ADVERTISEMENT

സാങ്കൽപിക ലോകത്തിൽ നിന്നെന്ന പോലെ വിചിത്രമായ നിറത്തിൽ  കാണപ്പെട്ട ഒരു കൂട്ടം തെരുവുനായകളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. റഷ്യയിലാണ് സംഭവം. നിഷ്‌നി നൊവ്ഗരഡ്  എന്ന പ്രദേശത്ത് കണ്ടെത്തിയ ഒരു കൂട്ടം തെരുവുനായകളുടെ ശരീരമാകെ അസാധാരണമായ നീല നിറമാണ്.

പ്രദേശവാസികളിൽ ഒരാൾ വിചിത്ര നിറത്തിലുള്ള നായകളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അത് വളരെ വേഗം ജനശ്രദ്ധ നേടുകയായിരുന്നു. എന്നാൽ നായകളുടെ നിറം ഇത്തരത്തിൽ മാറിയത് എങ്ങനെയെന്നാണ് അന്വേഷിക്കുന്നത്. അതേ പ്രദേശത്ത്  സ്ഥിതിചെയ്യുന്ന അടച്ചുപൂട്ടിയ നിലയിലുള്ള ഒരു ഫാക്ടറിയിലെ രാസമാലിന്യങ്ങളാവാം  ഇവയുടെ നിറംമാറ്റത്തിന് കാരണമായതെന്നാണ് നിഗമനം.

Pack Of Bright Blue Stray Dogs Spotted In Russia
Image Credit: vk.com

രാസമാലിന്യങ്ങൾ മൂലം നായകൾക്ക് നിറം മാറ്റം വന്നു എന്ന വാർത്ത അറിഞ്ഞതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏതാനും നായകളെ  പരിശോധനകൾക്കായി കൊണ്ടുപോവുകയും ചെയ്തു. ഉദ്യോഗസ്ഥർ  ഫാക്ടറി അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ  ചിത്രത്തിന്റെ ആധികാരികത തന്നെ സംശയിക്കപ്പെടേണ്ടതാണെന്ന തരത്തിലായിരുന്നു ആദ്യ പ്രതികരണം. പിന്നീട് ഫാക്ടറി പരിസരത്ത് എവിടെയെങ്കിലും അവശേഷിച്ച കോപ്പർ സൾഫേറ്റിനുള്ളിൽ നായകൾ ഉരുണ്ടതാവാം അവയുടെ നിറം മാറിയതിനു കാരണമെന്ന തരത്തിൽ വിശദീകരണങ്ങളുമായി ഫാക്ടറിയുടെ മാനേജറായിരുന്ന ആൻഡ്രേ മിസ്‍ലിവെട്സ് രംഗത്തെത്തി.

ഹൈഡ്രോസയാനിക് ആസിഡ്, പ്ലെക്സിഗ്ലാസ് എന്നിവ ഉൽപാദിപ്പിച്ചിരുന്ന ഫാക്ടറി സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആറു വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിയിരുന്നു. ഫാക്ടറിക്കുള്ളിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ്ക്കൾ അലഞ്ഞു നടക്കുന്നത് സാധാരണയാണ്. അവയെ തടയാനുള്ള സംവിധാനങ്ങൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാനിടയായത്. ഫാക്ടറിയുടെ  അധികാരികളുമായി ചേർന്ന് കൂടുതൽ നായകളെ പിടിയിലാക്കാനും കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കി നിറം മാറ്റത്തിനു പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കണ്ടെത്താനും ഒരുങ്ങുകയാണ് അധികൃതർ.

English Summary: Pack Of Bright Blue Stray Dogs Spotted In Russia. See Viral Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com