ADVERTISEMENT

ആറു പതിറ്റാണ്ടു മുൻപു വരെ കാടും മലയും കുറുക്കനും കുറുനരികളും മലമ്പാമ്പുകളും നിറഞ്ഞതായിരുന്നു കാക്കനാട്.പിന്നീടു ഭരണകേന്ദ്രവും ഐടി ആസ്ഥാനവുമായി തിരക്കേറിയ കാക്കനാട്ട് സമീപകാലത്തെ വന്യജീവി സാമീപ്യം പുതിയ തലമുറയിൽ കൗതുകം ഉണർത്തുന്നു. കുരങ്ങ്, ഉടുമ്പ്, വെള്ളിമൂങ്ങ, മരപ്പട്ടി, മലമ്പാമ്പ് തുടങ്ങിയവയൊക്കെ കാക്കനാട്ടേക്കു തിരിച്ചെത്തുകയാണോ?. വനം വകുപ്പിനും പൊലീസിനുമാണു പൊല്ലാപ്പ് കൂടുതൽ.

ഫ്ലാറ്റുകൾക്കു മുകളിലൂടെ ചാടിക്കളിക്കുന്ന വാനരക്കൂട്ടങ്ങളും കടകൾ തോറും കയറി ഇറങ്ങുന്ന ഉടുമ്പുകളും വാർത്തയായതിനു പിന്നാലെ വീടുകളിലേക്കു പറന്നെത്തുന്ന വെള്ളിമൂങ്ങകളാണു പുതിയ അതിഥികൾ. വാഴക്കാല, മൂലേപ്പാടം, ഓലിക്കുഴി മേഖലകളിലാണു വെള്ളിമൂങ്ങകളുടെ സാന്നിധ്യം കൂടുതൽ. കാടു വിട്ടു നാട്ടിലിറങ്ങിയ ഉടുമ്പുകൾ കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും കൗതുകം പകർന്നതു കഴിഞ്ഞയാഴ്ചയാണ്.

Visitors from the wild

കഴിഞ്ഞ ദിവസം കലക്ടറേറ്റിനു സമീപം സുരഭി നഗറിലെ ടെക്സ്റ്റൈൽ ഷോറൂമിൽ ഉടുമ്പിനെ കണ്ടെത്തിയിരുന്നു. വലിയ ഉടുമ്പിനെ ജീവനക്കാരും പരിസരത്തുള്ളവരും ചേർന്നു ഓടിച്ചപ്പോൾ സമീപത്തെ കാനയിലേക്ക് ഇറങ്ങിപ്പോയി. തൊട്ടടുത്ത കടകളിലും ഉടുമ്പുകളെ കണ്ടവരുണ്ട്. കാടുകൾ വെട്ടിത്തെളിച്ചതോടെ താവളമില്ലാതെ അലയുന്ന ഉടുമ്പുകളാണ് സ്ഥാപനങ്ങളിൽ കയറിപ്പറ്റി ആളൊഴിഞ്ഞ മൂല താവളമാക്കുന്നത്. കാക്കനാട് മേഖലയിൽ കുരങ്ങു ശല്യവും കൂടിയിട്ടുണ്ട്. 

തിരക്കില്ലാത്ത റോഡുകളുടെ അരികുപറ്റി ഉടുമ്പുകൾ പോകുന്നതു വഴിയാത്രക്കാർ കാണാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കലക്ടറേറ്റിനു സമീപത്തെ ഡിഎൽഎഫ്, അസെറ്റ് ഹോം ഫ്ലാറ്റുകളിലും വിഎസ്എൻഎൽ റോഡിലും കൊല്ലംകുടിമുകളിലും കുരങ്ങു കൂട്ടം എത്തിയിരുന്നു. ഉണക്കാൻ വിരിച്ചിരുന്ന വസ്ത്രങ്ങൾ ഇവ വലിച്ചു കീറി. വഴി തെറ്റിയെത്തുന്ന ഒന്നോ രണ്ടോ കുരങ്ങുകൾ ചില പ്രദേശങ്ങളിൽ സാന്നിധ്യമറിയിക്കാറുണ്ടെങ്കിലും കൂട്ടത്തോടെ ഇവ നാട്ടിലെത്തുന്നത് അപൂർവം. മലയും കാടും ഇറങ്ങി വരുന്ന മലമ്പാമ്പുകളും ഈ മേഖലയിലെ പതിവു അതിഥികളാണ്. കലക്ടറേറ്റ് സമുച്ചയം ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ മരപ്പട്ടികളും ഒട്ടേറെ.  ഇവയും പൊലീസിനും വനം വകുപ്പിനും തലവേദന സൃഷ്ടിക്കാറുണ്ട്. കാടുകൾ വെട്ടിത്തെളിച്ചതോടെ താവളമില്ലാതെ അലയുന്ന ജീവികളാണു നാട്ടിലെത്തുന്നതെന്നാണ് അനുമാനം.

English Summary: Visitors from the wild

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com