നീർനായയുടെ ശരീരം, നായ്ക്കളുടെ കാലുകൾ; ശാസ്ത്രജ്ഞരെ കുഴപ്പിച്ച ജീവി!

Platypus
SHARE

‘താറാവിന്റേതു പോലത്തെ കൊക്കുകൾ,നീർനായയുടെ ശരീരം, നായ്ക്കളുടേതു പോലെ നാലു കാലുകൾ അതിൽ കോഴിയുടേത് പോലെ ചേർന്നിരിക്കുന്ന തോൽക്കാലുകൾ... ’1799ൽ തന്റെ പരീക്ഷണശാലയിൽ സ്പിരിറ്റ് കുപ്പിയിലടച്ചെത്തിയ ജീവിയെ കണ്ട ജീവശാസ്ത്ര വിദഗ്ധനായ ജോർജ് ഷാ ഞെട്ടിപ്പോയി. ഇതെന്ത് സംഭവം? അന്ന് ബ്രിട്ടിഷ് കോളനിയായിരുന്ന ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നുമാണ് ഈ ഗുലുമാലു പിടിച്ച ജീവി എത്തിയത്. തന്നെ പറ്റിക്കാനായി ആരോ താറാവിന്റെയും മറ്റു ജീവികളുടെയും തലയും ശരീരവുമൊക്കെ തുന്നിച്ചേർത്തു ഒരു ജീവിയെ തട്ടിക്കൂട്ടി വിട്ടതാണെന്ന് ഷായ്ക്ക് സംശയം തോന്നി,അദ്ദേഹം അതിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും പരിശോധിച്ചു. ഒടുവിൽ ഇതു ശരിക്കും ഒരു ജീവി തന്നെയാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടു. 

‌ജന്തുശാസ്ത്രത്തിന്റെ സുവർണകാലമായിരുന്നു ആ നാളുകൾ.പുതിയ ജീവികളെ കണ്ടെത്താനും അവയുടെ വിവരങ്ങൾ ശേഖരിക്കാനും ശാസ്ത്ര ലോകം വല്ലാതെ ഉത്സാഹം പ്രകടിപ്പിച്ച കാലഘട്ടം. ഷായുടെ മുമ്പിലെത്തിയ പ്ലാറ്റിപ്പസ് എന്നു പേരുള്ള ജീവി അക്കാലത്തെ യൂറോപ്യൻ ശാസ്ത്രചർച്ചകളിലെ സ്ഥിരം വിഷയമായി മാറി.‌  വിചിത്രമായ ജന്തുവിഭാഗങ്ങൾ സ്ഥിരം കാഴ്ചയായ ഓസ്ട്രേലിയയാണ് പ്ലാറ്റിപ്പസിന്റെ ജന്മദേശം.ഇവിടെ മാത്രമേ ഈ ജീവികളെ കാണാൻ സാധിക്കുകയുള്ളൂ. വെള്ളത്തിലേക്കിറങ്ങിയാണ് ഇവയുടെ തീറ്റതേടൽ. വെള്ളത്തിന്റെ അടിത്തട്ടിലേക്കു പോയശേഷം താഴെയുള്ള പ്രാണികളെയും പുഴുക്കളെയും കൊഞ്ചിനെയും വാൽമാക്രികളെയുമൊക്കെ അകത്താക്കും. ഒപ്പം കുറച്ച് കല്ലുകളും.പല്ലില്ലാത്ത ജീവിയായതിനാൽ ഭക്ഷണം അരച്ചെടുക്കാനാണ് കല്ലുകൾ. 

Platypus

ഒറ്റത്തവണ തന്റെ ശരീരഭാരത്തിന്റെ പകുതിയോളം തീറ്റ ഈ വിദ്വാൻ അകത്താക്കുമെന്നാണ് പറയപ്പെടുന്നത്.വളരെ മിടുമിടുക്കനും ചുറുചുറുക്കുള്ളവനും ആയതിനാൽ പ്ലാറ്റിപ്പസിന് ധാരാളം ഭക്ഷണം വേണം. മുട്ടയിടുമെങ്കിലും സസ്തനി വിഭാഗത്തിൽ പെട്ട ജീവികളാണ് പ്ലാറ്റിപ്പസ്. മുട്ടയിടുന്ന ഒരേയൊരു സസ്തനികുടുംബമായ മോണോട്രീമിലെ അംഗമാണ്. കാര്യം ഒരു വല്ലാത്ത ലുക്കൊക്കെയുണ്ടെങ്കിലും ആളത്ര പ്രശ്നക്കാരനൊന്നുമല്ല, മനുഷ്യരെ ഉപദ്രവിക്കാനൊന്നും താൽപര്യമില്ല പ്ലാറ്റിപ്പസിന്. എന്നാൽ തീരെ പാവമാണെന്നും കരുതേണ്ട. പ്ലാറ്റിപ്പസിന്റെ കാലിൽ ഒരു ചെറിയ മുള്ളുണ്ട്.ഇതിലൂടെ നല്ല ഒന്നാന്തരം വിഷം ആളുകളുടെ ശരീരത്തിലേക്കു പ്രവഹിപ്പിക്കാൻ ഇവയ്ക്കു കഴിയും.മനുഷ്യരെ കൊല്ലാനൊന്നും ഇതു കൊണ്ടു കഴിയില്ലെങ്കിലും ശക്തമായ വേദന ഇതുമൂലം സംഭവിക്കും.മാസങ്ങളോളം നീണ്ടു നിൽക്കുകയും ചെയ്യും.

ഈ ജീവി എങ്ങനെ വന്നു എവിടുന്നു വന്നു എന്നുള്ളതെല്ലാം ഇന്നും അദ്ഭുതമാണെങ്കിലും ഒരു കാര്യം ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു.കാലാ കാലങ്ങളായി പ്ലാറ്റിപ്പസ് ഇവിടെയുണ്ട്. 12 കോടി വർഷങ്ങളായി. ദിനോസറുകൾ ഭൂമിയിൽ വിഹരിച്ചു നടന്ന കാലം മുതൽ ഇവ ഭൂമിയിൽ ജീവിക്കുന്നുണ്ടത്രേ. മാമൽസ് അഥവാ സസ്തനികൾ ഇന്നു ഭൂമിയിലെ ഏറ്റവും ആധിപത്യം പുലർത്തുന്ന ജീവിവർഗമാണ്. എന്നാൽ ദിനോസറുകളുടെ കാലഘട്ടത്തിൽ ഭൂമി ഭരിച്ചിരുന്നത്, അവ കൂടി ഉൾപ്പെട്ട ഉരഗജീവി വർഗമാണ് (റെപ്റ്റീലിയൻസ്).അന്ന് സസ്തനികൾ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ.അന്നത്തെ പ്രാചീന സസ്തനി കുടുംബത്തിൽ പെട്ട ജീവിയാണ് പ്ലാറ്റിപ്പസ്. ഇതെല്ലാം കേട്ട് പ്ലാറ്റിപ്പസിനെ കാണാൻ തോന്നുന്നോ, ഓസ്ട്രേലിയയിൽ ചെന്നാൽ ഇവയെ കാണാം.

English Summary: Unclassifiable Animals that Challenged Biologists

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA