ADVERTISEMENT

മൃഗശാലയിൽ സന്ദർശനത്തിനെത്തിയ  വ്യക്തി എറിഞ്ഞുകൊടുത്ത റബർ പന്ത് വിഴുങ്ങിയ ധ്രുവക്കരടിക്ക് ദാരുണാന്ത്യം. റഷ്യയിലെ യെക്കാടെറിൻബർഗിലുള്ള മൃഗശാലയിലാണ് സംഭവം. ഉംക എന്നു പേരുള്ള ആൺ ധ്രുവക്കരടിയാണ് ചത്തത്. തിങ്കളാഴ്ച രാവിലെ ആഹാരം കഴിക്കുന്നതിനിടയിൽ 25 വയസ്സുള്ള ധ്രുവക്കരടി കുഴഞ്ഞുവീഴുകയായിരുന്നു. ഇതു കണ്ടുനിന്ന മൃഗശാലയിലെ ജോലിക്കാരൻ ഉടൻതന്നെ മൃഗരോഗ വിദഗ്ധരെ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം ഡോക്ടർമാർ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും  ഉംകയുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കരടിയുടെ ശരീരത്തിനുള്ളിൽ റബർ പന്ത് കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ധ്രുവക്കരടികളെ പാർപ്പിച്ചിരുന്ന കൂടിനുള്ളിൽ റബർ പന്ത് വരാൻ യാതൊരു സാധ്യതയുമില്ലെന്നും സന്ദർശകരിൽ ആരോ എറിഞ്ഞു കൊടുത്തത് കരടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നുവെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. 1998ലാണ് ഉംകയെ മൃഗശാലയിലെത്തിച്ചത്. വേട്ടക്കാരുടെ ആക്രമണത്തെത്തുടർന്ന് അമ്മ ചത്ത ശേഷം ഭക്ഷണത്തിനായി അലഞ്ഞ കരടിക്കുഞ്ഞിനെ തെരുവുനായകൾ ആക്രമിച്ചിരുന്നു. അവിടെനിന്നും പ്രദേശവാസികളാണ് ഉംകയെ രക്ഷിച്ച് മൃഗശാലയിൽ ഏൽപ്പിച്ചത്.

ഉംകയുടെ ഇണയായ ഐനയേയും മൃഗശാലയിൽ അതേ കൂട്ടിൽ തന്നെയാണ്  പാർപ്പിച്ചിരിക്കുന്നത്. രണ്ടു ധ്രുവക്കരടികളും വളരെ സ്നേഹത്തിലാണ് കഴിഞ്ഞിരുന്നതെന്നും മരണശേഷം ഏറെ വിഷമത്തിലാണ് ഐനയെന്നും  മൃഗശാല അധുകൃതർ വിശദീകരിച്ചു. ഇനിയും  ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നും മൃഗശാലയുടെ വക്താവ് വ്യക്തമാക്കി.

English Summary: Polar bear dies after swallowing a rubber ball thrown into its enclosure by a visitor at Russian zoo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com