ADVERTISEMENT

അപൂർവ  നിറം കൊണ്ട് നിരവധി ആരാധകരെ നേടിയ മാനുകൂറ എന്ന കിവി പക്ഷി യാത്രയായി. ന്യൂസീലൻഡിലെ പൊക്കാഹോ നാഷണൽ വൈൽഡ് ലൈഫ് സെന്ററിൽ പാർപ്പിച്ചിരുന്ന തൂവെള്ള നിറത്തിലുള്ള കിവി പക്ഷിക്കാണ് ശസ്ത്രക്രിയയെ തുടർന്ന് ജീവൻ നഷ്ടമായത്. വൈൽഡ് ലൈഫ് സെന്റർ തന്നെയാണ് മാനുകൂറ യാത്രയായ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

ഏതാനം ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരിക്കുകയും ശരീരഭാരം നന്നേ കുറയുകയും ചെയ്തതിനെ തുടർന്ന് ഡിസംബർ മാസത്തിന്റെ ആദ്യവാരത്തിൽ  മാനുകൂറയെ വൈൽഡ് ബേസ് ആശുപത്രിയിൽ എത്തിച്ചിരുന്നു.സ്വാഭാവികമായ രീതിയിൽ പുറത്തുവരാനാവാത്തവിധം പാകമാകാത്ത ഒരു മുട്ട പക്ഷിയുടെ ഉള്ളിൽ കുടുങ്ങിയിരിക്കുന്നതായി വിശദമായ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ മുട്ട പുറത്തെടുത്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മാനുകൂറയുടെ ആരോഗ്യനില വഷളാവുകയായിരുന്നുവെന്ന്  വൈൽഡ് ലൈഫ് സെന്ററിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.

2011 ൽ വൈൽഡ് സെന്ററിൽ വച്ചുതന്നെ മുട്ടവിരിഞ്ഞാണ് മാനുകൂറ ജനിച്ചത്. സാധാരണയായി കിവി പക്ഷികൾക്ക് തവിട്ടുനിറത്തിലുള്ള തൂവലുകളാണുള്ളത്.  അപൂർവങ്ങളിൽ അപൂർവമായ ജനിതക പ്രത്യേകതമൂലം മാനുകൂറയുടെ ശരീരമാകെ തൂവെള്ള നിറത്തിലാവുകയായിരുന്നു.  സ്വാഭാവിക വാസസ്ഥലത്ത് നിന്നും മാറി ആദ്യമായി വിരിയുന്ന തൂവെള്ള നിറത്തിലുള്ള കിവി പക്ഷിയും മാനുകൂറയാണ്. മയോറി ഭാഷയിൽ 'പ്രത്യേക  പദവി ' എന്നർത്ഥം വരുന്ന മാനുകൂറ എന്ന പേര് പക്ഷിക്ക് നൽകിയത് പ്രദേശത്തെ ഗോത്രവർഗക്കാരാണ്.

വനപ്രദേശങ്ങളിൽ വെള്ളനിറത്തിലുള്ള കിവി പക്ഷികൾ കാണാൻ സാധ്യതയുണ്ടെങ്കിലും അത്യപൂർവമാണെന്ന് വൈൽഡ് ലൈഫ് സെന്റർ കുറിക്കുന്നു. ന്യൂസീലൻഡിലാണ് കിവി പക്ഷികളെ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ തന്നെ അവ ന്യൂസീലൻഡിന്റെ ദേശീയ ചിഹ്നം കൂടിയാണ്.

English Summary: 'Great Sadness': World's First Rare White Kiwi Manukura Dies After Surgery In New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com