ADVERTISEMENT

അമേരിക്കയിലെ മൊണ്ടാനയിൽ ക്യാംപിങ് നടത്തുകയായിരുന്ന 65 കാരിയെ കൊലപ്പെടുത്തിയ കരടിയെ വെടിവെച്ചു കൊന്നതായി അധികൃതർ. ഒവാണ്ടോ എന്ന പ്രദേശത്തെ ക്യാംപിങ് സൈറ്റിലെ ടെന്റിനുള്ളിൽ നിന്നു ലിയ ഡേവിസ് എന്ന സ്ത്രീയെ കരടി വലിച്ചു പുറത്തെത്തിച്ച് കൊല്ലുകയായിരുന്നു. നഴ്സായിരുന്ന ലിയ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഇവിടേക്കെത്തിയത്. തവിട്ടുനിറമുള്ള ഗ്രിസ്‌ലി ഇനത്തിൽപ്പെട്ട കരടിയെയാണ് വെടിവെച്ചുകൊന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കരടി ലിയയെ ആക്രമിച്ചത്. അതിനുശേഷം വ്യാഴാഴ്ചയും സമീപപ്രദേശത്തുള്ള മറ്റൊരു വീട്ടിൽ കരടിയെത്തിയിരുന്നു. വാതിലിൽ പതിഞ്ഞ കാൽനഖത്തിന്റെ പാടുകൾ പരിശോധിച്ചപ്പോഴാണ് കരടിയുടേതാണന്നു തിരിച്ചറിഞ്ഞത്. ഇതോടെ കരടിയെ പിടികൂടുന്നതിനായി അധികൃതർ കെണിയൊരുക്കി. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് കെണിക്കു സമീപമെത്തിയ കരടിയെ വെടിവച്ചുകൊന്നത്. കരടിക്ക് 181 കിലോഗ്രാമാണ് ഭാരം.

കരടിയുടെ വലുപ്പവും നിറവുമെല്ലാം കണക്കിലെടുക്കുമ്പോൾ ലിയയെ ആക്രമിച്ചുകൊന്ന കരടി തന്നെയാണിതെന്ന ഉറച്ച വിശ്വാസത്തിലാണ് തങ്ങളെന്ന് മൊണ്ടാന ഫിഷ്, വൈൽഡ് ലൈഫ് ആൻഡ് പാർക്സിലെ ഉദ്യോഗസ്ഥനായ ഗ്രെഗ് ലെമൺ വ്യക്തമാക്കി. ലിയയെ ആക്രമിച്ച സ്ഥലത്തുനിന്നും ലഭിച്ച കാൽപ്പാടുകളും കെണിക്ക് സമീപത്തു നിന്നും കണ്ടെത്തിയ കാൽപ്പാടുകളും ഒന്നു തന്നെയാണ്.

ചൊവ്വാഴ്ച പുലർച്ചെ ലിയയുടെ നിലവിളികേട്ട് സമീപത്തെ ക്യാംപിലുണ്ടായിരുന്നവരാണ് അടിയന്തര സർവീസിനെ വിവരമറിയിച്ചത്. കരടിയെ തുരത്താനായി ബെയർ സ്പ്രേ ഉപയോഗിച്ചെങ്കിലും അപ്പോഴേക്കും ലിയ മരിച്ചിരുന്നു. അതിനുശേഷം നഗരത്തിലെ ഒരു വീട്ടിലെ കോഴിക്കൂട്ടിൽ നിന്നു കരടി കോഴികളെയും ഭക്ഷണമാക്കി. ആക്രമണം നടന്ന സ്ഥലത്തുനിന്നും ലഭിച്ച സാംപിളുകളുടെയും കരടിയിൽ നിന്നും ശേഖരിച്ച സാംപിളുകളുടെയും ഡിഎൻഎ പരിശോധന നടത്താനൊരുങ്ങുകയാണ് ഉദ്യോഗസ്ഥർ. ഒവാണ്ടോയിൽ മാത്രം ആയിരത്തോളം ഗ്രിസ്‌ലി കരടികളുണ്ടെന്നാണ് കണക്ക്.

English Summary: Grizzly bear shot dead after dragging woman from tent and killing her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com