ADVERTISEMENT

മൃഗശാലകള്‍ ഒരേ സമയം കൗതുകത്തിന് വേണ്ടിയും മൃഗങ്ങളെ അടുത്തറിയാൻ വേണ്ടിയുമുള്ള സ്ഥലങ്ങളാണ്. ഇന്ത്യയിലെ മൃഗശാലകളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവയാണ്. എന്നാല്‍ പല വിദേശരാജ്യങ്ങളിലും സ്വകാര്യ നിയന്ത്രണത്തിലുള്ള മൃഗശാലകളുണ്ട്. ഇത്തരം മൃഗശാലകളില്‍ പ്രവര്‍ത്തിച്ചവരോ, പ്രവര്‍ത്തിക്കുന്നവരോ അവരുടെ അനുഭവങ്ങള്‍ പറയുന്ന ഒരു പേജ് റെഡ്ഡിറ്റില്‍ ഉണ്ട്. റെഡ്ഡിറ്റിലെ ഉപയോക്താവ് മൃഗശാലകളിലെ രഹസ്യങ്ങൾ ചോദിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരു പേജിന് തുടക്കമായത്. ഈ ചോദ്യത്തിനുള്ള ഉത്തരമായി പല മൃഗശാല സൂക്ഷിപ്പുകാരും നല്‍കിയിരിക്കുന്ന ഉത്തരങ്ങള്‍ നമ്മെ അമ്പരപ്പിക്കുകയോ, ചിലപ്പോഴെങ്കിലും ഭയപ്പെടുത്തുകയോ ചെയ്യുന്നവയാണ്.

zookeepers-reveal-the-dark-lowdown-dirty-inside-secrets-of-zoos1

മൃഗശാലയിലെ ഏറ്റവും അപകടകാരിയായ ജീവി

സിംഹവും കടുവയുമെല്ലാം കൂടുപൊളിച്ച് പുറത്തു ചാടിയാല്‍ അത് മൃഗശാലയില്‍ സൃഷ്ടിക്കാവുന്ന ആശങ്ക നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ച് ഊഹക്കാവുന്നതേയുള്ളു. എന്നാല്‍ ഇവ എത്രത്തോളം അപകടകാരികളാകുമെന്ന കാര്യത്തില്‍ നമുക്ക് വലിയ ധാരണയുണ്ടാകില്ല. മൃഗശാല നടത്തിപ്പുകാരനായിരുന്ന ഷാഡിയുടെ അഭിപ്രായത്തില്‍ സിംഹമോ അതുപോലുള്ള മറ്റ് ജീവികളോ പുറത്തു  ചാടിയാലും അവ ആക്രമിക്കാനോ ഒരുപാട് പേരെ അപകടപ്പെടുത്താനോ ഉള്ള സാധ്യത കുറവാണ്. അതുപോലെ തന്നെ ആനകളും കൂട്ടത്തോടെ അപകടം വരുത്തിവയ്ക്കില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടേണ്ടത് ചിമ്പാന്‍സികളെയാണെന്ന് ഷാഡി എല്‍ പറയുന്നു. ചിമ്പാന്‍സികള്‍ പുറത്തു ചാടിയാല്‍ അവയെ പിടികൂടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതു മാത്രമല്ല അവയുടെ മുന്നില്‍ പെട്ടാല്‍ അവ മനുഷ്യരെ വലിച്ച് കീറി കൊന്നുകളയുമെന്നും ഷാഡി എല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗ്രൗണ്ട് ഹോഗ് ഡേ

ഷാഡി എല്ലിന്‍റെ അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ് ഇതേ പേജില്‍ കുറിച്ച മറ്റൊരാളുടെ അനുഭവം. ഇയാൾ നടത്തിപ്പുകാരനായിരുന്ന മൃഗശാലയില്‍ ഒരിക്കല്‍ ഒരു ഗ്രൗണ്ട് ഹോഗ് ഇനത്തില്‍ പെട്ട ജീവി കൂട്ടില്‍ നിന്ന് തുരന്നെത്തിയത് ചിമ്പാന്‍സികളുടെ കൂട്ടിലേക്കാണ്. ഈ കൂട്ടിലെ ഒരു കുട്ടി ചിമ്പാന്‍സി ഗ്രൗണ്ട് ഹോഗിനെ പിടികൂടി. ഏതാനും സമയം ഇഷ്ടാനുസരണം കളിച്ച ശേഷം പിന്നീട് ഈ ജീവി രക്ഷപ്പെടാതിരിക്കാന്‍ അതിനെ നിലത്തടിച്ചു കൊന്നുകളഞ്ഞു. തുടര്‍ന്ന് അതിനെ ഒരു ടെഡ്ഡി ബിയര്‍ എന്ന പോലെ ഏതാണ്ട് ഒരു മണിക്കൂറോളം കയ്യില്‍ കൊണ്ടു നടന്നു. ഈ സംഭവം നടക്കുമ്പോള്‍ അതിന് സാക്ഷിയായി അവിടെയുണ്ടായിരുന്നത് സ്കൂള്‍ കുട്ടികളായിരുന്നു. അവര്‍ക്കൊപ്പമുണ്ടായിരുന്ന അധ്യാപകര്‍ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ നിസ്സഹായനായിരുന്നുവെന്നും ഇയാള്‍ കുറിച്ചു.

മൃഗശാലയിലെ വിഷമം പിടിച്ച ജോലി

zookeepers-reveal-the-dark-lowdown-dirty-inside-secrets-of-zoos2

അതേസമയം ഈ പേജില്‍ അനുഭവം പങ്കുവച്ചവരെല്ലാം ഒരേ പോലെ വിഷമം പിടിച്ചതെന്ന് പറയുന്ന ഒരു ജോലിയുണ്ട്. ഒരാള്‍ തമാശയ്ക്ക് പറഞ്ഞത് പോലെ സിംഹത്തെ പല്ല് തേപ്പിയ്ക്കേണ്ടി വന്നാല്‍ അതുപോലും ഞാന്‍ ഈ ജോലിയിലും സന്തോഷത്തോടെ ചെയ്യുമെന്നാണ്  ആ ജോലി മറ്റൊന്നുമല്ല ജീവികളുടെ മാലിന്യം നീക്കുകയെന്നതാണ്. അതും ആനയോ സിംഹങ്ങളോ പോലുള്ള ജീവികളുടെ അല്ല. മറിച്ച് ഹിപ്പപ്പൊട്ടാമസ്, വലിയ ആമകള്‍ തുടങ്ങിയവയുടെ മാലിന്യമാണ് പലപ്പോഴും കുഴയ്ക്കുന്നതെന്ന് ഇവര്‍ പറയുന്നു.

ഇതിലും വിഷം പിടിച്ചതും, മനം പുരട്ടുന്നതുമായി ഒരു ജോലി കൂടിയുണ്ട്. അത് പക്ഷേ വലിയ അക്വേറിയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രം നേരിടേണ്ടി വരുന്ന പ്രശ്നമാണ്. അത്തരം അക്വേറിയങ്ങളില്‍ ജീവികളുടെ പ്രത്യുൽപാദനത്തിനായി ഇണ ചേര്‍ക്കലുകള്‍ നടക്കാറുണ്ട്. എന്നാല്‍ തിമിംഗലങ്ങള്‍ പോലുള്ള വലിയ ജീവികളെ ഇതിനായി മറ്റ് ടാങ്കുകളിലേക്ക് മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഈ സാഹചര്യത്തില്‍ കൃത്രിമമായാണ് ബീജസങ്കലനം നടത്തുക. പ്രത്യേക പരിശീലനം നൽകിയാണ് ജോലിക്കാരെ ഇതിനായി നിയോഗിക്കുക. ആൺ തിമിംഗലങ്ങളില്‍ നിന്ന് ബീജം ശേഖരിച്ച് പെണ്‍ തിമിംഗലങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്.  തിമിംഗലങ്ങളില്‍ നിന്ന് ബീജം ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ പ്രവർത്തിയാണ്. ഈ പ്രവര്‍ത്തിയോളം വരില്ല മറ്റ് ജീവികളുടെ മാലിന്യം നീക്കുന്നതെന്ന് മറ്റ് മൃഗശാല ജീവനക്കാരും സമ്മതിക്കുന്നു.

ജീവി പുറത്തു ചാടിയാലും പ്രവര്‍ത്തിക്കുന്ന മൃഗശാലകള്‍

സാധാരണ ഗതിയില്‍ ഏതെങ്കിലും ഒരു ജീവി പുറത്തു ചാടിയാല്‍ അത് മൃഗശാല തുറക്കുന്നതിന് മുന്‍പുള്ള സമയമാണെങ്കില്‍ ആ ജീവിയെ കണ്ടെത്തും വരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കരുതെന്നാണ് ചട്ടം. എന്നാല്‍ രക്ഷപ്പെട്ടത് ഏതെങ്കിലും ചെറി ജീവികളാണെങ്കില്‍ പല മൃഗശാലകളും ഈ ചട്ടം പാലിക്കാറില്ല. കുരങ്ങനോ കുറുക്കനോ ഇഴജന്തുക്കളോ ഒക്കെയാണ് പുറത്തിറങ്ങിയതെങ്കിലും പല മൃഗശാലകളും തുറന്നു പ്രവര്‍ത്തിക്കും. സന്ദര്‍ശകര്‍ മറ്റ് മൃഗങ്ങളെ കാണുമ്പള്‍ നടത്തിപ്പുകാര്‍ കാണാതായ ജീവിയെ അന്വേഷിക്കും. അതേസമയം രക്ഷപ്പെട്ടതില്‍ വിഷമുള്ള പാമ്പുകളോ മറ്റോ ഉണ്ടെങ്കില്‍ അത് സന്ദര്‍ശകര്‍ക്ക് അപകടകരമായി ഇത്തരം സന്ദര്‍ഭങ്ങളില്‍ മാറിയേക്കാം.

Lion

അതേസമയം മൃഗശാലയുടെ പ്രവര്‍ത്തന സമയത്തിനിടയിലാണ് ഒരു ജീവി പുറത്തുചാടുന്നത് എന്ന് കരുതുക. അപ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റൊരു ഉപയോക്താവ് വിശദമായി പറയുന്നുണ്ട്. മിക്ക ജീവികളെയും ആദ്യം മയക്കി പിടികൂടാനാകും ശ്രമിക്കുകയെന്ന് ഇയാള്‍ പറയുന്നു. സിംഹങ്ങളെയും, കടുവകളെയും എന്തിന് സില്‍വര്‍ ബാക്ക് ഗൊറില്ലകളെ പോലും മയക്കുവെടി വച്ച് പിടികൂടാനാണ് ആദ്യം ശ്രമിക്കുക. എന്നാല്‍ പുറത്ത് ചാടിയ ജീവിക്ക് ഏതെങ്കിലും തരത്തിലുള്ള മോശമായ ചരിത്രമുണ്ടെങ്കില്‍ അതിനെ വെടിവച്ച് കൊല്ലുകയെന്നതാണ് മൃഗശാലകളിലെ നിര്‍ദ്ദേശം എന്നും ഇയാള്‍ വിശദീകരിക്കുന്നു.

മൃഗശാലയുടെ പ്രവര്‍ത്തന സമയത്ത് ജീവി പുറത്തു ചാടിയാല്‍ മനുഷ്യര്‍ എന്തുചെയ്യണം എന്നുള്ളതും നിര്‍ദ്ദേശങ്ങളിലുണ്ട്. ഈ സമയത്ത് മൃഗശാലയിലെ ജോലിക്കാരോ പ്രവര്‍ത്തകരോ പറയുന്നത് അതേ പോലെ പിന്തുടരുക എന്നതാണ് ഇയാളുടെ നിര്‍ദ്ദേശം. സാധാരണ ഗതിയില്‍ ഏറ്റവും അടുത്തുള്ള മുറികളിലേക്ക് പ്രദേശത്തുള്ളവരെ മാറ്റി സുരക്ഷിതരാക്കുകയാണ് ചെയ്യുക. എന്നാല്‍ ഈ സമയത്ത് നിര്‍ദ്ദേശം അനുസരിക്കാതെ പുറത്തു തന്നെ തുടരുന്നവര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കുന്നുണ്ട്. അതായത് അവര്‍ക്കുള്ള സമയം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നീട് മൃഗശാല അധികൃതര്‍ മുറിക്കുള്ളിലുള്ളവരുടെ സംരക്ഷണം മുന്നില്‍ കണ്ട് വാതിലുകള്‍ അടയ്ക്കും. പിന്നീട് ജീവിയെ പിടികൂടും വരെ അത് തുറക്കില്ല. ഈ സാഹചര്യത്തില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്ക് സംഭവിക്കുന്ന അപകടത്തിന്  മൃഗശാല അധികൃതര്‍ക്ക് ഉത്തരവാദിത്തമില്ലെന്നും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു.

English Summary: Zookeepers Reveal The Dark, Low-Down, Dirty Inside Secrets Of Zoos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com