ADVERTISEMENT

കർണാടകയിലെ ബിആർ ഹിൽസിൽ സന്ദർശനത്തിനെത്തിയ ഒരു സംഘം വിനോദസഞ്ചാരികൾ കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വനത്തിനുള്ളിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സഞ്ചാരികളെ ആക്രമിക്കാനെത്തിയത് രണ്ട് കാട്ടാനകളാണ്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായി സഞ്ചാരികൾക്ക് നേരെ അടുക്കുന്ന ആനകളുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

വഴിയിലൂടെ നീങ്ങുന്ന വാഹനം കണ്ടു  വനത്തിനുള്ളിൽനിന്നും ഒരു ആന വാഹനത്തിനു പിന്നിലേക്ക്  ഓടിയടുക്കുന്നത് ദൃശ്യത്തിൽ കാണാം. ഉച്ചത്തിൽ ചിന്നം വിളിച്ചുകൊണ്ട്  ആക്രമിക്കാനെത്തുന്ന ആനയെക്കണ്ട് ഡ്രൈവർ വേഗത്തിൽ വാഹനം മുന്നോട്ടെടുത്തു. ഇതോടെ സഞ്ചാരികളും പരിഭ്രാന്തരായി. അൽപദൂരം വാഹനത്തെ പിന്തുടർന്ന ശേഷം ഒടുവിൽ ആന പിന്തിരിയുകയും  ചെയ്തു.

എന്നാൽ അപകടം ഒഴിവായിയെന്ന് സഞ്ചാരികൾ ആശ്വസിക്കുന്നതിനുമുൻപ് തന്നെ വാഹനത്തിന് മുന്നിലേക്ക് മറ്റൊരു കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വാഹനത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ആന നിന്നതോടെ കൂടുതൽ ശബ്ദത്തോടെ ഡ്രൈവർ വാഹനം മുന്നോട്ടെടുത്തു. ശബ്ദംകേട്ട് പിന്തിരിഞ്ഞു നീങ്ങിയ ആന  നിമിഷങ്ങൾക്കുള്ളിൽ വീണ്ടും  വാഹനത്തിനു നേരെ ഓടിയടുത്തു. ഇതോടെ സഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു.

അല്പസമയം വാഹനത്തിന് തടസ്സം സൃഷ്ടിച്ചശേഷം ആന തിരികെ കാടിനുള്ളിലേക്കു മടങ്ങി. ആക്രമിക്കാനെത്തിയ രണ്ട് ആനകൾക്ക് പുറമേ പരിസരത്ത് അനേകം കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു.  ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്. ഡ്രൈവർ വാഹനം മുന്നോട്ടെടുത്തപ്പോൾ ആനയ്ക്ക് അപകടം സംഭവിക്കാൻ സാധ്യതയേറെയായിരുന്നു എന്നാണ് ഒരു വിഭാഗം പ്രതികരിക്കുന്നത്. എന്നാൽ മനസാന്നിധ്യത്തോടെയുള്ള തീരുമാനമായിരുന്നു ഇതെന്നും  അല്ലാത്തപക്ഷം ആന വാഹനത്തിലുണ്ടായിരുന്നവരെ  തീർച്ചയായും ആക്രമിക്കുമായിരുന്നുവെന്നുമാണ്  മറ്റുചിലരുടെ പക്ഷം.

വനത്തിനുള്ളിലെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ ദിവസം ഒരു കാട്ടാന കുഞ്ഞിനു ജന്മം നൽകിയിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാൻ വേണ്ടിയാവാം ആനകൾ കൂട്ടമായി വിനോദസഞ്ചാരികൾക്കു നേരെ തിരിഞ്ഞതെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥനായ മനോജ് കുമാർ വ്യക്തമാക്കി.

English Summary: Tourists find themselves caught between two elephants in Karnataka, video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com