ADVERTISEMENT

അനധികൃതമായി കോഴിപ്പോര് നടത്താൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ കോഴിയുടെ ഉടമസ്ഥൻ കൊല്ലപ്പെട്ടു. തെലുങ്കാനയിലെ ജഗ്‌തിയാൽ ജില്ലയിലെ ലൊധുനൂർ ഗ്രാമത്തിലാണ് സംഭവം. കോഴിപ്പോരിനായി പൂവൻകോഴിയുടെ കാലിൽ വച്ചുകെട്ടിയ കത്തി  ഉടമസ്ഥന്റെ അടിവയറിൽ കൊണ്ടാണ് അപകടമുണ്ടായത്. കോണ്ടാപുർ ഗ്രാമത്തിലെ തനുഗുല സതീഷ് (45) എന്നയാളാണ് മരിച്ചത്.

ഫെബ്രുവരി 23 ന് ഗൊല്ലപ്പള്ളി മണ്ഡലത്തിലെ യെല്ലമ്മ ക്ഷേത്ര പരിസരത്താണ് അനധികൃത കോഴിപ്പോര് നടന്നത്. സതീഷിന്റെ വകയായിരുന്നു കോഴി. ആചാരമനുസരിച്ച് സതീഷ് മൂന്ന് ഇഞ്ച് നീളമുള്ള കത്തി തന്റെ കോഴിയുടെ കാലിൽ കെട്ടി. കോഴിപ്പോരിനിടെ, കോഴി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കോഴിയെ സതീഷ് പിടികൂടിയെങ്കിലും അബദ്ധത്തിൽ കോഴിയുടെ കാലിൽ കെട്ടിയിരുന്ന കത്തി സതീഷിന്റെ അടിവയറ്റിലേക്ക് തുളച്ചുകയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സതീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. തുടർന്ന് പ്രാദേശിക പോലീസ് സ്റ്റേഷനിൽ എത്തിച്ച കോഴിയെ പിന്നീട്  ഒരു ഫാമിലേക്ക് മാറ്റി. സംരക്ഷണത്തിന് ഒരു കോൺസ്റ്റബിളിനെയും നിയോഗിച്ചു.

നിയമവിരുദ്ധമായി കോഴിപ്പോര് നടത്താൻ പദ്ധതിയിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സംഘാടകരായ 15 പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി ഗൊല്ലപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫിസർ ബി. ജീവൻ പറഞ്ഞു. തെളിവായി കോടതിയിൽ ഹാജരാക്കേണ്ടതിനാൽ കോഴിയെ പൊലീസ് സംരക്ഷണയിൽ സൂക്ഷിച്ചിട്ടുണ്ട്. പങ്കെടുത്തവരുടെ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായതിനാൽ കോഴിപ്പോര് സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തവരെയും സതീഷിന്റെ മരണത്തിന് ഉത്തരവാദികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.നരഹത്യ, നിയമവിരുദ്ധമായ വാതുവയ്പ്പ്, കോഴിപ്പോര് സംഘടിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാവും ഇവർക്കെതിരെ ചുമത്തുന്നത്.

കോഴിപ്പോരിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും തെലുങ്കാന, ആന്ധ്രപ്രദേശ്, ഒഡിഷ, കർണാടക എന്നിവിടങ്ങളിലെ ഉൾഗ്രാമങ്ങളിൽ ഇപ്പോഴും ഉത്സവങ്ങളുടെ ഭാഗമായി കോഴി പോരുകൾ സജീവമാണ്. പോരിനായി മാത്രം പൂവൻ കോഴികളെ വളർത്തുന്ന പ്രവണതയും നിലവിലുണ്ട്. കോഴികളുടെ  ജീവൻ നഷ്ടപ്പെടുത്തികൊണ്ടുള്ള ഈ വിനോദത്തിനെതിരെ  മൃഗസംരക്ഷണ സംഘടനകൾ ശക്തമായി രംഗത്തുണ്ടെങ്കിലും ആയിരക്കണക്കിന് കോഴികൾ  പ്രതിവർഷം  കോഴിപ്പോരിൽ പങ്കെടുത്ത് കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

English Summary: Rooster with blade kills man during cockfight in Telangana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com