ADVERTISEMENT

മിഷിഗണിലെ ഒരു കുടുംബത്തോടൊപ്പം ജീവിക്കുന്ന മൂസ് എന്ന നായ കുറച്ചു കാലം മുൻപാണ് ആ പ്രദേശത്ത് കത്തുകളുമായി എത്തുന്ന പോസ്റ്റുമാനെ വീടിന്റെ ജനാലയിലൂടെ കണ്ടത്. അടുത്ത ദിവസം മുതൽ പോസ്റ്റുമാനെ മൂസ് കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെ ഒരു ദിവസം പോസ്റ്റുമാന്റെ വാഹനം വരാറായ സമയത്ത് വീടിനു വെളിയിൽ ഓടിയെത്തി വാലും ആട്ടി അവൻ കാത്തിരിപ്പ് തുടങ്ങി. 

ഇതു തിരിച്ചറിഞ്ഞിട്ടെന്നവണ്ണം പോസ്റ്റുമാൻ വണ്ടി ഒതുക്കി നിർത്തി അവനരികിലേക്കു വന്നു. ദീർഘകാലമായി ബന്ധമുള്ള സുഹൃത്തുക്കളെ പോലെ പോലെ നിമിഷനേരം കൊണ്ട്  രണ്ടുപേരും ഒരുപാടടുത്തു. പോസ്റ്റുമാൻ തലോടുകയും ചേർത്തു പിടിക്കുകയും ചെയ്തപ്പോൾ  ഒരു പരിചയക്കുറവുമില്ലാതെ ഏറെ സ്നേഹത്തോടെ മൂസ് തന്റെ മുൻകാലുകൾ ഉയർത്തി അദ്ദേഹത്തോട് സ്നേഹം പ്രകടിപ്പിച്ചു.

പിന്നീടിങ്ങോട്ട് ഇതൊരു പതിവായി. ദിവസവും  പോസ്റ്റുമാന്റെ വണ്ടി വരുന്ന സമയത്ത്  മൂസ് മറ്റൊന്നും വകവയ്ക്കാതെ ഓടി വഴിയിലെത്തും. പോസ്റ്റുമാനാകട്ടെ എന്നും ഒരേ സമയത്ത് അവനെ കാണാനെത്തുകയും ചെയ്യും. മഞ്ഞുവീഴ്ചയുടെ സമയമായാലും കനത്തമഴയായാലും മൂസും പോസ്റ്റുമാനും ഈ പതിവ്  മുടക്കാറില്ല. ഇരുവരും പരസ്പരം പുണർന്നു കുറച്ച് നേരം സ്നേഹം പങ്കുവയ്ക്കും. ഈ പതിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മൂസിന്റെ ഉടമയായ മേഗൻ ഗ്രസിൻസ്കി  ഇവരുടെ സൗഹൃദ നിമിഷങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഈ അപൂർവ സൗഹൃദത്തിന്റെ കഥ പുറംലോകമറിഞ്ഞത്.

ഇരുവരെയും തമ്മിൽ അടുപ്പിക്കുന്ന മറ്റൊരു ആശ്ചര്യകരമായ വസ്തുത കൂടിയുണ്ട്. താൻ ഏറെ ഓമനിച്ച് ജീവന്റെ ഭാഗമായി കരുതിയ വളർത്തിയ നായയെ കുറച്ചു കാലങ്ങൾക്കു മുൻപ് മുൻപ് പോസ്റ്റുമാന് നഷ്ടപ്പെട്ടിരുന്നു. അതിനുശേഷം ആകെ മനസ്സുലഞ്ഞ അവസ്ഥയിലായിരുന്നു അദ്ദേഹം. മൂസിനെ കണ്ടമാത്രയിൽ തന്നെ അദ്ദേഹത്തിൻറെ സങ്കടം മനസ്സിലാക്കിയിട്ടെന്നവണ്ണം ആയിരുന്നു മൂസിന്റെ പ്രവർത്തി. തന്നാലാവുന്ന അത്രയും പോസ്റ്റുമാനുമായി അടുത്തിടപഴകാൻ ഗോൾഡൻ റിട്രീവർ ഇനത്തിൽപ്പെട്ട നായ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  

ഈ അപൂർവ സുഹൃത്തുക്കളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനു ശേഷം  ലോകമെമ്പാടുനിന്നും ലക്ഷക്കണക്കിനാളുകളാണ്  ഇവർക്ക് ആശംസകളുമായെത്തുന്നത്. ഈ പ്രദേശത്തേക്ക് പോസ്റ്റുമാൻ ജോലിക്കെത്തിയിട്ട് വളരെ കുറച്ചു കാലമേ ആയിട്ടുള്ളൂ. പ്രിയപ്പെട്ട നായ നഷ്ടപ്പെട്ടതിൽ മനസ്സു തകർന്ന തനിക്ക് ഇത്രയും വിലപ്പെട്ട ഒരു സമ്മാനം പുതിയ തൊഴിൽസ്ഥലത്ത് കാത്തുവച്ചത്  അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. അവരുടെ സൗഹൃദം അങ്ങനെ തുടരട്ടെന്നാണ് എല്ലാവരുടെയും ആഗ്രഹം.

English Summary: Mailman Just Lost His Dog; Doesn’t Expect The Friendship A Golden Retriever On His Route Offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com