ADVERTISEMENT

ലവ് ബേർഡ്സ് സംസാരിക്കുമോ? തൃശൂർ പാലയ്ക്കലുള്ള ടി.എൽ. ജസ്റ്റിസിന്റെ വീട്ടിലേക്ക് ചെന്നാൽ ഈ സംശയത്തിനുള്ള മറുപടി ലഭിക്കും. ഓമന പക്ഷിയായി ജസ്റ്റിസ് വളർത്തുന്ന ടുട്ടുമോൻ നല്ല സരസമായി സംസാരിക്കും. തൃശൂർ ശൈലിയിൽ പറഞ്ഞാൽ, നല്ല മണി മണിയായി ഗെഡി വർത്താനം പറയും. 

ഒരു വർഷം മുൻപാണ് ടുട്ടുമോൻ തൃശൂരിലെ ജസ്റ്റിസിന്റെ വീട്ടിലെത്തുന്നത്. ''എന്റെ ചേട്ടനൊരാള് ഫാദറാണ്. പള്ളീലച്ചൻ. ഇപ്പോൾ അദ്ദേഹം മുണ്ടത്തിക്കോട് പള്ളിയിലാണ്. നേരത്തെ കോടന്നൂരായിരുന്നു. അവിടെ നിന്നാണ് അച്ചന്റെ കയ്യിൽ നിന്ന് ഈ ടുട്ടുമോനെ കൊണ്ടു വന്നത്," ജസ്റ്റിസ് പറയുന്നു.  ടുട്ടുമോൻ പെട്ടെന്നു തന്നെ വീട്ടുകാരുമായി ചങ്ങാത്തത്തിലായി. അതോടെ കൂട്ടിൽ നിന്ന് വീടിന്റെ അകത്ത് സ്വൈര വിഹാരം നടത്താൻ ടുട്ടുമോന് ലൈസൻസായി. ആരെയെങ്കിലും കളിക്കാൻ കൂട്ടു കിട്ടിയാൽ പിന്നെ കളിയോടു കളിയാണ്. അല്ലെങ്കിൽ കുടുംബാംഗങ്ങളുടെ തോളിൽ കയറി ഇരിക്കും. വീട്ടിലെ ഒരു അംഗത്തോടെന്ന പോലെ എല്ലാവരും ടുട്ടുമോനോട് സംസാരിക്കാനും തുടങ്ങി. പതുക്കെ പതുക്കെ, ടുട്ടുമോൻ വാക്കുകൾ പഠിച്ചെടുത്തു. അല്ലറ ചില്ലറ വിശേഷങ്ങൾ തിരക്കാൻ ടുട്ടുമോൻ റെഡി! 'ചേച്ചി കോളജിൽ പോയോ?', 'അമ്മേടെ ചക്കര വാവേ', 'ടുട്ടുമോൻ എവിടെയാ' എന്നിങ്ങനെ പോകും ടുട്ടുമോന്റെ സ്നേഹാന്വേഷണങ്ങൾ.  

കൂടുതൽ സമയവും വീടിന് അകത്ത് കളിച്ചു നടക്കലാണ് ടുട്ടുമോന്റെ പണി. ഇടയ്ക്ക് ജസ്റ്റിസിന്റെ ഭാര്യ ഭക്ഷണവും വെള്ളവും കൊടുക്കാൻ നീട്ടി വിളിക്കും– 'ടുട്ടുമണീ'. അതു കേൾക്കേണ്ട താമസം ടുട്ടുമോൻ ഹാജർ. കൊടുക്കുന്നതെന്തും കഴിക്കും. കൈ വീശി യാത്ര പറഞ്ഞാൽ, ടുട്ടുമോൻ ചിറകു വീശി പ്രത്യഭിവാദ്യം ചെയ്യും. നീല നിറത്തിലുള്ള ഒരു മണിയുണ്ട്. അതു വച്ചാണ് പ്രധാന കളികൾ. നേരം കിട്ടുമ്പോഴൊക്കെ ജസ്റ്റിസും ഭാര്യ ജോളിയും ടുട്ടുമോനൊപ്പം കളികളിൽ കൂടും. അവർക്കിടയിൽ ഓടി നടന്നു കളിക്കുന്ന ടുട്ടുമോൻ എല്ലാവർക്കും കൗതുക കാഴ്ചയാണ്. തത്തകളെപ്പോലെ വലിയ ശബ്ദമല്ല. പതുക്കെയേ സംസാരിക്കൂ. അടുത്തു പോയിരുന്നാൽ കൃത്യമായി കേൾക്കാം. അതിഥികൾ വന്നാൽ ടുട്ടുമോൻ അധികം സംസാരിക്കില്ല. ടുട്ടുമോൻ പറയുന്ന വാക്കുകളും വരികളും ഡയറിയിൽ പ്രത്യേകം എഴുതി സൂക്ഷിക്കാറുണ്ടെന്ന് ജസ്റ്റിസ് പറയുന്നു

'ലോക്ഡൗൺ ആവുന്നതിനു മുൻപ് രാവിലെ നടക്കാൻ പോയിരുന്നു. ഏഴു മണി ആകുമ്പോൾ നടത്തം കഴിഞ്ഞെത്തും. എന്നിട്ടാണ് പത്രം വായന. ടുട്ടുമോൻ തോളിൽ കയറി ഇരുന്ന് എല്ലാം ശ്രദ്ധിച്ചു കേൾക്കും. ആ സമയത്ത് മോളും കുറച്ചു ഫ്രീ ആയിരിക്കും. മോളാണ് വാക്കുകൾ പഠിപ്പിക്കുന്നത്. ഞാൻ ജോലിക്കും മോൾ കോളജിലേക്കും പോകുമ്പോൾ ടുട്ടുമോനെ പുറത്തുള്ള കൂട്ടിലാക്കും. അവിടെ ഇരുന്നാണ് ബാക്കി വർത്തമാനങ്ങൾ. മോളു കോളജിൽ നിന്നു വന്നാൽ പിന്നെ വീടിന് അകത്തേക്കു കൊണ്ടു പോരും. രാത്രിയെല്ലാം വീടിന് അകത്തു തന്നെ,' ജസ്റ്റിസ് ടുട്ടുമോന്റെ ദിനചര്യ പരിചയപ്പെടുത്തി. 

ലോക്ഡൗൺ ആയതോടെ വീട്ടിൽ എല്ലാവരും എപ്പോഴും ഉള്ളതിനാൽ ടുട്ടുമോന്റെ വർത്തമാനങ്ങൾ കൂടിയെന്ന് ജസ്റ്റിസ് പറയുന്നു. വീടിനകത്ത് കുപ്പിയിൽ ചെടി നടുമ്പോഴും ചുവരിൽ ചിത്രം വരയ്ക്കുമ്പോഴും കലപില കൂട്ടിയും കൊച്ചു വർത്തമാനം പറഞ്ഞും ഈ കുടുംബത്തിനൊപ്പം ഒരാളെപ്പോലെ തന്നെ ടുട്ടുമോനുമുണ്ട്. അവന്റെ കൗതുകം നിറയുന്ന കൊച്ചു വർത്തമാനങ്ങളും! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com