ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ പോലും ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ബംഗ്ലാദേശിലെ ധാക്കയിലേക്ക് ഒരു പശുവിനെ കാണാനെത്തുന്നത്.  കാരണം ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുവാണിത്. ധാക്കയിലെ ഷികോർ അഗ്രോ ഫാമിലാണ് റാണി എന്നു പേരുള്ള 'കുള്ളൻ' പശുവുള്ളത്. 

 

Thousands Flock To See 23-Month-Old Dwarf Cow "Rani" In Bangladesh
Image Credit: AFP

ഏകദേശം രണ്ടു വയസ്സ് പ്രായമായിട്ടും കേവലം 51 സെന്റിമീറ്റർ മാത്രമാണ് റാണിയുടെ ഉയരം. അതായത് ഒരു ആട്ടിൻകുട്ടിയോളം വലുപ്പം മാത്രം. നീളമാകട്ടെ 66 സെൻറീമീറ്ററും ,26 കിലോഗ്രാമാണ് ഭാരം. നിലവിൽ  ഏറ്റവും വലുപ്പം കുറഞ്ഞ പശുവിനുള്ള റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്ന കേരളത്തിലുള്ള  മാണിക്യനേക്കാൾ 10 സെൻറീമീറ്റർ ഉയരം കുറവാണ് റാണിക്ക്. വെച്ചൂർ ഇനത്തിൽപ്പെട്ട മാണിക്യന്റെ ഉയരം 61  സെൻറീമീറ്ററാണ് . 

Thousands Flock To See 23-Month-Old Dwarf Cow "Rani" In Bangladesh
Image Credit: AFP

 

റാണിയെ കുറിച്ച് കേട്ടറിഞ്ഞ് ദൂരെയുള്ള സ്ഥലങ്ങളിൽ നിന്ന് പോലും  ഫാമിലേക്ക് ആളുകളുടെ ഒഴുക്കാണെന്ന് ഫാമിന്റെ മാനേജറായ ഹസ്സൻ പറയുന്നു. മൂന്നുദിവസംകൊണ്ട് പതിനയ്യായിരത്തിൽ പരം ആളുകൾ ഇവിടെയെത്തി കഴിഞ്ഞു. സന്ദർശകരുടെ തിരക്ക് മൂലം വാസ്തവത്തിൽ ഫാമിലെ ജീവനക്കാർക്ക് ഇപ്പോൾ രാപകലില്ലാതെ അധ്വാനമാണ്. റാണിയുടെ ഉയരത്തെക്കുറിച്ച് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതരെ അറിയിച്ചിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ  ഔദ്യോഗിക  അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹസ്സൻ വ്യക്തമാക്കി. 

 

ഭൂട്ടാനിൽ നിന്നെത്തിച്ച ഭൂട്ടി ഇനത്തിൽപ്പെട്ട പശുവാണ് റാണി . ഇതേ ഇനത്തിൽപ്പെട്ട ഫാമിലെ മറ്റ് പശുക്കളെല്ലാം റാണിയെക്കാൾ രണ്ടിരട്ടി വലുപ്പമുള്ളവയാണ്. 23 മാസം  പ്രായം പിന്നിട്ട സ്ഥിതിക്ക് ഇനി റാണിക്ക് വലുപ്പം വയ്ക്കാനുള്ള സാധ്യത തീരെയില്ലെന്ന്  ഗവൺമെന്റ് മൃഗ ഡോക്ടറായ സജേദുൽ ഇസ്ലാം പറയുന്നു. എന്നാൽ ഫാമിലേക്ക് കൂടുതൽ സന്ദർശകരെ  അനുവദിക്കുന്നത് മൃഗങ്ങളിലേക്ക് രോഗം പകരാൻ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

English Summary: Thousands Flock To See 23-Month-Old Dwarf Cow "Rani" In Bangladesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com