ADVERTISEMENT

മനുഷ്യരോട് ഇണങ്ങാൻ കൂട്ടാക്കാത്ത കുളക്കോഴികളുമായുണ്ടാക്കിയ അപൂർവ സൗഹൃദത്തിന്റെ ദിനങ്ങളാണ് ലോക്ഡൗൺ കാലം ജോർജ് ജോസഫിനു സമ്മാനിക്കുന്നത്. ചെടികളെയും പക്ഷികളെയും സനേഹിക്കുന്ന മലാപ്പറമ്പ് പെരവക്കുട്ടി റോഡിൽ പാരുമണ്ണിൽ വീട്ടിൽ ജോർജ് ജോസഫിന് ഇപ്പോൾ കളിക്കൂട്ടുകാരെപ്പോലെയാണ് വിരുന്നെത്തുന്ന കുളക്കോഴികൾ.

സാധാരണ മനുഷ്യരുടെ നിഴൽ കണ്ടാൽ പറന്നകലുന്ന കുളക്കോഴികൾ റിട്ട.ബാങ്ക് ഉദ്യോഗസ്ഥനായ ജോർജ് ജോസഫിന്റെ കൈകളിലും മുതുകിലും വന്നിരുന്നാണ് തീറ്റ തേടുന്നത്. ചിലപ്പോൾ തീറ്റ തേടി വീട്ടിനകത്തേക്കെത്തും. 2 വർഷം മുൻപാണ് ജോർജ് ജോസഫും കുളക്കോഴികളുമായുള്ള ‘പരിചയം’ ആരംഭിക്കുന്നത്. എല്ലാ വേനൽക്കാലത്തും പക്ഷികൾക്കായി ജോർജ് കുടിവെള്ളം വയ്ക്കാറുണ്ട്. 9 ഇടങ്ങളിലാണ് കുടിവെള്ളവും തീറ്റയും വയ്ക്കുന്നത്. ഇതു കുടിക്കാൻ 2 വർഷമായി കുളക്കോഴികളെത്തുന്നുണ്ട്.

എന്നാൽ, ഒരാഴ്ചയായി ഇതിലൊരു കുളക്കോഴി ജോർജ് ജോസഫിനോട് ചങ്ങാത്തത്തിലായി. പേടിയൊന്നുമില്ലാതെ അടുത്തു വരികയും ശരീരത്തു കയറുകയുമൊക്കെ ചെയ്യും. ജോർജ് ജോസഫല്ലാതെ വീട്ടിലെ മറ്റാരുമായും കുളക്കോഴി അടുത്തിട്ടുമില്ല.

ചെറുമീനുകളാകും കുളക്കോഴികൾക്കു പ്രീയം എന്നു കരുതി നെത്തൽ, ചെമ്മീൻ എന്നിവ നൽകിയെങ്കിലും അതിനോട് അവ അത്ര താൽപര്യം കാണിച്ചില്ല. പിന്നീട് ചോറ് നൽകിയപ്പോൾ അതു മുഴുവൻ അകത്താക്കി. അതോടെ സ്ഥിരമായി ചോറ് കൊടുക്കാൻ തുടങ്ങി. 

ദിവസവും 2 കുളക്കോഴികൾ ഇവിടെ ചോറുണ്ണാൻ എത്തും. ഇവയിലൊന്നാണ് ജോർജ് ജോസഫുമായി ചങ്ങാത്തത്തിലായത്. മറ്റേ കുളക്കോഴി ഇനിയും അടുക്കാൻ തയാറായിട്ടില്ല. കുളക്കോഴികൾ വീട്ടിൽ വരുന്ന കാലം വരെ അവയ്ക്ക് തീറ്റയും വെള്ളവും നൽകി സംരക്ഷിക്കാൻ തന്നെയാണ് ജോർജ് ജോസഫിന്റെ തീരുമാനം. ഇദ്ദേഹത്തിനു ‘കട്ട’ സപ്പോർട്ടുമായി ഭാര്യ ആനി ജോർജും മകൻ ജെറിയും മരുമകൾ കേരൻ പോളും കൊച്ചു മകൻ റയണും കൂടെയുണ്ട്.

English Summary: Rare friendship between man and White-breasted Waterhens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com