കേരളം ഏറ്റെടുത്ത സ്കൂബിയുടെ ജീവിതം ഇതാ; രമിത് ചെന്നിത്തല പറയുന്നു

Ramait Chennithala talks about his pet dog
SHARE

‘സ്കൂബി’ എന്നാണ് അവന്റെ പേര്. സർക്കാർ ബംഗ്ലാവിലാണ് താമസം. കേരളത്തിന്റെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിൽ എല്ലാ സൗകര്യങ്ങളോടെ വാഴുന്നു. പക്ഷേ അവന് കണ്ണിന് കാഴ്ചയില്ല. പക്ഷേ ചെന്നിത്തലയുടെ ശബ്ദം കേട്ടാൽ അവൻ ഒാടിയെത്തും. ആ ശബ്ദം ഒന്ന് ഉയർന്നാൽ അവൻ ഓടിയൊളിക്കും. രണ്ടുമാസം മാത്രം പ്രായമുള്ളപ്പോൾ ചെന്നിത്തലയുടെ വീട്ടിലെത്തിയ ആ നായക്കുട്ടി ഇന്ന് കേരളത്തിന്റെ ലൈക്ക് വാങ്ങുകയാണ്. ഒരു പരിഹാസകമന്റ് പോലുമില്ലാതെ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി സ്കൂബി കേരളത്തിന്റെ ഇഷ്ടം നേടുന്നു. രമേശ് ചെന്നിത്തല എന്ന നേതാവിന്റെ വീട്ടിലെ മുഖം കൂടി വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതിനെല്ലാം കാരണക്കാരനായ രമേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത്ത് സ്കൂബിയെക്കുറിച്ച് പറയുന്നു.

‘സ്കൂബി താരമായത് അറിഞ്ഞിരുന്നോ രമിത്ത്?

ചിരിയോടെ രമിത്ത് പറഞ്ഞു തുടങ്ങി. ഞാൻ ഇപ്പോൾ നാഗ്പൂരിലാണ്. ട്രെയിനിങ്ങിലാണ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വിളിച്ചപ്പോഴാണ് സ്കൂബി താരമായ കാര്യം അമ്മ പറയുന്നത്. ആ കാറിന് പിന്നിൽ നായയെ കെട്ടിവലിച്ച സംഭവം അറിഞ്ഞപ്പോൾ മുതൽ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. കാരണം ഇത്രമാത്രം നന്ദിയുള്ള മറ്റൊരു മൃഗം കാണില്ല. ഒന്നു പേരുവിളിച്ചാൽ, നമ്മുടെ തലവട്ടം കണ്ടാൽ ഓടി കാൽച്ചുവട്ടിലെത്തുന്ന മിണ്ടാപ്രാണിയോട് എങ്ങനെ തോന്നുന്നു കൊല്ലാക്കൊല ചെയ്യാൻ. ഇത് വീട്ടിൽ ചർച്ച ചെയ്തപ്പോഴാണ് സ്കൂബിയെ മലയാളിക്ക് പരിചയപ്പെടുത്തണം എന്ന് തോന്നിയത്. അതായിരുന്നു ഇന്നത്തെ കുറിപ്പ്. പക്ഷേ ഇത്രമാത്രം സ്നേഹം അവന് കിട്ടുമെന്ന് കരുതിയില്ല.

സ്കൂബി എൻ ചങ്ങാതി

2018 ജനുവരിയിലാണ് അവന്റെ ജനനം. രണ്ടുമാസം കഴിഞ്ഞപ്പോഴാണ് തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്ത് അവനെ എനിക്ക് സമ്മാനിച്ചത്. അതിന് മുൻപ് വീട്ടിൽ അങ്ങനെ നായയെ വളർത്തിയിട്ടില്ല. വല്ലാതെ അടുത്ത് പോയാൽ പിന്നെ പിരിയുമ്പോൾ സങ്കടമല്ലേ എന്നാണ് അക്കാര്യങ്ങളിൽ അമ്മയുടെ നയം. അച്ഛനും അതാണ് നിലപാട്. പക്ഷേ എനിക്ക് ചെറുപ്പം മുതലേ നായകളോട് ഒരിഷ്ടം ഉണ്ട്. അത് ഈ സുഹൃത്തിന് അറിയാം. അതുകൊണ്ടാണ് ലാബ്രഡോർ ഇനത്തിൽപ്പെട്ട അവനെ എനിക്ക് സമ്മാനമായി തന്നത്. വീട്ടിൽ കൊണ്ടുവന്നപ്പോൾ ആരും എതിര് പറഞ്ഞില്ല. സ്കൂബി എന്ന് പേര് വിളിച്ചു. പെട്ടെന്ന് അവൻ ഇണങ്ങി എല്ലാവരോടും. പേര് വിളിച്ചാൽ ഓടിയെത്തും. 

കാഴ്ചയില്ലെന്ന് അറിഞ്ഞത്

ആറുമാസത്തിൽ ഇൻജക്ഷൻ എടുക്കുമല്ലോ അപ്പോഴാണ് ഒരു സംശയം ഡോക്ടറോട് പറഞ്ഞത്. കാരണം പേര് വിളിച്ചാൽ അവൻ ഓടിയെത്തും നമ്മുടെ കാലിൽ ഇടിച്ച് നിൽക്കും. അമ്മയുടെ കാലിൽ പലപ്പോഴും വന്നിടിച്ച് നിന്നിട്ടുണ്ട്. ആ സംശയം ഡോക്ടറോട് പറഞ്ഞപ്പോഴാണ് അവന് കാഴ്ചയില്ല എന്ന വിവരം അറിഞ്ഞത്. ജൻമനാ അങ്ങനെയായത് കൊണ്ട് ചികിൽസയൊന്നും ഇല്ലെന്ന് അറിഞ്ഞു. ആദ്യം സങ്കടം തോന്നിയെങ്കിലും പിന്നെ അവനോട് എല്ലാവർക്കും കൂടുതൽ ഇഷ്ടമായി. ഞാൻ ഇങ്ങ് ട്രെയിനിങ്ങിന് വന്നതോടെ അവൻ അമ്മയും അച്ഛനുമായി വലിയ കൂട്ടായി. പക്ഷേ അച്ഛനെ പേടിയാണ്. അച്ഛൻ ശബ്ദം ഉയർത്തിയാൽ പിന്നെ അവിടെ നിൽക്കില്ല. അച്ഛൻ ഇടയ്ക്ക് വഴക്കുപറയുമ്പോഴും മിണ്ടാതെ മാറി നിൽക്കുന്നത് കാണാം. സ്നേഹത്തോടെ വിളിച്ചാൽ അച്ഛന്റെ അടുത്തും ഓടിയെത്തും. ഇവരിൽ ആരോടാണ് അവന് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ അത് അമ്മയോടാണ് എന്ന് പറയാം.

അച്ഛന്റെ വാർത്താസമ്മേളനങ്ങളിൽ സ്കൂബിയുടെ സാന്നിധ്യം കേൾക്കാമല്ലോ?

ശരിയാണ്. വീട്ടിൽ അച്ഛൻ വാർത്താസമ്മേളനം നടത്തുമ്പോൾ അവൻ ബഹളം വയ്ക്കാറുണ്ട്. ഒരുപാട് പേരുടെ സാന്നിധ്യം മനസിലാക്കി അവൻ കുരയ്ക്കുന്നതാണ്. മിക്കപ്പോഴും വീട്ടിൽ അച്ഛൻ പത്രക്കാരോട് സംസാരിക്കുമ്പോൾ അവന്റെ ശബ്ദം വിഡിയോയിൽ കേൾക്കാം. ഏതായാലും ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഒരാൾ പോലും അവനെ പരിഹസിച്ചില്ല. ഒരു നല്ല മാതൃക പോലെ എല്ലാവരും ആ പോസ്റ്റ് ഏറ്റെടുത്തു. അതിൽ ആരും രാഷ്ട്രീയം കണ്ടില്ല എന്നതും സന്തോഷം. അച്ഛന്റെ വീട്ടിലെ മുഖം കൂടിയാണത്. അവനെ ചേർത്ത് നിർത്തുക, ശാസിക്കുക, ഓമനിക്കുക ഇതെല്ലാം ചേരുന്നതാണ് വീട്ടിലെ അച്ഛൻ. അതാണ് ആ പോസ്റ്റും. താരമായ സ്കൂബിയെ കാണാൻ അടുത്ത വർഷം ആദ്യത്തോടെ വരണം. വീട്ടിൽ പുതിയ അതിഥി വന്ന സന്തോഷത്തിനൊപ്പമാണ് ഇപ്പോൾ സ്കൂബിയുടെ ഈ താരപരിവേഷവും. മിക്കപ്പോഴും വിഡിയോ കാൾ ചെയ്യുമ്പോൾ അവൻ അമ്മയുടെ അടുത്ത് ഓടിയെത്തി എനിക്കും മുഖം തരാറുണ്ട്. ഇന്ന് വിളിക്കണം. താരമായ സ്കൂബിയെ കാണണം.’ രമിത് പറയുന്നു. 

English Summary: Ramait Chennithala talks about his pet dog

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA