സഹായത്തോടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനുശേഷമാണ് കുട്ടമ്പുഴ ആനക്കയത്ത് വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിന് വെളിയിലെത്തിക്കാനായത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ കാട്ടാന തെങ്ങ് മറിച്ചിട്ടപ്പോൾ വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. 

നടപടിക്രമങ്ങൾക്കു ശേഷം ആനയെ കാട്ടിലെത്തിച്ച് സംസ്കരിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. ആനയെ റോഡിലെത്തിച്ചതോടെ നാട്ടുകാർ തടഞ്ഞു. തകർന്ന് കിടക്കുന്ന വേലി നന്നാക്കുക , വേലി ഇല്ലാത്ത സ്ഥലത്ത് ഉടനടി  സ്ഥാപിക്കുക , കൃഷിക്ക് നഷ്ടപരിഹാരം നൽകുക, തകർന്ന വൈദ്യുതി സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ 2 മണിക്കൂർ തടഞ്ഞു വച്ചു.

ആവശ്യങ്ങൾ ഉടനടി നടപ്പാക്കാമെന്ന് വനംവകുപ്പ്  ഉറപ്പ് നൽകിയതോടെ നാട്ടുകാർ പിൻമാറി. തുടർന്ന് ആനയെ കുട്ടമ്പുഴ അട്ടിക്കളംഭാഗത്തെ വനത്തിൽ എത്തിച്ചു. ആനകളെ ഓടിച്ച് വിടുന്നതിന് നിലവിലുള്ള വാച്ചർമാരെ ഡ്യൂട്ടിക്കിടുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വാച്ചർമാരെ ഇവിടെ നിയമിക്കുമെന്നും വനംവകുപ്പ് നാട്ടുകാർക്ക് ഉറപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com