ADVERTISEMENT

വടക്കേ അമേരിക്കയിലെ നദികളിലും വലിയ തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജല മത്സ്യമാണ് ബിഗ് മൗത്ത് ബഫല്ലോ. ബോണ്‍ ഫിഷ് എന്ന ഇനത്തില്‍ പെടുന്ന ഈ മത്സ്യങ്ങളാണ് ലോകത്ത് ഏറ്റവുമധികം ആയുസ്സുള്ള ശുദ്ധജലമത്സ്യമായി ഇപ്പോള്‍ ഗവേഷകര്‍ അംഗീകരിച്ചിരിക്കുന്നത്. മുന്‍പ് 30 വര്‍ഷമാണ് ഈ മത്സ്യങ്ങളുടെ ശരാശരി ആയുസ്സായി ഗവേഷകര്‍ കരുതിയത്. എന്നാല്‍ പുതിയ പഠനങ്ങളനുസരിച്ച് ഈ മത്സ്യത്തിന് 110 വര്‍ഷം വരെ ജീവിച്ചിരിക്കാന്‍ കഴിയും. അതായത് മുന്‍പ് കണക്കാക്കിയതിലും 80 വര്‍ഷം വരെ അധികം കാലം.

ഒക്‌ലഹോമയില്‍ നിന്ന് 1999 ല്‍ കണ്ടെത്തിയ ബഫല്ലോ മത്സ്യത്തില്‍ നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ ജീവികളുടെ ആയുസ്സ് 30 വര്‍ഷം വരെയാകാം എന്ന നിഗമനത്തിലെത്തിയത്. എന്നാല്‍ കണ്ടെത്തല്‍ തെറ്റായിരുന്നു എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ബോംബ് കാര്‍ബണ്‍ ഡേറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ പഠനം ഗവേഷകര്‍ നടത്തിയത്. ഇതനുസരിച്ച് മിനിസോട്ട മേഖലയില്‍ കണ്ടുവരുന്ന ബഫല്ലോ മത്സ്യങ്ങള്‍ക്ക് 118 വരെ പ്രായം കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ മത്സ്യങ്ങളുടെ ശരാശരി ഉയര്‍ന്ന പ്രായം 110 - 120 വരെയാകാം എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്.

പ്രായം രേഖപ്പെടുത്തുന്ന ചെകിളപ്പൂക്കള്‍

കാര്‍ബണ്‍ ഡേറ്റിങ് വഴി മത്സ്യങ്ങളുടെ ചെകിളക്കൂപ്പൂക്കളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലില്‍ നിര്‍ണായകമായത്. ബഫല്ലോ ഫിഷുകളുടെ ചെകിളപ്പൂക്കള്‍ ഓരോ വര്‍ഷം തോറും വളരും. മത്സ്യം മരിക്കും വരെ ഈ വളര്‍ച്ച തുടരും. 1950 കളില്‍ മിനിസോട്ട മേഖലയില്‍ നടത്തിയ ആറ്റോമിക് ബോംബ് പരീക്ഷണങ്ങള്‍ പുറത്തുവിട്ട റേഡിയോ ആക്ടീവ് കണങ്ങള്‍ ഈ ചെകിളപ്പൂക്കളില്‍ ഉണ്ടായിരുന്നു. ഇതാണ് മത്സ്യങ്ങളിൽ‍ ബോംബ് കാര്‍ബണ്‍ ഡേറ്റിങ് നടത്താന്‍ കാരണമായത്. 

നോര്‍ത്ത് ഡെക്കോട്ട സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ മത്സ്യങ്ങളെ കുറിച്ചുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. മിനസോട്ട മേഖലയിലെ നദികളിലും തടാകങ്ങളിലുമായി 400 മത്സ്യങ്ങളെയാണ് 100 വയസ്സിന് മുകളില്‍ പ്രായമുള്ളതായി കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ ഒരു മത്സ്യത്തിന് മേഖപ്പെടുത്തിയ ഉയര്‍ന്ന പ്രായമാണ് 118. ഏതാണ്ട് 200 ഓളം മത്സ്യങ്ങള്‍ക്ക് 90 ന് മുകളില്‍പ്രായമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പഠനം നടത്തിയ മത്സ്യങ്ങളില്‍ 85 ശതമാനത്തോളം മത്സ്യങ്ങള്‍ക്കും 80 നോ അതിനു മുകളിലോ പ്രായമുണ്ടായിരുന്നു.

ബഫല്ലോ ഫിഷുകളുടെ കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ മത്സ്യത്തെയും ഈ പഠനത്തിനിടയിലാണ് കണ്ടെത്തിയത്. 118 വയസ്സുള്ള ഈ മത്സ്യത്തിന് ഏതാണ്ട് 4 അടി നീളവും 29 കിലോ ഭാരവും ഉണ്ടായിരുന്നു. 

ആശങ്കപ്പെടുത്തുന്ന കണക്കുകള്‍

ലോകത്തിലെ ഏറ്റവും ആയുസ്സുള്ള മത്സ്യങ്ങളാണെങ്കിലും ഇവയുടെ വംശത്തിന്‍റെ ആയുസ്സിനെ ചൊല്ലി ആശങ്കകള്‍ ഉയര്‍ത്തുന്നതാണ് പുതിയ പഠനം. കാരണം മുകളില്‍ സൂചിപ്പിച്ചതു പോലെ പഠനം നടത്താന്‍ തിരഞ്ഞെടുത്ത ജീവികളില്‍ 85 ശതമാനവും 80 അല്ലെങ്കില്‍ അതിനു മുകളില്‍ പ്രായമുള്ളവയാണ്. ഇത് നല്‍കുന്നത് ഒരു ദുസ്സൂചനയാണ്. ഈ മത്സ്യങ്ങളില്‍ പ്രത്യുൽപാദനവും പുതിയ തലമുറയുടെ ജനനവും പര്യാപ്തമല്ല എന്നതാണ് ഈ സൂചന. 

1935 ന് ശേഷം വ്യാപകമായി നദികളില്‍ നടന്ന അണക്കെട്ട് നിര്‍മാണവും മറ്റും ഈ മത്സ്യങ്ങളുടെ പ്രത്യുൽപാദനത്തെ ബാധിച്ചിരിക്കാം എന്നതാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ തടാകങ്ങളിലുള്ള ഈ മത്സ്യങ്ങളില്‍മാത്രമാണ് ഇപ്പോള്‍ പ്രത്യുൽപാദനം നടക്കുന്നത്. അണക്കെട്ടുകളുടെ നിര്‍മാണം നിമിത്തം ഈ മത്സ്യങ്ങളുടെ കുടിയേറ്റത്തെ സാരമായി ബാധിക്കപ്പെട്ടു. ഓരോ സീസണിലും നടക്കുന്ന കുടിയേറ്റത്തിന്‍റെ തോതനുസരിച്ചാണ് ഇവയുടെ ഇണ ചേരലും പ്രത്യുൽപാദനവും നടക്കുന്നതെന്നും ഗവേഷകര്‍ വിവരിക്കുന്നു. 

ബഫല്ലോ ഫിഷുകളുടെ പരിസ്ഥിതി പ്രാധാന്യം

വടക്കേ അമേരിക്കയിലെ ജലാശയങ്ങളില്‍ വളരെ നിര്‍ണായകമായ ഇടപെടലുകളും ഈ ബഫല്ലോ ഫിഷുകള്‍ നടത്തുന്നുണ്ട്. ഈ മേഖലയിലെ ജലാശയങ്ങളിലേക്ക് കുടിയേറ്റം നടത്തുന്ന സീബ്രാ മസില്‍സ് എന്നയിനം ഷെല്‍ ഫിഷുകളെ നിയന്ത്രിക്കുന്നതിന് ബഫല്ലോ ഫിഷുകള്‍ സഹായകമാണ്. അടുത്തിടെ മാത്രം ഈ പ്രദേശത്തേക്കെത്തിയ സീബ്രാ മസില്‍സ് എന്ന ഈ ജീവികള്‍ പ്രാദേശിയ മത്സ്യസമ്പത്ത് മുതല്‍ ജലാശയങ്ങളില്‍ നീന്താന്‍ ഇറങ്ങുന്നവര്‍ക്കു വരെ ഭീഷണിയാണ്. അതേസമയം സീബ്രാ മസിലുകളുടെ ലാര്‍വ ഭക്ഷിക്കുന്ന ബഫല്ലോ ഫിഷുകള്‍ ഈ ഷെല്‍ ഫിഷുകളുടെ അംഗസംഖ്യ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക ഘടകമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com