ADVERTISEMENT

ബോര്‍ണിയന്‍ കാടുകളില്‍ വലിയ ശബ്ദമുണ്ടാക്കുന്ന, തന്നേക്കാള്‍ പല മടങ്ങ് വലുപ്പമുള്ള ജീവികളെ പോലും വേട്ടയാടി കൊന്ന് രക്തമൂറ്റി കുടിക്കാന്‍ കഴിയുന്ന ഒരു ജീവിയുണ്ട്. ബോര്‍ണിയോ വാംപയര്‍ അഥവാ ബോര്‍ണിയയിലെ രക്തരക്ഷസ്സ് എന്നാണ് ഈ ജീവി അറിയപ്പെടുന്നത്. പൊതുവെ ലോകത്താകമാനം സുന്ദരന്‍മാരെന്നും, ഓമനത്തമുള്ളവയെന്നും അറിയപ്പെടുന്നവരാണ് ഈ ജീവിവര്‍ഗമെന്നതാണ് മറ്റൊരു കൗതുകം. മരം കയറുന്ന ഇവ ഇരകളടെ ചോരമാത്രമല്ല, ആന്തരിക അവയവങ്ങള്‍ പോലും കരണ്ടു തിന്നുന്നവയാണ്.

പലരും ഇതിനകം ഊഹിച്ചത് പോലെ ഒരു വിഭാഗം അണ്ണാന്‍മാരാണ്  ബോര്‍ണിയന്‍ കാടുകളിലെ ഈ രക്തരക്ഷസ്സുകള്‍. ബോര്‍ണിയന്‍ ടഫ്റ്റഡ് ഗ്രൗണ്ട് സ്ക്വിറല്‍ എന്നാണ് ഇവയുടെ പേര്. 2014 മുതലാണ് ഇവയ്ക്ക് വാംപയര്‍ അണ്ണാനുകള്‍ എന്ന പേരു ലഭിച്ചത്. ഇവയുടെ അസാധാരണ വേട്ടയാടല്‍, ഭക്ഷണ ശീലങ്ങൾ എന്നിവ കണ്ടെത്തിയ ഗവേഷക സംഘം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇവയെ ആദ്യമായി വാംപയറുകള്‍ എന്നു വിശേഷിപ്പിച്ചത്. 

മാനുകളെ വേട്ടയാടുന്ന അണ്ണാന്മാർ

മരങ്ങളുടെ താഴ്ന്ന കൊമ്പുളില്‍ പതിയിരുന്ന് മാനുകള്‍ പോലുള്ള ജീവികളുടെ പോലും കഴുത്തിലേക്ക് ചാടി വീഴുന്ന ഈ  അണ്ണാന്മാരുടെ കഥകള്‍ പ്രാദേശികമായി പ്രശസ്തമാണ്. കഴുത്തില്‍ പിടി മുറുക്കിയാല്‍ പ്രധാന ഞരമ്പ് കടിച്ചു മുറിക്കുക എന്നതാണ് ഇവയുടെ അടുത്ത ഘട്ടം. ഇതോടെ ചോര വാര്‍ന്ന് വൈകാതെ ഇര ചാകും.  ഇര തളരുന്നതോടെ അണ്ണാൻമാർ അവയുടെ ചോര കുടിക്കും. ഇര ചത്ത ശേഷം അവയുടെ ആന്തരികാവയവങ്ങള്‍ പോലും ഭക്ഷിക്കും. ഒറ്റയ്ക്ക് ഒരു അണ്ണാന് ഇതെല്ലാം ചെയ്യാന്‍ കഴിയുമെന്നത് കേള്‍ക്കുന്നവര്‍ക്കെല്ലാം അവിശ്വസനീയമായ കാര്യമാണ്. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളില്‍ പ്രദേശവാസികള്‍ ഇതേക്കുറിച്ച് വിവരിക്കുമ്പോള്‍ ഗവേഷകര്‍ക്ക് അത് കെട്ടുകഥമാത്രമായിരുന്നു.

2014 ല്‍ ശാസ്ത്രലോകം ഈ അണ്ണാനുകളെക്കുറിച്ച് സ്ഥിരീകരിച്ച ശേഷമാണ് ഇവയുടെ ഭക്ഷണ ശീലം സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ പുറത്തു വന്നുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പഠനങ്ങളില്‍ ഇവയുടെ ഭക്ഷ്യമേഖല എത്ര വൈവിധ്യമുള്ളതാണെന്ന് ഗവേഷകര്‍ മനസ്സിലാക്കി. മാനുകള്‍ മുതല്‍ ചെറു പ്രാണികള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. കൂടാതെ പഴങ്ങളും, വിത്തുകളുമെല്ലാം ഇവ ആഹാരമാക്കാറുണ്ട്. അതും വിത്തുകളില്‍ ഏറ്റവും കട്ടിയേറിയവ എന്നു കരുതുന്ന പലതുമാണ് ഇവയെ പ്രധാനമായും ആകര്‍ഷിക്കുന്നത്.

ഇങ്ങനെ വലിയ ജീവികളെയും, കട്ടിയേറിയ വിത്തുകളുമെല്ലാം ഭക്ഷിക്കാന്‍ ഇവയെ സഹായിക്കുന്നത് ശരീരത്തിലെ ചില നിര്‍ണ്ണായക അവയവങ്ങള്‍ തന്നെയാണ്.  കൂര്‍ത്ത നഖങ്ങളും, നീളമുള്ള മൂര്‍ച്ചയേറിയ പല്ലുകളുമാണ് ഇതില്‍ നിര്‍ണ്ണായകമാകുന്നത്. ഒപ്പം ശക്തിയേറിയ താടിയെല്ലുകളും ഇവയുടെ വേട്ടയിലും മറ്റ് പല ഭക്ഷണ ശീലങ്ങളിലും നിര്‍ണ്ണായകമാകുന്നു.  ഈ അവയവങ്ങളാണ് ഒരു പട്ടിയുടെ തന്നെ വലുപ്പം വരുന്ന മുറ്റ്ജാക്സ് വിഭാഗത്തില്‍ പെട്ട മാനുകളെ ആക്രമിച്ച് കൊല്ലാന്‍ ഇവയെ സഹായിക്കുന്നത്. ഏറ്റവും ഒടുവില്‍ മാര്‍ച്ചില്‍ ഇവയെ അന്വേഷിച്ചെത്തിയ ഗവേഷകര്‍ക്കും ഇവ ഒരു മാനിനെ വേട്ടയാടുന്ന സംഭവത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇത് പ്രതീക്ഷിച്ചിരുന്നതിനാല്‍ അപ്രതീക്ഷിതമായ മറ്റൊരു ഭക്ഷണ ശീലമാണ് ഇക്കുറി ഗവേഷകരെ ആകര്‍ഷിച്ചത്.

ചുറ്റികയ്ക്ക് അടിച്ചാല്‍ പൊട്ടാത്ത വിത്ത് തിന്നുന്ന അണ്ണാനുകള്‍

മുകളില്‍ പറഞ്ഞ കട്ടിയേറിയ വിത്തുകളെ ഈ അണ്ണാൻമാർ എങ്ങനെ പൊളിച്ച് അതിലെ കാമ്പ് തിന്നുന്നത് എന്നതായിരുന്നു ഇതിലെ കൗതുകം. മനുഷ്യന്‍ ചുറ്റിക കൊണ്ട് ഇടിച്ചാല്‍ പോലും പൊട്ടാന്‍ വിഷമമുള്ള വിത്തുകളായിരുന്നു ഈ അണ്ണാന്മാർ കാർന്ന് കാമ്പ് തിന്നുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഇത്തരം വിത്തുകള്‍ക്ക് വേണ്ടിയാകട്ടെ മറ്റൊരു ജീവിവര്‍ഗവുമായുംഇവയ്ക്ക് പോരടിക്കേണ്ടി വന്നില്ല. കാരണം ഈ അണ്ണാന്മാർക്കല്ലാതെ ഈ കട്ടിയേറിയ വിത്തുകള്‍ മറ്റൊരു ജീവിക്കും ഭക്ഷിക്കാനാകില്ലായിരുന്നു. 

ഇത്രയും വ്യത്യസ്തവും അതേസമയം കഠിനവുമായ ഭക്ഷണ രീതി പിന്തുടരുന്ന ജീവികള്‍ ഭൂമിയില്‍ തന്നെ അപൂര്‍വമാണെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. ഒറ്റനോട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നുന്ന പലതുമാണ് ഈ ജീവികളുടെ ഭക്ഷണം എന്നതാണ് ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഇവ വാംപയര്‍ മാത്രമല്ല മറ്റ് പലതുമാണെന്നാണ് ഇപ്പോള്‍ ഗവേഷകരുടെ അഭിപ്രായം. സാധാരണ അണ്ണാന്മാരേക്കാള്‍ ഇരട്ടി വലുപ്പമുള്ള ഈ വാംപയര്‍ അണ്ണാനുകള്‍ ബോര്‍ണിയയിലെ ഗുനുങ്ങ് പലുങ് വനമേഖലയിലാണ് ധാരാളമായി കണ്ടുവരുന്നത്. 

English Summary: Borneo’s Infamous “Vampire” Squirrels Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com