ADVERTISEMENT

കലിഫോർണിയയിലെ ടഹോയിലൂടെ തല വിചിത്രമായ രീതിയിൽ ചലിപ്പിച്ച് നടന്നുനീങ്ങുന്ന കരടിക്കുഞ്ഞിന്റെ ദൃശ്യം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചാരിച്ചിരുന്നു. കരടിക്കുഞ്ഞിന്റെ കുസൃതി എന്ന നിലയിലാണ് ദൃശ്യം ജനശ്രദ്ധ നേടിയതെങ്കിലും  വിചിത്രമായ ഈ സ്വഭാവരീതി ഏറെ ഭീതിയോടെയാണ് ഗവേഷകർ നോക്കിക്കാണുന്നത്.  കരടികളുടെ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അണുബാധയാവാം കരടിക്കുഞ്ഞ് ഇത്തരത്തിലൊരു സ്വഭാവരീതി പ്രകടിപ്പിക്കാനുള്ള  കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

പൊതുവെ മനുഷ്യരുടെ സാമീപ്യം തിരിച്ചറിഞ്ഞാൽ ഒഴിഞ്ഞു മാറുന്ന കരടികൾ ഇപ്പോൾ  തീരെ ഭയമില്ലാത്ത രീതിയിലാണ്  പ്രതികരിക്കുന്നത്. തലച്ചോറിനെ ബാധിച്ച അണുബാധയുടെ പ്രധാന ലക്ഷണമാണ് ഇതെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കലിഫോർണിയയിലുള്ള കരടികളിൽ കൂടുതലായി രോഗം പടർന്നു പിടിക്കുന്നുണ്ടെന്നാണ് അനുമാനം. സമാന സ്വഭാവരീതികൾ പ്രകടിപ്പിച്ച കരടികളിൽ നടത്തിയ പരിശോധനയിൽ നിന്നും പുതിയ അഞ്ചുതരം വൈറസുകളെ  കണ്ടെത്തിയിരുന്നു. എന്നാൽ ഇവയുടെ ഉറവിടം ഇപ്പോഴും അവ്യക്തമാണ്.

Mysterious disease killing young California bears in Tahoe. One symptom fearlessness
Grab Image From Facebook video

ജനവാസ മേഖലകളിലേക്ക് കരടികൾ കൂടുതൽ ഇറങ്ങുന്നതും മനുഷ്യന്റെ സാമീപ്യം വകവെയ്ക്കാതെ വീടുകളിലും നിരത്തുകളിലുമെല്ലാം എത്തുന്നതും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് അവയുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങൾ ഗവേഷകർ ആരംഭിച്ചത്. കൃത്യമായ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന  നിലയിലാണ്  രോഗബാധിതരായ കരടികളെ കണ്ടെത്തിയത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ സമാന ലക്ഷണങ്ങളുമായി മൂന്ന് കരടികളെ കണ്ടെത്തിയിരുന്നു.

ഏറ്റവും ഒടുവിലായി രോഗലക്ഷണങ്ങളോടെ പിടിയിലായ പെൺകരടിക്ക് പ്രായത്തിന് അനുയോജ്യമായ  ശരീരഭാരം ഇല്ലാതിരുന്നതും ഗവേഷകരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്. 80 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കരടിക്ക് കേവലം 21 പൗണ്ട് മാത്രമാണ് ഉണ്ടായിരുന്നത്. 2014 മുതൽ തന്നെ ഗവേഷകർ കരടികളിലെ രോഗബാധയെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. അതിനുശേഷം പിടികൂടിയ കരടികളിൽ പലതിനും  രോഗം മൂർച്ഛിച്ച നിലയിലായതിനാൽ  ദയാവധം നൽകിയിരുന്നു.

English Summary: Mysterious disease killing young California bears in Tahoe. One symptom fearlessness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com