ADVERTISEMENT

പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഭയന്നതിനെ തുടർന്ന് ഒമ്പത് മാസം മാത്രം പ്രായമുള്ള സീബ്ര കുഞ്ഞു ചത്തു. വലിയ ശബ്ദം കേട്ട് വിരണ്ടോടുന്നതിനിടെ സീബ്ര വേലികെട്ടിൽ ഇടിച്ചു വീഴുകയായിരുന്നു.  ഇംഗ്ലണ്ടിലെ റാക്സ്ഹോളിലുള്ള നോഹാസ് ആർക് മൃഗശാലയിലാണ് അപകടം. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് മാസത്തിലായിരുന്നു സീബ്ര കുഞ്ഞ് ജനിച്ചത്. ലോകമാകെ ആശങ്കപ്പെടുന്ന സമയത്ത് ജനിച്ച കുഞ്ഞിന് പ്രതീക്ഷയുടെ സൂചനയെന്നോണം 'ഹോപ്' എന്ന പേരാണ് നൽകിയിരുന്നത്.

സീബ്ര കുഞ്ഞിന്റെ ശരീരം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയപ്പോഴാണ് പെട്ടെന്നുണ്ടായ ഞെട്ടലാണ് മരണത്തിനു കാരണമായതെന്ന് തിരിച്ചറിഞ്ഞത്. പ്രതീക്ഷയുടെ പ്രതീകമായിരുന്ന സീബ്ര കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് മൃഗശാലയിലെ ജീവനക്കാർ. സംഭവത്തിന് തൊട്ടു മുൻപ് വരെ പൂർണ ആരോഗ്യവതിയായിരുന്നു ഹോപ് എന്ന് മൃഗശാല അധികൃതർ പറയുന്നു. 

സീബ്രയുടെ മരണത്തിൽ വിഷമമുണ്ടെങ്കിലും ഇത് മനുഷ്യർക്ക് തിരിച്ചറിവ് നൽകുന്ന ഒരു പാഠമാകുമെന്ന പ്രതീക്ഷയും മൃഗശാല പങ്കുവയ്ക്കുന്നുണ്ട്. നമ്മുടെ സന്തോഷങ്ങൾക്ക് വേണ്ടി പടക്കം പൊട്ടിച്ചും മറ്റും ആഘോഷങ്ങൾ നടത്തുമ്പോൾ മറ്റു ജീവികളെ കൂടി പരിഗണിക്കണം എന്ന ഓർമപ്പെടുത്തലാണിത്. പടക്കങ്ങളുടെ ശബ്ദം പൊതുവേ ജീവജാലങ്ങളിലെല്ലാം ഭയമുണ്ടാക്കുന്ന ഒന്നാണ്.  അവയുടെ ജീവൻ അപകടത്തിലാക്കുന്ന മാർഗങ്ങൾ ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ ആഘോഷങ്ങൾ സംഘടിപ്പിക്കാൻ ഇനിയെങ്കിലും സാധിക്കണമെന്നും മൃഗശാലയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ് പടക്കം പൊട്ടുന്ന ശബ്ദം മൂലം മൂന്ന് വളർത്തു കിളികൾ പേടിച്ചു ചത്തു  എന്ന പരാതിയുമായി ഡർബിഷെയറിൽ നിന്നുള്ള അബി സിസ്സൺസ് എന്ന വ്യക്തിയും രംഗത്തുവന്നിരുന്നു. ഉച്ചത്തിലുള്ള പടക്കങ്ങളുടെ ശബ്ദം കേട്ട ഉടനെ കിളികൾ കൂടിനുള്ളിലൂടെ ഭയന്ന് പറക്കുകയായിരുന്നു. നിമിഷങ്ങൾക്കകം അവ ചത്തു വീഴുകയും ചെയ്തു എന്നായിരുന്നു വിശദീകരണം.

ബോൺഫയർ ആഘോഷങ്ങളെ തുടർന്ന് യുകെയിലെ പല ഭാഗങ്ങളിൽ നിന്നും മൃഗങ്ങൾക്ക് അപകടം ഉണ്ടായതായി പരാതികൾ ഉയരുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിൽ വാഹനങ്ങൾ ഹോണടിക്കുന്നതിനു വരെ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണങ്ങളില്ലാത്തതിനെതിരെ കടുത്ത വിമർശനങ്ങളാണുയരുന്നത്.

English Summary: Baby zebra named 'Hope' dies at Somerset zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com