ADVERTISEMENT

തിരക്കുള്ള വഴിയരികിൽ അപകടത്തിൽപെട്ടാൽ പോലും സഹായത്തിന് ആരും എത്താതെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുന്ന വാർത്തകൾക്കിടെ ഒരു പൂച്ചയ്ക്കുവേണ്ടി ഒരു നഗരമാകെ ഒറ്റക്കെട്ടായി നിലകൊണ്ട സംഭവമാണ് യുകെയിലെ വെയിൽസിൽ നിന്നും പുറത്തു വരുന്നത്. എങ്ങനെയോ ഒരു വലിയ മരത്തിനു മുകളിൽ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കുന്നതിനു വേണ്ടി നാലുദിവസമാണ് നഗരവാസികൾ പരിശ്രമിച്ചത്.

നഗരവാസികളിൽ ഒരാൾ വഴിയിൽ കൂടി സഞ്ചരിക്കുന്നതിനിടെ പൂച്ചയുടെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് 40 അടിയോളം ഉയരമുള്ള മരത്തിന്റെ ഏറ്റവും മുകളിലായി പൂച്ച ഇരിക്കുന്നത് കണ്ടെത്തിയത്. ഉടൻ തന്നെ അവർ മൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആർഎസ്പിസിഎ എന്ന സംഘടനയെ അറിയിച്ചെങ്കിലും 24 മണിക്കൂർ കഴിയാതെ ഇടപെടാനാവില്ല എന്ന മറുപടിയാണ് ലഭിച്ചത്. പിറ്റേന്നും പൂച്ച അതേനിലയിൽ മരത്തിനു മുകളിൽ ഇരിക്കുന്നത് കണ്ടു  വിവരമറിയിച്ചതിനെ തുടർന്ന്  സൗത്ത് വെയിൽസിലെ ഫയർ സർവീസ് അംഗങ്ങൾ സ്ഥലത്തെത്തി. എന്നാൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി ഇവർ മരത്തിലേക്ക് ഏണി ചാരിയതുകണ്ടു ഭയന്ന പൂച്ച വീണ്ടും കൂടുതൽ ഉയരത്തിലേക്ക് കയറുകയാണ് ചെയ്തത്.

ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനങ്ങൾ ലിയൻ സ്കിന്നർ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ലിയൻ പോലും ചിന്തിക്കാത്ത തരത്തിലായിരുന്നു നഗരവാസികളുടെ പ്രതികരണം. പോസ്റ്റ് ചെയ്ത് അധികം വൈകും മുമ്പ് തന്നെ നഗരത്തിലുള്ളവരിൽ ഏറിയപങ്കും സ്ഥലത്ത് ഒത്തുകൂടി. പിന്നീട് പൂച്ചയെ എങ്ങനെ രക്ഷിക്കാം എന്നായി ആലോചന. ഒടുവിൽ എപിസി സ്കഫോൾഡിങ് എന്ന കമ്പനിയുടെ സഹായത്തോടെ നാലു നിലകളുള്ള ഒരു വമ്പൻ പലകത്തട്ട് തന്നെ അവർ നിർമിച്ചെടുത്തു . മരത്തിനു തൊട്ടടുത്തായി പലകത്തട്ട് സ്ഥാപിച്ച് അതിനുമുകളിൽ ഭക്ഷണം വെച്ച് പൂച്ചയെ ആകർഷിച്ചു വരുത്താനായിരുന്നു ശ്രമം. എന്നാൽ ആ ശ്രമം ഫലവത്തായില്ല. 

ഏതെങ്കിലും തരത്തിൽ പൂച്ചയെ ആകർഷിക്കാനാകുമോ എന്നു നോക്കുന്നതിനു വേണ്ടി അടുത്ത രണ്ടു ദിവസങ്ങളിലും പലതരം ആഹാരസാധനങ്ങൾ നാട്ടുകാർ അവിടെയെത്തിച്ചു തുടങ്ങി. ഒടുവിൽ നാലാം ദിവസമാണ് നാട്ടുകാരുടെ ശ്രമങ്ങൾ ഫലം കണ്ടത്. പൂച്ചയെ രക്ഷിക്കാൻ സാധിച്ച വിവരം പലകത്തട്ട് നിർമ്മിച്ച കമ്പനി തന്നെയാണ് പുറത്തുവിട്ടത്. പൂച്ചയുടെ ജീവനുവേണ്ടി നഗരവാസികൾ ഒന്നാകെ നിലകൊണ്ടതുകൊണ്ട് മാത്രമാണ് ഇത് സാധ്യമായതെന്ന് കമ്പനി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പൂച്ചയുടെ ഉടമസ്ഥനെ കണ്ടെത്തി അതിനെ തിരികെ ഏൽപ്പിക്കുകയും ചെയ്തു.

English Summary:  An entire town helped rescue a cat stuck 40-ft up a tree for four days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com