ADVERTISEMENT

സമുദ്രമലിനീകരണം കടൽ ജീവികളെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ നേർചിത്രമായി ആഗോള തലത്തിൽ ശ്രദ്ധനേടിയ നീർനായയ്ക്ക് ഒടുവിൽ നരകയാതനയിൽ നിന്നും മോചനം. കഴുത്തിൽ ഇറുകിയ പ്ലാസ്റ്റിക് വളയവുമായി കഴിഞ്ഞ വികർ എന്ന പെൺ നീർനായയുടെ ശരീരത്തിൽ നിന്നും കഴിഞ്ഞ ദിവസമാണ് വളയം മുറിച്ചു നീക്കിയത്. രണ്ടുവർഷം മുൻപ് നോർഫോക് തീരത്താണ് നീർനായയെ ആദ്യമായി കണ്ടെത്തിയത്. അതിനും ഏറെ കാലം മുൻപാവാം ഇത് നീർനായയുടെ കഴുത്തിൽ കുടുങ്ങിയതെന്നാണ് നിഗമനം.

Famous seal with plastic ring on its neck for years is finally rescued
Image Credit: Friends of Horsey Seals/Facebook

നീർനായകളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ഹോഴ്സി സീൽസ് എന്ന സംഘടനയിലെ അംഗങ്ങളാണ് നീർനായയെ കഴിഞ്ഞ ഞായറാഴ്ച പിടികൂടിയത്.  രണ്ടുവർഷംകൊണ്ട് വളർച്ച പ്രാപിച്ചതോടെ പ്ലാസ്റ്റിക് വളയം നീർനായയുടെ കഴുത്തിൽ ഇറുകി മാംസത്തിനുള്ളിലേക്ക് കയറിയ നിലയിലായിരുന്നു. വളയം മുറിച്ചു നീക്കുന്നതിനായി നീർനായയെ റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് എന്ന സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ മൃഗരോഗ വിദഗ്ധരാണ് വളയം മുറിച്ചു നീക്കിയത്.

വളയം മാംസത്തിൽ ഇറുകിയതിനെ തുടർന്ന് നീർനായയുടെ കഴുത്തിൽ ഏഴ് സെന്റീമീറ്ററോളം ആഴത്തിലുണ്ടായ മുറിവ് പഴുത്ത നിലയിലായിരുന്നുവെന്ന് മൃഗരോഗ വിദഗ്ധർവ്യക്തമാക്കി. വളയം മുറിച്ചു നീക്കപ്പെട്ടെങ്കിലും ഇപ്പോഴും വികർ ആരോഗ്യം  വീണ്ടെടുത്തിട്ടില്ല.  ഉപ്പുലായനിയിൽ കുളിപ്പിക്കുന്നതടക്കം നീർനായയ്ക്ക് പ്രത്യേക പരിചരണം  നൽകി വരുന്നതായി ആശുപത്രി അധികൃതർ വിശദീകരിച്ചു.

മുറിവേറ്റ ഭാഗങ്ങൾ തുന്നികെട്ടാനാവാത്ത നിലയിലാണ്.  അതിനാൽ 25 കിലോഗ്രാം ഉപ്പ് കലക്കിയ വെള്ളത്തിൽ  മുറിവ് കഴുകുക മാത്രമാണ് പോംവഴിയെന്നും ആർഎസ്പിസിഎ ആശുപത്രിയുടെ മാനേജരായ അലിസൺ ചാൾസ് പറയുന്നു. വളയം നീക്കം ചെയ്ത ശേഷമുള്ള നീർനായയുടെ ചിത്രങ്ങൾ ഫ്രണ്ട്സ് ഓഫ് ഹോഴ്സി സീൽസ് പുറത്തുവിട്ടിട്ടുണ്ട്.

English Summary: Famous seal with plastic ring on its neck for years is finally rescued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com