ADVERTISEMENT

ഭക്ഷണത്തിനായി ഒരു ജീവി മറ്റൊരു ജീവിയെ കൊല്ലുന്നത് പ്രകൃതിയുടെ നിയമമാണ്. മിക്ക ജീവിവര്‍ഗങ്ങളും ഇങ്ങനെ മറ്റൊരു ജീവിയെ കൊന്ന് ഭക്ഷണമാക്കുന്നവരുമാണ്. അതേസമയം വിനോദത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലുന്ന ഒരേയൊരു വര്‍ഗം മനുഷ്യരാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഇത്തരത്തില്‍ വിനോദത്തിന് വേണ്ടി ഒരു ദിവസം രണ്ട് ആഫ്രിക്കന്‍ ആനകളെ വെടിവച്ചു കൊന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അമേരിക്കന്‍ റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വെയിന്‍ ലാപിയറും ഭാര്യയുമാണ് ദൃശ്യത്തിലുള്ള ദമ്പതികള്‍.

അടുത്തിടെ അതീവ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ട ആഫ്രിക്കയിലെ സാവന്ന ആനകളുടെ വിഭാഗത്തില്‍ പെട്ട രണ്ട് ആനകളെയാണ് വെയിന്‍ ലാപിയറും ഭാര്യ സൂസനും ചേര്‍ന്ന് വെടിവച്ചു കൊന്നത്. ട്രോഫി ഹണ്ടിങ് എന്നറിയപ്പെടുന്ന വിനോദ വേട്ടയുടെ ഭാഗമായാണ് ഇരുവരും ആനകളെ വെടിവച്ചു വീഴ്ത്തിയത്. ഭീമമായ തുക വാങ്ങി ട്രോഫി ഹണ്ടിങ്ങിനു വേണ്ടി ജീവികളെ തയാറാക്കി നല്‍കുന്ന ഏജന്‍റുകളും സ്വകാര്യ റിസോര്‍ട്ടുകളും ആഫ്രിക്കയില്‍ പലയിടങ്ങളിലുമുണ്ട്. അമേരിക്കയില്‍ നിന്നാണ് ഇത്തരത്തില്‍ ലക്ഷക്കണക്കിന് പണം മുടക്കി ഏറ്റവും അധികം ആളുകള്‍ ട്രോഫി ഹണ്ടിങ്ങിനായി ആഫ്രിക്കയിലേക്കെത്തുന്നതും.

ആനയെ വേട്ടയാടുന്ന ദൃശ്യങ്ങള്‍

ഇന്ന് ട്രോഫി ഹണ്ടിങ് ആഫ്രിക്കയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങലും തന്നെ നിരോധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആനകളെ പോലെ സംരക്ഷിത വിഭാഗത്തില്‍ പെട്ട ജീവികളെ വേട്ടയാടുന്നത്. ഇപ്പോള്‍ വിവാദമായിരിക്കുന്ന ഈ ദൃശ്യങ്ങള്‍ 2013 ല്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. ദൃശ്യങ്ങള്‍ പഴയതാണെങ്കിലും അതില്‍ മനുഷ്യര്‍ ജീവികളോട് കാട്ടുന്ന ക്രൂരതയ്ക്ക് ഒരു കാലപ്പഴക്കവുമല്ലെന്ന് ദൃശ്യങ്ങള്‍ കണ്ടവര്‍ പ്രതികരിക്കുന്നു. 2013ല്‍ ചിത്രീകരിച്ച ഈ വീഡിയോ പിന്നീട് റൈഫിള്‍ അസോസിയേഷന്‍റെ പൊതു സമ്മതിയെ ബാധിക്കുമെന്ന് ഭയന്ന് പ്രസിദ്ധീകരിച്ചില്ല. രഹസ്യമായി സൂക്ഷിച്ച ഈ വിഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്. 

രണ്ട് ആനകളെയാണ് വെയിന്‍ ലാപിയറും ഭാര്യയും സംഘവും ഒറ്റ ദിവസം കൊണ്ട് വേട്ടയാടിയത്. ആദ്യം വെയിന്‍ ലാപിയര്‍ ഒരു ആനയെ വെടി വയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. 10 മിനുട്ടോളം ദൈര്‍ഘ്യമുള്ള ദൃശ്യത്തില്‍ തുടര്‍ന്ന് മൂന്ന് തവണ വെടിവച്ചിട്ടും ആനയുടെ ജീവന്‍ നഷ്ടമായിട്ടില്ലെന്ന് കാണാം. അതേസമയം വെടിയേറ്റ ആന അനങ്ങാനാകാതെ ഞരങ്ങുന്ന ശബ്ദമുണ്ടാക്കി ദയനീയമായി കിടക്കുന്നത് ആരുടേയും ഹൃദയം തളര്‍ത്തും. പിന്നീട് കൂട്ടത്തിലെ മറ്റൊരാള്‍ വീണു കിടക്കുന്ന ആനയെ ഒരിക്കല്‍ കൂടി വെടി വച്ച് കൊല്ലുന്നതും ദൃശ്യത്തിലുണ്ട്. 

ഇതിന് ശേഷമാണ് സൂസന്‍ മറ്റൊരു ആനയെ കൊല്ലുന്ന ദൃശ്യങ്ങളുള്ളത്. കൊല്ലേണ്ട ആനയെ ഇവരെ സഹായിക്കാനെത്തിയ ഗൈഡുകള്‍ കാട്ടി കൊടുക്കുന്നതും ദൃശ്യത്തില്‍ കാണാം. ഈ ആനയെ രണ്ട് തവണയാണ് സൂസന്‍ വെടി വയ്ക്കുന്നത്. വെടിയേറ്റു ജീവനറ്റ ആനയുടെ അടുത്തെത്തി കൊമ്പില്‍ പിടിച്ച ശേഷം ഒറ്റ ദിവസത്തില്‍തന്നെ രണ്ട് ആനകളെ വെടി വച്ച് കൊന്നതില്‍ സൂസന്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അസുഖകരവും അസ്വസ്ഥത ഉണ്ടാക്കുന്നതും എന്നാണ് ഈ ദൃശ്യത്തെ രാജ്യാന്തര ജൈവവൈവിദ്ധ്യ കേന്ദ്രം ഡയറക്ടറായ താനിയ സനേറിബ് വിശേഷിപ്പിച്ചത്. 

ആഫ്രിക്കന്‍ ആനകള്‍

ഈ വര്‍ഷം ആദ്യമാണ് ആഫ്രിക്കയിലെ സാവന്ന വിഭാഗത്തില്‍ പെട്ട ആനകളെ രാജ്യാന്തര ജൈവവൈവിദ്ധ്യ ബോര്‍ഡ് വംശനാശ ഭീഷണി നേരിടുന്നവയായി പ്രഖ്യാപിച്ചത്. ഇതോടെ ആഫ്രിക്കയിലെ രണ്ട് ആനവര്‍ഗങ്ങളും വംശനാശ ഭീഷണി നേരിടുന്നവയായി മാറി. ഒരു കാലത്ത് ആഫ്രിക്കയിലെ പുല്‍മേടുകളിലും വനങ്ങളിലും സമൃദ്ധമായിരുന്ന ആനവര്‍ഗങ്ങളുടെ പതനത്തിലേക്കു നയിച്ചത് കൊമ്പിനു വേണ്ടിയുള്ള വേട്ടയും വനനശീകരണവുമാണ്. കൊമ്പിന്‍റെ വ്യാപാരത്തിനും അതിന് വേണ്ടിയുള്ള വേട്ടയ്ക്കും കടുത്ത നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് ട്രോഫി ഹണ്ടിങ്ങിന്‍റെ രൂപത്തില്‍ ആനകള്‍ക്ക് വീണ്ടും ഭീഷണി ഉയര്‍ന്നത്. 

ഇന്ന് ആഫ്രിക്കന്‍ ആനകളുടെ നില പരിതാപകരമായ അവസ്ഥയിലായതിൽ ട്രോഫി ഹണ്ടിങ്ങിന് നിര്‍ണായക പങ്കുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. സ്വകാര്യ റിസോര്‍ട്ടുകളില്‍ മാത്രം നടക്കുന്നു എന്ന വ്യാജേന മാനുകളെയും മറ്റും വേട്ടയാടാനുള്ള ലൈസന്‍സ് നേടിയാണ് ആനകളെ വെടി വയ്ക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഷ്യന്‍ ആനകളുടെ എണ്ണത്തില്‍ വർധനവ് രേഖപ്പെടുത്തുന്നത് അവിടങ്ങളിലെ കൃത്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണെന്നും ആഫ്രിക്കയില്‍ അഴിമതി മൂലം ഇത് സാധിക്കുന്നില്ലെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ കുറ്റപ്പെടുത്തല്‍.

English Summary: NRA head Wayne LaPierre shown shooting elephant in Botswana in leaked footage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com