ചിമ്മിനിയിലൂടെ വീടിനുള്ളിലേക്ക് ഇരച്ചുകയറിയത് നൂറുകണക്കിന് പക്ഷികൾ; അമ്പരന്ന് വീട്ടുകാർ, വിഡിയോ!

Hundreds of birds swoop down California family’s chimney in wild invasion
SHARE

ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 'ദ ബേർഡ്സ് ' എന്ന ഹോളിവുഡ് സിനിമയെ വെല്ലുന്ന രംഗങ്ങൾ സ്വന്തം വീടിനുള്ളിൽ അരങ്ങേറിയതിന്റെ  അമ്പരപ്പിലാണ് കലിഫോർണിയയിലെ ടൊറനസിലുള്ള കുടുംബം. നൂറുകണക്കിന് പക്ഷികളാണ് വീടിന്റെ ചിമ്മിനിയിലൂടെ അകത്തേക്ക് ഇരച്ചുകയറിയത്. ചിമ്മിനിക്കു മുകളിൽ ചുറ്റി പറന്ന ശേഷം കൂട്ടമായി അവ ഉള്ളിലേക്ക് കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടുടമസ്ഥയായ കെറിയും ഭർത്താവും കുട്ടിയും അടങ്ങുന്ന കുടുംബം ഭക്ഷണത്തിനായി പുറത്തു പോയി തിരികെ വന്നപ്പോഴാണ് വീടിനകത്തു നിറയെ പക്ഷികൾ പറക്കുന്ന കാഴ്ച കണ്ടത്. ശുചിമുറികളിൽ അടക്കം എല്ലാ മുറികളിലും അവ സ്ഥാനം പിടിച്ചിരുന്നു. ജനാലകളിൽ വലിയ കൂട്ടമായിരുന്ന് പക്ഷികൾ ചിറകിട്ടടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അവയെ പിടികൂടി പുറത്തിറക്കാനുള്ള ശ്രമത്തിനിടയിൽ എണ്ണൂറിനു മുകളിൽ പക്ഷികളുണ്ടായിരുന്നതായി കെറി പറയുന്നു.

എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ കുടുംബം പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ലഭിച്ച  നിർദ്ദേശ പ്രകാരം ആനിമൽ കൺട്രോൾ  ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും  വീടിന്റെ ജനാലകളും വാതിലുകളും തുറന്നിട്ടാൽ അവ തനിയെ പുറത്തു പോകുമെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാൽ ഏറെ നേരം വാതിലുകൾ തുറന്നിട്ട ശേഷവും പക്ഷികൾ പുറത്തിറങ്ങാതായതോടെ ഒടുവിൽ ഒരു ബന്ധുവിന്റെ സഹായം തേടുകയായിരുന്നു.

പിടികൂടാനൊരുങ്ങുമ്പോൾ അവ ആക്രമിക്കുമെന്ന നിലയിലായതിനാൽ ആ ശ്രമവും തുടക്കത്തിൽ പരാജയപ്പെട്ടു. ഒടുവിൽ ഏറെ നേരത്തിനുശേഷം അവ സീലിങ്ങിലും മറ്റുമായി തൂങ്ങിയിരുന്ന് ഉറങ്ങിയപ്പോൾ പിടികൂടി കാർഡ്ബോർഡ് പെട്ടിക്കുള്ളിലാക്കി  പുറത്തെത്തിച്ച് തുറന്നുവിടുകയായിരുന്നു. എന്നാൽ ഇത്രയധികം പക്ഷികൾ ഉണ്ടായതിനാൽ അവയെ പൂർണമായി പുറത്തെത്തിക്കാൻ സാധിച്ചതുമില്ല. ശേഷിക്കുന്നവ ഏതാനും ദിവസങ്ങൾ വീടിനുള്ളിൽ തന്നെ തുടരുകയായിരുന്നു. ഇതേതുടർന്ന് കെറിയും കുടുംബവും സമീപത്തുള്ള ഹോട്ടലിലേക്ക് താമസവും മാറ്റേണ്ടിവന്നു.

വോക്സസ് സ്വിഫ്റ്റ് എന്നറിയപ്പെടുന്ന ദേശാടനപക്ഷികളാണ് കെറിയുടെ വീടിനുള്ളിൽ സ്ഥാനം പിടിച്ചത്. കലിഫോർണിയയിലൂടെ മെക്സിക്കോ വരെ നീളുന്ന ദേശാടനത്തിനിടെ ഇവ ചിമ്മിനികളിൽ കൂട് കൂട്ടാറുണ്ട്. ഇപ്പോൾ ഇവ ദേശാടനം നടത്തുന്ന സമയമായതിനാൽ  വീടുകളുടെ ചിമ്മിനി അവയ്ക്ക് കടക്കാനാവാത്ത വിധം അടച്ചിടാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് പക്ഷിനിരീക്ഷകർ മുന്നറിയിപ്പ് നൽകി.

English Summary: Hundreds of birds swoop down California family’s chimney in wild invasion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WILD LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA