പൂച്ചക്കുട്ടി ജനിച്ചത് ഇരട്ട മുഖവുമായി, ജീവിച്ചത് 4 ദിവസം മാത്രം; അപൂർവ ചിത്രങ്ങൾ!

Two-Faced Kitten Nicknamed Biscuits & Gravy Born In Oregon
SHARE

ഒരേ ഉടലിൽ രണ്ടുമുഖങ്ങളുമായി ജനിച്ച അപൂർവ രൂപത്തിലുള്ള പൂച്ചക്കുഞ്ഞിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. അമേരിക്കയിലെ ഓറിഗണിലുള്ള ഒരു കുടുംബത്തിലെ വളർത്തുപൂച്ചയാണ് ഇരട്ടമുഖമുള്ള കുഞ്ഞിന് ജന്മം നൽകിയത്. പൂച്ചക്കുഞ്ഞിന്റെ പ്രത്യേകതകൾ കണ്ടു കുടുംബാംഗങ്ങൾ അതിൻറെ ചിത്രങ്ങൾ  സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ നിരവധി ആരാധകരാണ് പൂച്ചക്കുഞ്ഞിനുണ്ടായത്. എന്നാൽ ജനിച്ച് നാലു ദിവസങ്ങൾക്കുള്ളിൽ അസാധാരണമായ ശാരീരിക അവസ്ഥകൾ മൂലം പൂച്ചക്കുഞ്ഞ് മരണപ്പെട്ടു.

ഒറ്റ തലയിൽ നാല് കണ്ണുകളും രണ്ട് മൂക്കും രണ്ട് വായയുമായി ജനിച്ച പൂച്ച കുഞ്ഞിന് ബിസ്ക്കറ്റ്സ് ആൻഡ് ഗ്രേവി എന്ന ഓമന പേരാണ് കുടുംബാംഗങ്ങൾ നൽകിയിരുന്നത്. മെയ് 20 നാണ് ബിസ്ക്കറ്റ്സ് ആൻഡ് ഗ്രേവി അടക്കം നാലു കുഞ്ഞുങ്ങൾ ജനിച്ചത്. എന്നാൽ മറ്റു മൂന്നു പേരിൽ നിന്നും വ്യത്യസ്തമായി താരതമ്യേന ചെറിയ കുഞ്ഞായിരുന്നു ബിസ്കറ്റ്സ് എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന ഇരട്ടമുഖമുള്ള പൂച്ചക്കുഞ്ഞ്. ബിസ്ക്കറ്റ്സിന്റെ ചിത്രം വളരെ പെട്ടെന്നാണ് പ്രചാരം നേടിയത്. ജീവനോടെ ഇരുന്ന മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ലോകമെമ്പാടുനിന്നും നിരവധി ആരാധകരെ പൂച്ചക്കുഞ്ഞിനു ലഭിച്ചു.

പൂച്ച കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉടമസ്ഥർ സ്വീകരിച്ചിരുന്നു.ബിസ്ക്കറ്റ്സ് ജീവിച്ചിരുന്ന മൂന്നര ദിവസവും പൂർണമായും അതിൻറെ പരിചരണത്തിന് വേണ്ടി മാത്രമാണ് കുടുംബാംഗങ്ങൾ സമയം ചിലവിട്ടത്. ജനിച്ച് ആദ്യ രണ്ട് ദിവസങ്ങളിൽ പൂച്ചക്കുഞ്ഞ് മറ്റു കുഞ്ഞുങ്ങളെ പോലെ തന്നെ ആഹാരം കഴിച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.ബിസ്ക്കറ്റ്സിനോടുള്ള സ്നേഹം കാരണം ബിസ്ക്കറ്റ്സ് ആൻഡ് ഗ്രേവി എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും ഇവർ  ആരംഭിച്ചു. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ തങ്ങളുടെ പൂച്ച കുഞ്ഞിന് ഇത്രയധികം സ്നേഹം നൽകിയ എല്ലാവർക്കും കുടുംബാംഗങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദിയും അറിയിച്ചു.

ഭ്രൂണാവസ്ഥയിൽ തന്നെ രണ്ട് മുഖങ്ങൾ രൂപപ്പെടുന്ന ഡിപ്രോസോപ്പസ് എന്ന ശാരീരിക അവസ്ഥയായിരുന്നു ബിസ്ക്കറ്റ്സ് ആൻഡ് ഗ്രേവിയുടേത്. ഈ അവസ്ഥയുമായി ജനിക്കുന്ന ചില ജീവികൾക്ക് രണ്ട് തലച്ചോറും ഉണ്ടാവാറുണ്ട്. ഗർഭാവസ്ഥയിൽ  സോണിക് ദ ഹെഡ്ജ് ഹോഗ് എന്ന പ്രോട്ടീൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് കുഞ്ഞുങ്ങൾ ഇത്തരം അവസ്ഥയിൽ ജനിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഇരട്ടമുഖമുള്ള റോമൻ ദേവനായ ജാനസുമായി താരതമ്യപ്പെടുത്തി ഇത്തരം പൂച്ച കുഞ്ഞുങ്ങളെ ജാനസ് എന്നും വിളിക്കാറുണ്ട്.

ഈ ശാരീരിക അവസ്ഥ മനുഷ്യരിലും ഉണ്ടാകാറുണ്ട് എങ്കിലും അവ അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. ഈ അവസ്ഥയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജന്മനാ മരണപ്പെടുകയോ അല്ലെങ്കിൽ  വളരെ ചെറിയ പ്രായത്തിൽ തന്നെ ജീവൻ നഷ്ടപ്പെടുകയോ ആണ് സംഭവിക്കാറുള്ളത്. എന്നാൽ ഡിപ്രോസോപ്പസ് എന്ന ശാരീരിക വൈകല്യവുമായി ജനിക്കുന്ന  മൃഗങ്ങൾ  കൂടുതൽ നാളുകൾ സാധാരണഗതിയിൽ ജീവിക്കുന്നതായി മുൻപും കണ്ടെത്തിയിട്ടുണ്ട്. ഫ്രാങ്ക് ആൻഡ് ലൂയി എന്ന പേരിൽ അറിയപ്പെട്ട ഇരട്ടമുഖമുള്ള പൂച്ച 15 വയസ്സു വരെ ജീവിച്ച് റെക്കോർഡുകളിൽ ഇടംനേടിയിരുന്നു.

English Summary: Two-Faced Kitten Nicknamed Biscuits & Gravy Born In Oregon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA