അസുഖം ബാധിച്ച കടുവയുടെ മീശ ഏലസിനായി മുറിച്ചെടുത്തു; പരാതിയുമായി വനപാലകൻ!

Forest officials accused of cutting tiger's moustache for amulet; guard complains to Ashok Gehlot
പ്രതീകാത്മക ചിത്രം
SHARE

ഏലസിനായി അസുഖം ബാധിച്ച കടുവയുടെ മീശ മുറിച്ചെടുത്തെന്ന പരാതിയുമായി വനപാലകൻ .രാജസ്ഥാനിലെ സരിസ്ക കടുവാ സങ്കേതത്തിലെ കടുവയുടെ മീശ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മുറിച്ചെടുത്തതായി പരാതി ഉയർന്നത്. വനത്തിലെ ഗാർഡുകളിൽ ഒരാൾ മുഖ്യമന്ത്രിക്ക് പരാതി അയച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നിലവിൽ ചികിത്സയിൽ ഇരിക്കുന്ന എസ് ടി -6 എന്ന് പേരുള്ള കടുവയുടെ മീശ ഉദ്യോഗസ്ഥർ മുറിച്ചെടുത്തതായി മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അയച്ച പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജനുവരിയിലാണ് എസ് ടി -6നെ ചികിത്സയ്ക്കായി കൂടിനുള്ളിലേക്ക് മാറ്റിയത്. ചികിത്സ നൽകുന്നതിനുവേണ്ടി ജനുവരി പത്താം തീയതി കടുവയെ മരുന്നുകൾ നൽകി മയക്കിയിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് കൺസർവേറ്ററായ ആർ എൻ മീന, ഫോറസ്റ്റ് റേഞ്ചറായ ജിതേന്ദ്ര ചൗധരി എന്നിവർ കടുവയുടെ മീശ മുറിച്ചെടുക്കാൻ സഹപ്രവർത്തകരോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വനപാലകന്റെ പരാതി. ഏലസ് നിർമിക്കുന്നതിനായാണ് കടുവയുടെ മീശ മുറിച്ചെടുത്തതെന്നാണ് ആരോപണം.

ജിതേന്ദ്ര ചൗധരി മദ്യപിച്ച അവസ്ഥയിൽ അബദ്ധത്തിൽ ഈ വിവരം വെളിപ്പെടുത്തുകയായിരുന്നുവെന്നും വനപാലകൻ പരാതിയിൽ പറയുന്നു. സംഭവം  വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പരസ്യമായതോടെ  മറ്റാരോടും വിവരം വെളിപ്പെടുത്തരുത് എന്ന് ഫോറസ്റ്റ് കൺസർവേറ്റർ ഭീഷണിപ്പെടുത്തിയിരുന്നതായും വനപാലകന്റെ പരാതിയിലുണ്ട്. കുറ്റകൃത്യം ചെയ്തവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. കടുവയെ പരിശോധിച്ചാൽ സംഭവം സത്യമാണെന്ന് തെളിയിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കടുവകളുടെ നഖത്തിനും തോലിനും മീശയ്ക്കും എല്ലാം ആവശ്യക്കാരേറെയാണ്. ഇതുമൂലം അനധികൃതമായി കടുവകൾ വേട്ടയാടപ്പെടുന്ന സംഭവങ്ങൾ പലഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.  ഇതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും  ഇത്തരത്തിൽ ഒരു വീഴ്ച ഉണ്ടായിരിക്കുന്നത്.  വന്യമൃഗങ്ങളെ സംരക്ഷിക്കേണ്ടവർതന്നെ അവയെ ഉപദ്രവിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംഭവത്തിൽ ഉന്നത തലത്തിലുള്ള അന്വേഷണം വേണമെന്നാണ് ആവശ്യം.

English Summary: Rajasthan: Forest officials accused of cutting tiger's moustache for amulet; guard complains to Ashok Gehlot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA