ADVERTISEMENT

നീണ്ടനാളത്തെ കഠിനാധ്വാനംകൊണ്ട് സൂക്ഷിച്ചുവച്ച പണമത്രയും അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ  വിഷമത്തിലാണ് തെലുങ്കാന സ്വദേശിയായ റെഡ്യ നായ്ക് എന്ന കർഷകൻ. റെഡ്യയുടെ രണ്ടു ലക്ഷം രൂപയാണ് എലികൾ കരണ്ടു നശിപ്പിച്ചത്. ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലിരിക്കുന്ന റെഡ്യ ശസ്ത്രക്രിയയ്ക്കായി നീക്കിവച്ച പണമായിരുന്നു ഇത്.

വീട്ടിലെ അലമാരയ്ക്കുള്ളിലാണ് റെഡ്യ പണം സൂക്ഷിച്ചിരുന്നത്. 500 രൂപയുടെ നോട്ടുകൾ പല കെട്ടുകളാക്കിയ ശേഷം കോട്ടൺ ബാഗിനുള്ളിൽ കെട്ടിയാണ് വച്ചിരുന്നത്. എന്നാൽ ഇവയിൽ ഒറ്റ നോട്ട് പോലും ഉപയോഗിക്കാനാവാത്ത രീതിയിൽ എലികൾ നശിപ്പിക്കുകയായിരുന്നു. പച്ചക്കറി വിൽപനയിൽ നിന്നും സമ്പാദിച്ച പണവും ബന്ധുക്കളിൽ നിന്നും കടം വാങ്ങിയതും ചേർത്താണ്  രണ്ടുലക്ഷം രൂപ റെഡ്യ സ്വരുക്കൂട്ടിയത്. വീട്ടിൽ എലി ശല്യമുണ്ടെങ്കിലും അവ ഇത്രയും വലിയ ഒരു ചതി ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് റെഡ്യ പറയുന്നു.. 

അൽപം ഭാഗമെങ്കിലും ബാക്കിയുള്ള നോട്ടുകൾ  ശേഖരിച്ച് മാറ്റിയെടുക്കാനായി ബാങ്കുകളെ സമീപിച്ചെങ്കിലും ഈ അവസ്ഥയിലുള്ള നോട്ടുകൾ സ്വീകരിക്കാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. ഹൈദരാബാദിലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫിസിനെ സമീപിച്ച് അവസ്ഥ ബോധിപ്പിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നിർദേശം. ഏറെ മുഷിഞ്ഞതോ കീറിയതോ കത്തിയതോ ആയ നോട്ടുകൾ ബാങ്കുകൾക്ക് മാറ്റി നൽകാമെന്ന് മുൻപ് ആർബിഐ നിർദേശം നൽകിയിരുന്നു. എന്നാൽ എലി കരണ്ട  നോട്ടുകൾ ആ വിഭാഗത്തിൽ ഒന്നും പെട്ടിരുന്നില്ല.

റെഡ്യയുടെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ  ഒടുവിൽ തെലുങ്കാനയുടെ ട്രൈബൽ വിമൻ ആൻഡ് ചൈൽഡ് വെൽഫെയർ മന്ത്രിയായ സത്യവതി റാത്തോഡ് സഹായവുമായി രംഗത്തെത്തി. റെഡ്യ നിലവിൽ ചികിത്സ തേടുന്ന ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ ചെയ്യാനുള്ള പണം നൽകാമെന്ന ഉറപ്പാണ് മന്ത്രി നൽകിയിരിക്കുന്നത്. ചികിത്സയ്ക്കുള്ള പണത്തിനു പുറമെയും മന്ത്രി റെഡ്യ സാമ്പത്തിക സഹായം എത്തിച്ചു നൽകി.

 English Summary: Rats Nibble Rs 2 Lakh Cash Saved By Telangana Farmer For Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com