ADVERTISEMENT

കോവിഡ് ഭീതിയിൽ മുംബൈ നഗരം നിശ്ചലമായി. വമ്പൻ വ്യവസായ ശാലകളും കെമിക്കൽ ഫാക്ടറികളും ഗതാഗതവും നിലച്ചതോടെ, ഉറങ്ങാത്ത മുംബൈ നഗരവും ഉറങ്ങി. ഗതാഗതക്കുരുക്കിൽപെട്ട് ജനങ്ങൾ വലഞ്ഞിരുന്ന നിരത്തുകൾ ജനതാ കർഫ്യു ദിനത്തിൽ വിജനമായി. കര മാത്രമല്ല കടലും ഈ ദിനത്തിൽ ശാന്തമായിരുന്നു.

ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും പോലെ മഹാരാഷ്ട്രയും കുറച്ചു ദിവസങ്ങളായി കോവിഡ് ഭീതിയിലായിരുന്നു. ഫാക്ടറികളുടെയും വ്യവസായശാലകളുടെയും  പ്രവർത്തനം നിലച്ചതോടെ മുംബൈയിലെ അന്തരീക്ഷ മലിനീകരണവും ഗണ്യമായ അളവിൽ കുറഞ്ഞു. വ്യവസായശാലകളിലെ മാലിന്യങ്ങൾ കടലിലേക്ക് എത്താതായി. ഇവ പുറംതള്ളുന്ന കാർബണിന്റെ അളവിലും കുറവു വന്നതോടെ അന്തരീക്ഷത്തിലെ മാലിന്യം കുറഞ്ഞു.

ആളും ആരവവും മാലിന്യവും കുറഞ്ഞതോടെയാണ് മുംബൈ ബ്രീച് കാൻഡി തീരത്തോടു ചേർന്ന് ഏറെക്കാലത്തിനു ശേഷം ഡോൾഫിനുകൾ പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് താരം  ജൂഹി ചൗളയാണ് ബ്രീച് കാൻഡി തീരത്തു നീന്തിത്തുടിക്കുന്ന ഡോൾഫിനുകളുടെ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

കുറച്ചു വർഷങ്ങളായി ഈ ഡോൾഫിനുകളെ വളരെ അപൂർവമായി മാത്രമേ മുംബൈ തീരങ്ങളിൽ കാണാൻ സാധിച്ചിരുന്നുള്ളു. ഇന്ത്യൻ ഓഷ്യൻ ഹംപ്ബാക്ക് ഡോൾഫിൻ എന്നറിയപ്പെടുന്ന ഈ ഡോൾഫിനുകൾ ഒരു കാലത്തു മുംബൈ തീരത്ത് സജീവമായിരുന്നു. എന്നാൽ മത്സ്യബന്ധനവും സമുദ്രമലിനീകരണവും രൂക്ഷമായതോടെ ഇവയെ കാണാതാവുകയായിരുനെന്നു കോസ്റ്റൽ കൺസർവഷൻ ഫൗണ്ടേഷന്റെ സഹസ്ഥാപകനായ ഷൗനെക് മോഡി വ്യക്തമാക്കി. കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും നഗരത്തിനുണ്ടായ ഗുണകരമായ മാറ്റങ്ങളിൽ ആശ്വാസം കണ്ടെത്തുകയാണ് പരിസ്ഥിതി പ്രേമികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com