sections
MORE

അമ്മ നഷ്ടപ്പെട്ട 8 കുഞ്ഞുങ്ങൾക്ക് കൂടി അമ്മയായി ഓമനക്കുട്ടി: മാതൃത്വത്തിന്റെ മഹത്വം, വിഡിയോ!

Orphaned puppies adopted by dog Omanakkutty
SHARE

ചോരക്കുഞ്ഞുങ്ങളെ പോലും വഴിയിൽ ഉപേക്ഷിച്ചു പോകാൻ മടി കാണിക്കാത്ത ഈ കാലത്ത് മാതൃത്വത്തിന്റെ മഹത്വം എന്താണെന്ന് മനുഷ്യന്  കാണിച്ചുതരികയാണ് ഓമനക്കുട്ടി എന്ന നായ. തനിക്ക് ജനിച്ച നാലു നായകുഞ്ഞുങ്ങൾക്കൊപ്പം അമ്മയെ നഷ്ടപ്പെട്ട എട്ടു കുഞ്ഞുങ്ങൾക്ക് കൂടി പാലൂട്ടി വളർത്തുകയാണ് ഓമനക്കുട്ടി.

ഗുരുവായൂർ സ്വദേശിയായ പ്രദീപ് പയ്യൂരിന്റെ വീട്ടിലാണ് ഓമനക്കുട്ടിയും 12 കുഞ്ഞുങ്ങളും സുഖമായി കഴിയുന്നത്. നായകളുടെ സംരക്ഷണത്തിനു വേണ്ടി സന്നദ്ധപ്രവർത്തനം നടത്തുന്ന പ്രദീപിന് വഴിയരികിൽ നിന്നാണ് ആരോ ഉപേക്ഷിച്ചു കളഞ്ഞ എട്ടു നായ കുഞ്ഞുങ്ങളെ ലഭിച്ചത്. കണ്ണു തുറക്കാൻ പോലും  പ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ അദ്ദേഹം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പ്രസവിച്ച് രണ്ടാഴ്ച മാത്രം പ്രായമായ സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കഴിഞ്ഞിരുന്ന ഓമനക്കുട്ടി പുതിയ അതിഥികളെയും സന്തോഷത്തോടെ സ്വീകരിച്ചു. 

അതിന് ഒരു കാരണവുമുണ്ട്. 2019 ൽ ആദ്യ പ്രസവത്തിൽ  ജനിച്ച മൂന്നു കുഞ്ഞുങ്ങളെയും പ്രസവത്തോടെ തന്നെ  ഓമനകുട്ടിക്ക് നഷ്ടമായിരുന്നു. പ്രദീപ് രക്ഷിച്ചു കൊണ്ടുവന്ന കുഞ്ഞുങ്ങളെ ലഭിച്ചപ്പോൾ ആദ്യം തന്നെ അവൾ മണത്തുനോക്കി. സ്വന്തം കുഞ്ഞുങ്ങൾ അല്ല എന്ന തിരിച്ചറിവോടെ തന്നെ അവയെ നക്കി തുടച്ചു ഉടൻ തന്നെ പാലൂട്ടി അമ്മയാവുകയായിരുന്നു. തനിക്ക് നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ ഓർമയിലാവണം ഓമനക്കുട്ടി ഇത്തരത്തിൽ പ്രതികരിച്ചതെന്ന് പ്രദീപ് പറയുന്നു. വീട്ടിലേക്ക് കൊണ്ടു വരുമ്പോൾ  എട്ട് കുഞ്ഞുങ്ങളും രക്ഷപ്പെടുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഓമനക്കുട്ടി നൽകുന്ന കരുതൽ ഒന്നുകൊണ്ടുമാത്രമാണ്  അവ ജീവനോടെയിരിക്കുന്നതെന്നും പ്രദീപ് കൂട്ടിച്ചേർത്തു.

2019 ൽ അപകടത്തിൽ നടുവിനു പരുക്കേറ്റ നിലയിൽ തെരുവിൽ നിന്നാണ് പ്രദീപിന് ലാബ്രഡോർ ഇനത്തിൽപ്പെട്ട ഓമനക്കുട്ടിയെ ലഭിച്ചത്. സംരക്ഷണകേന്ദ്രത്തിലെത്തിച്ച് ആരോഗ്യം വീണ്ടെടുത്ത് അധികനാൾ കഴിയും മുൻപ് തന്നെ  കോയമ്പത്തൂരിലുള്ള ഒരു കുടുംബം അവളെ ദത്തെടുക്കാൻ സമ്മതമറിയിച്ചു. അവിടേക്ക് കൊണ്ടുപോകും വഴി വണ്ടിയിൽ നിന്നും പുറത്തേക്കു ചാടി ഓമനക്കുട്ടിയുടെ ഇടുപ്പെല്ലിനു വീണ്ടും ക്ഷതമേറ്റു. ആ അവസ്ഥയിൽ തന്നെ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും അവ മരണപ്പെടുകയായിരുന്നു.

പിന്നീട് രണ്ടാഴ്ച മുൻപാണ് ഓമനക്കുട്ടി  രണ്ടാമതും പ്രസവിച്ചത്. അതിലെ നാലു മക്കൾക്കൊപ്പം ഒരു വേർതിരിവും ഇല്ലാതെ  പുതിയതായി എത്തിച്ച കുഞ്ഞുങ്ങളുടെ കാര്യവും ഓമനക്കുട്ടി ഭംഗിയായി നോക്കുന്നുണ്ടെന്ന് പ്രദീപ് പറയുന്നു. തെരുവിൽ നിന്നും രക്ഷിച്ചു കൊണ്ടുവന്ന  45 ഓളം നായകളാണ് പ്രദീപിന്റെ വീടിനോടു ചേർന്നുള്ള സംരക്ഷണകേന്ദ്രത്തിൽ കഴിയുന്നത്.

English Summary: ‘They are her puppies now’: Orphaned puppies adopted by dog Omanakkutty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA