പശുവിനെ കൊണ്ടുപോകാനെത്തിയ വാഹനത്തിനു പിന്നാലെ വേദനയോടെ പായുന്ന കാള; ഒടുവിൽ സംഭവിച്ചത്!

Manjamalai, a bull, tries to stop vehicle carrying away his friend Lakshmi, a cow
SHARE

മധുരയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. മധുരയിലെ കർഷകൻ വിറ്റ ലക്ഷ്മി എന്ന പശുവിനു പിന്നാലെ പായുന്ന മഞ്ഞമലൈ എന്ന കാളയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. സാമ്പത്തിക ഞെരുക്കമാണ് കർഷകനും ഫാം ഉടമയുമായ മുനിയാണ്ടിയെ കറവപ്പശുവായ ലക്ഷ്മിയെ വിൽക്കാൻ പ്രേരിപ്പിച്ചത്. ഇടനിലക്കാരൻ വഴിയായിരുന്നു കച്ചവടം. 18000 രൂപയ്ക്ക് കച്ചവടമുറപ്പിച്ച ശേഷം പശുവിനെ കൊണ്ടുപോകാനായി വാഹനവുമായെത്തിയപ്പോഴാണ് മഞ്ഞമലൈ എന്ന കാള ലക്ഷ്മിയെ രക്ഷിക്കാനെത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പശുവിനെ കയറ്റിയ വാഹനത്തിനു ചുറ്റും നടന്ന കാള വാഹനം ഓടിച്ചു പോയപ്പോൾ ഏറെദൂരം പിന്നാലെപാഞ്ഞു. പ്രദേശവാസികളാരോ പകർത്തി സമൂഹമാധ്യമങ്ങളിലിട്ട ദൃശ്യം പെട്ടെന്നു തന്നെ ജനശ്രദ്ധ നേടി. സംഭവം പൊതുജനങ്ങൾക്കിടയിൽ ചർച്ചയായതോടെ ഉപ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ  രണ്ടാമത്തെ മകനായ പി ജയപ്രദീപ് പരിഹാരവുമായെത്തി. ചൊവ്വാഴ്ച ലക്ഷ്മിയുമായി തിരിച്ചെത്തിയാണ് മധുര വാസികളെ അമ്പരപ്പിച്ചത്.

പശുവും കാളയും തമ്മിലുള്ള ഇഴപിരിയാനാവാത്ത ബന്ധം മനസ്സിലാക്കിയ പിതാവ് പനീർശെൽവം  തന്നെയാണ് പശുവിനെ കണ്ടുപിടിച്ച് തിരികെയെത്തിക്കാൻ ജയപ്രദീപിനെ നിയോഗിച്ചത്. ഇടനിലക്കാരൻ വഴി ആദ്യം ഉസലംപെട്ടിയിലെത്തിച്ച പശുവിനെ പിന്നീട് സത്തൂറിലെത്തിച്ചു.അന്വേഷണത്തിനൊടുവിൽ തൂത്തുക്കുടിയിൽ നിന്നാണ് ലക്ഷ്മി എന്ന പശുവിനെ കണ്ടുകിട്ടിയത്. പശുവിനെ വാങ്ങിയ ആൾക്ക് ആവശ്യപ്പെട്ട പണം നൽകിയ ശേഷം ലക്ഷ്മിയെ തിരികെ മധുരയിലെത്തിക്കുകയായിരുന്നു.

പശുവിന്റെ സംരക്ഷണം മഞ്ഞമലൈ ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറി. പശുവിനെ സംരക്ഷിക്കാൻ വേണ്ട പണവും കൈമാറിയ ശേഷമാണ് ജയപ്രദീപും സംഘവും മടങ്ങിയത്. മഞ്ഞമലൈ കാളയും അമ്പലത്തിന്റെ സംരക്ഷണയിൽ വളരുന്നതാണ്. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും മഞ്ഞമലൈ കാളയ്ക്ക് ലക്ഷ്മി പശുവിനെ പിരിയേണ്ടി വരില്ല.

English Summary: Manjamalai, a bull, tries to stop vehicle carrying away his friend Lakshmi, a cow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA