ADVERTISEMENT

വിനോദത്തിനായി വലിയ വന്യമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം കാറ്റിൽപറത്തി ലിക്ടെൻസ്റ്റൈനിലെ രാജകുമാരൻ. റൊമേനിയയിലെ ഏറ്റവും വലിയ കരടിയായ ആർതറിനെയാണ് രാജകുമാരനായ ഇമ്മാനുവേൽ വെടിവച്ചുകൊന്നത്. കർപ്പാത്യൻ മലനിരകളിൽ ജീവിച്ചിരുന്ന ആർതറിനെ രാജകുമാരൻ വെടിവെച്ചു കൊന്നതായി ആരോപണം ഉയർത്തിക്കൊണ്ട് ഏജന്റ് ഗ്രീൻ, വിജിടി എന്നീ സന്നദ്ധസംഘടനകൾ പ്രസ്താവനയിറക്കി.

ഓസ്ട്രിയയിലെ റീഗേഴ്സ്ബർഗിൽ താമസിക്കുന്ന രാജകുമാരന് ഒജ്ദുല എന്ന പ്രദേശത്ത് കാർഷിക വിളകൾക്ക് നാശമുണ്ടാക്കുന്ന ഒരു പെൺ കരടിയെ വേട്ടയാടുന്നതിനായി റൊമേനിയൻ ഭരണകൂടം  അനുമതി നൽകിയിരുന്നു. എന്നാൽ ഈ അനുമതി ദുരുപയോഗം ചെയ്തുകൊണ്ട് പ്രിൻസ് ഇമ്മാനുവേൽ വെടിവച്ചു കൊന്നത്  ജനവാസ മേഖലയിലേക്ക് തീരെ കടന്നുവരാതെ കാടിനുള്ളിൽ തന്നെ കഴിയുന്ന ആർതറിനെയാണ്.

കോവസ്ന പ്രവിശ്യയിൽ നാലുദിവസം വേട്ടയാടാൻ രാജകുമാരന് അനുമതി നൽകിക്കൊണ്ടുള്ള രേഖ കണ്ടെത്തിയതായി ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.  മാർച്ച് 13ന് 17 വയസ്സുള്ള ബ്രൗൺ ബെയർ ഇനത്തിൽപ്പെട്ട കരടിയെ വേട്ടയാടിയതായും രേഖയിൽ വ്യക്തമാക്കുന്നുണ്ട്. വേട്ടയാടുന്നതിനായി പ്രിൻസ് ഇമ്മാനുവേൽ 6040 പൗണ്ടാണ് (620817 ഇന്ത്യൻ രൂപ) അടച്ചത്.

ഏറെ വർഷങ്ങളായി ഏജന്റ് ഗ്രീൻ എന്ന സംഘടന നിരീക്ഷിച്ചു വരുന്ന കരടിയാണ് ആർതർ. മനുഷ്യരുമായി അടുത്തിടപഴകുകയോ അവർ നൽകുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യാതെ തികച്ചും വന്യജീവിയായി തന്നെയാണ് ആർതർ കഴിഞ്ഞിരുന്നത്.  ഉൾവനത്തിൽ മാത്രം  കഴിയുന്ന ആർതറിനെ രാജകുമാരൻ തെറ്റായി ഉന്നം വച്ചതല്ലെന്നും പ്രശസ്തിക്കുവേണ്ടി മനപൂർവും വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഏജന്റ് ഗ്രീനിന്റെ പ്രസിഡന്റായ ഗബ്രിയേൽ പൗൺ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ തന്നെ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവും വലിയ കരടിയായിരുന്നു ആർതർ.

റൊമേനിയൻ നിയമപ്രകാരം പ്രത്യേക സംരക്ഷണം നൽകിവരുന്ന ഇനമാണ് ബ്രൗൺ ബെയറുകൾ. ഇവയെ വിനോദത്തിനായി വേട്ടയാടുന്നത് 2016ൽ രാജ്യം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ഭരണകൂടങ്ങൾ ജനങ്ങൾക്ക് നാശം ഉണ്ടാക്കുന്നവയെ മാത്രം വേട്ടയാടാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ആരോപണം ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റൊമേനിയയുടെ പരിസ്ഥിതി കാര്യമന്ത്രി വ്യക്തമാക്കി.

English Summary: Liechtenstein prince accused of shooting Romania’s largest bear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com