ADVERTISEMENT

ലോകമെങ്ങും കൊറോണ വൈറസ് ഭീതി പരത്തുന്നതിനിടെ വൈറസിൽ നിന്നും രക്ഷനേടാൻ ഒരു മൃഗശാല നടത്തിയ ശ്രമങ്ങൾ  സമൂഹമാധ്യമങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ ഒരു ചിമ്പാൻസിയെ  സൈക്കിൾ ചവിട്ടിപ്പിച്ച് സാനിറ്റൈസർ തളിക്കുന്നതിന്റെ ചിത്രങ്ങൾ തായ്‌ലൻഡിലെ ഒരു മൃഗശാല പുറത്തു വിട്ടതിനു പിന്നാലെയാണ് പ്രതിഷേധം.

ബാങ്കോക്കിനു സമീപമുള്ള സാമുത്പ്രകാൺ ക്രൊക്കഡൈൽ ഫാം ആൻഡ് സൂ ആണ് സാനിറ്റൈസർ തളിക്കുന്ന ചിമ്പാൻസിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സർജിക്കൽ ഫെയ്സ് മാസ്ക്കും മനുഷ്യൻ ധരിക്കുന്ന തരത്തിലുള്ള ടീഷർട്ടും ഷോർട്സും ധരിപ്പിച്ചാണ് ചിമ്പാൻസിയെ കൊണ്ട് സൈക്കിൾ ചവിട്ടിപ്പിച്ചത്. ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ തന്നെയാണ് ചിമ്പാൻസി സൈക്കിൾ ചവിട്ടിയത്. തടികഷ്ണവുമായി ബന്ധിപ്പിച്ച ചങ്ങലയും വഹിച്ചുകൊണ്ട് ഒരാൾ ചിമ്പാൻസിയുടെ സൈക്കിളിന് ഒപ്പം നടക്കുന്നതും കാണാം.  ഹൃദയഭേദകമായ കാഴ്ചയാണിത് എന്ന് സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധക്കാർ കുറിക്കുന്നു.

ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ചിമ്പാൻസി വസ്ത്രങ്ങൾ അണിയുന്നത് മുതലുള്ള രംഗങ്ങൾ പകർത്തിയിട്ടുണ്ട്. ടാങ്കുകളിൽ നിറച്ച സാനിറ്റൈസർ സൈക്കിളിൽ ഘടിപ്പിച്ച് മൃഗശാലയിലാകെ തളിക്കുന്നതിന് വേണ്ടിയിട്ടാണ് ചിമ്പാൻസിയെ ഉപയോഗിച്ചിരിക്കുന്നത്. പല സമയത്തും ബാലൻസ് നഷ്ടപ്പെട്ടു സൈക്കിൾ ചവിട്ടാൻ ചിമ്പാൻസി ബുദ്ധിമുട്ടുന്നതും വിഡിയോയിൽ കാണാം.വീണ്ടും സൈക്കിൾ ചവിട്ടി നീങ്ങാൻ ഒപ്പം ഉള്ളയാൾ ചിമ്പാൻസിയെ പ്രോത്സാഹിപ്പിക്കുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്.

മൃഗശാലയുടെ ഈ നടപടിക്കെതിരെ നിരവധി മൃഗസംരക്ഷണ സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. സാമുത്പ്രകാൺ ക്രൊക്കഡൈൽ ഫാം ആൻഡ് സൂ പോലെയുള്ള ചിലയിടങ്ങളിൽ മൃഗങ്ങൾ നരകതുല്യമായ ജീവിതമാണ് നയിക്കുന്നതെന്ന് രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ വക്താവായ നിരാലി ഷാ പറയുന്നു.

അതേസമയം ലോക്ഡൗണിന് ശേഷം മൃഗശാല തുറന്നു പ്രവർത്തിക്കുന്നതിനു മുന്നോടിയായുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിന് വേണ്ടിയാണ് ചിമ്പാൻസിയെ ഉപയോഗിച്ചതെന്ന് മൃഗശാലയുടെ ഡയറക്ടറായ ഉത്തൻ യാങ്ങ്പ്രഭക്കോൺ പറയുന്നു. ചിമ്പാൻസിയുടെ കൈകാലുകൾക്ക് വ്യായാമം ലഭിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും വിശദീകരണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com