ADVERTISEMENT

ആരോഗ്യം നഷ്ടപ്പെട്ടു എന്ന കാരണത്താൽ ഉടമസ്ഥർ കൊല്ലാനുള്ള മരുന്ന് കുത്തിവെച്ച് അടക്കം ചെയ്ത നായ ജീവനോടെ തിരിച്ചു വന്ന വാർത്തയാണ് റഷ്യയിൽ നിന്നു പുറത്തു വരുന്നത്. അടക്കം ചെയ്ത കുഴിയിൽ നിന്നു മണ്ണ് തുരന്നാണ് നായ പുറത്തേക്കെത്തിയത്.  വഴിയരികിലൂടെ ക്ഷീണിച്ചവശനായ നിലയിൽ നടന്നുനീങ്ങുന്ന നായയെ കണ്ടു അലിവ് തോന്നിയ വ്യക്തി അതിനെ നായകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന കൈൻഡ് സിറ്റി എന്ന സംഘടനയെ ഏൽപ്പിച്ചതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

ഏഴ് വയസ്സ് പ്രായമുള്ള ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് മരണത്തോട് മല്ലിട്ട് തിരികെ ജീവിതത്തിലേക്കു മടങ്ങിയത്. നായയെ കിട്ടിയതിനു പിന്നാലെ ഉടമസ്ഥരെ കണ്ടെത്തുന്നതിനു വേണ്ടി സംഘടന ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. അങ്ങനെയാണ് യംവാ മേഖലയിൽ നിന്നുള്ള കിർയുഷ എന്ന നായയാണ് ഇതെന്ന വിവരം ലഭിച്ചത്. ഒടുവിൽ ഉടമസ്ഥരെ കണ്ടെത്തുകയും ചെയ്തു. എന്നാൽ നായയെ തിരിച്ചേൽപ്പിക്കുന്നതിനായി അവരെ ബന്ധപ്പെട്ടപ്പോൾ നായയ്ക്ക് ആരോഗ്യം നഷ്ടപ്പെട്ടിരുന്നുവെന്നും അതിനാൽ മരുന്ന് കുത്തിവെച്ച് അതിനെ കൊന്നു എന്നുമായിരുന്നു ലഭിച്ച മറുപടി.

നായ ചത്തു എന്ന് ഉറപ്പുവരുത്തുന്നതിന് മുൻപുതന്നെ കുഴിയെടുത്ത് മണ്ണിട്ട് മൂടുകയായിരുന്നു. ഉടമസ്ഥരുടെ വീട്ടിൽനിന്നും ഏറെ ദൂരം മാറി കാടുപിടിച്ചു കിടന്ന പ്രദേശത്താണ് നായയെ അവർ അടക്കം ചെയ്തത്. ജീവൻ പൂർണമായി നഷ്ടപ്പെടാതിരുന്നതിനാൽ നായ മണ്ണ് മാന്തി  പുറത്തേക്കു വരികയായിരുന്നു. അതേസമയം ആഹാരം ലഭിക്കാത്തതും അതു മണ്ണിനടിയിൽ ജീവൻ നിലനിർത്താൻ ശ്രമിച്ചതിന്റെ ക്ഷീണവും ഒഴിച്ചാൽ നായ പൂർണ ആരോഗ്യവാനാണെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

വിഷം കുത്തി വയ്ക്കുന്നതിനായി നായയുടെ കാലിലെ രോമങ്ങൾ വടിച്ചു മാറ്റിയ ഭാഗം ഇപ്പോഴും പൂർവസ്ഥിതിയിൽ ആയിട്ടില്ല. ആരോഗ്യം വീണ്ടെടുത്ത ശേഷം സംഘടനയ്ക്ക് കീഴിലെ ഷെൽറ്റർ ഹോമിലാണ് നായയെ പാർപ്പിച്ചിരിക്കുന്നത്.  നായയെ മനപ്പൂർവം കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഉടമസ്ഥർ ഏറ്റു പറഞ്ഞതായി സംഘടന വ്യക്തമാക്കി.

English Summary: Dog who was 'put down' with a lethal injection and then buried digs himself out then crawls to safety in Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com