ADVERTISEMENT

കലിഫോർണിയയിലെ കിങ്സ് ബീച്ചിലുള്ള  സേഫ് വേ സൂപ്പർമാർക്കറ്റിൽ അടുത്തയിടെയായി സ്ഥിരമായി സന്ദർശനത്തിനെത്തുന്ന ഒരു കസ്റ്റമറുണ്ട്. പക്ഷേ വാങ്ങുന്ന സാധനങ്ങളുടെ പണം കൊടുക്കില്ലെന്ന് മാത്രം. അത് എന്തുകൊണ്ടാണെന്നല്ലേ. ഈ കസ്റ്റമർ മനുഷ്യനല്ല, ഒരു കരടിയാണ്. കടയ്ക്കുള്ളിൽ കയറി വേണ്ട സാധനങ്ങൾ എടുത്തു കൊണ്ടു മടങ്ങുന്ന കരടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നത്.

ഓഗസ്റ്റ് മാസത്തിലാണ് ആദ്യമായി കരടി കടയിലെത്തിയത്. സാധനങ്ങൾ അടുക്കിവെച്ചിരിക്കുന്ന അലമാരകൾക്കിടയിലൂടെ പരതിനടന്നശേഷം ഒരു പായ്ക്കറ്റ് ചിപ്സുമായാണ് അന്ന് കരടി മടങ്ങിയത്.  സൂപ്പർമാർക്കറ്റിലെത്തിയ ഒരു വ്യക്തി അന്ന് കരടിയുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. കടയിൽ ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാതിലായതിനാൽ കരടിക്ക് എളുപ്പത്തിൽ അകത്തുകയറാൻ സാധിച്ചതെന്നാണ് കരുതുന്നത്.

ഒരുതവണ സാധനം വാങ്ങി പരിചയമായതിനാലാവണം രണ്ടാഴ്ചയ്ക്കു ശേഷം അതേ കടയിൽ കരടി വീണ്ടുമത്തിയത്. ഇത്തവണ പഴങ്ങൾ അടുക്കിവെച്ചിരിക്കുന്ന ഭാഗത്തായിരുന്നു ഷോപ്പിങ്. പഴങ്ങൾ പരിശോധിച്ചശേഷം അലമാരിയിൽനിന്നും തൈരിന്റെ പാക്കറ്റും കടിച്ചെടുത്ത് നീങ്ങുന്ന കരടിയുടെ ദൃശ്യങ്ങളും  പകർത്തിയിട്ടുണ്ട്. രണ്ടു ദൃശ്യങ്ങളിലെയും കരടികൾ തവിട്ടു നിറത്തിൽ പെട്ടവയാണ്. എന്നിരുന്നാലും രണ്ടും ഒന്നു തന്നെയാണോ എന്ന് ഇനിയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അധികൃതർ പറയുന്നു.

കലിഫോർണിയയിലെ ലേക് ടാഹോ മേഖലയിൽ കരടികളെ കാണുന്നത് പുതിയ സംഭവമല്ല. എന്നാൽ അവയെ കണ്ടെത്തിയാൽ ആഹാരം നൽകാനും അടുക്കാനും ശ്രമിക്കരുതെന്ന മുന്നറിയിപ്പ് അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. മനുഷ്യനോടുള്ള ഭയം മാറിയാൽ അവ ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടുതലായി  ഇറങ്ങിത്തുടങ്ങും . സൂപ്പർമാർക്കറ്റിൽ എത്തിയ കരടി ഇതുവരെ ആരെയും ആക്രമിച്ചതായി റിപ്പോർട്ടുകളില്ല.

English summary: Bears repeatedly break into California store and steal snacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com